റഷ്യയില്‍ വാട്സാപ്പിന് രാജ്യവ്യാപകമായി വിലക്ക് ഏര്‍പ്പെടുത്തി. ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയും റഷ്യന്‍ സര്‍ക്കാരും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഈ നിര്‍ണ്ണായക നീക്കം. വാട്സാപ്പ് ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം എടുത്തതായും അത് നടപ്പിലാക്കിയതായും ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് 2026 ഫെബ്രുവരി 12-ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ റഷ്യയില്‍ വാട്ട്സാപ്പിന്റെ സേവനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
രാജ്യത്തെ ഇന്റര്‍നെറ്റ് റെഗുലേറ്ററായ റോസ്കോം നാഡ്സര്‍ ഔദ്യോഗിക ഓണ്‍ലൈന്‍ സേവന രജിസ്ട്രിയില്‍ നിന്ന് വാട്സാപ്പിനെ നീക്കം ചെയ്തു. ഇതോടെ റഷ്യയില്‍ ആപ്പിന്റെ മൊബൈല്‍ പതിപ്പും വെബ് പതിപ്പും നേരിട്ട് ലഭ്യമാകില്ലെന്ന് ഉറപ്പായി. വിപിഎന്‍ സേവനങ്ങള്‍ ഉപയോഗിക്കാതെ ഇനിമുതല്‍ വാട്സാപ്പ് ആക്സസ് ചെയ്യാന്‍ സാധിക്കില്ല.
നിയമങ്ങള്‍ പാലിക്കുന്നില്ല
റഷ്യന്‍ നിയമവ്യവസ്ഥയോട് മെറ്റ കാണിക്കുന്ന വിമുഖതയാണ് നിരോധനത്തിന് പിന്നിലെ പ്രധാന കാരണമായി അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഉപഭോക്താക്കളുടെ പ്രാദേശിക വിവരങ്ങള്‍ റഷ്യയില്‍ തന്നെ സംഭരിക്കണമെന്ന നിയമം പാലിക്കാത്തതും, വഞ്ചന, തീവ്രവാദം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ സര്‍ക്കാരുമായി വിവരങ്ങള്‍ പങ്കിടാന്‍ വിസമ്മതിച്ചതുമാണ് കര്‍ശന നടപടിയിലേക്ക് ക്രെംലിനെ നയിച്ചത്.
വാട്സാപ്പ് നിരോധിച്ചതിന് പിന്നാലെ രാജ്യത്തിന്റെ സ്വന്തം 'സൂപ്പര്‍ ആപ്പായ' മാക്സിനെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ റഷ്യന്‍ സര്‍ക്കാര്‍ ശക്തമാക്കി. വികെ വികസിപ്പിച്ചെടുത്ത ഈ ആപ്പ്, സന്ദേശമയയ്ക്കല്‍ മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ ഒരു കുടക്കീഴില് ലഭ്യമാക്കുന്നു.
മാക്സിലൂടെ എല്ലാം
മെസേജിംഗ്, വീഡിയോ കോളുകള്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ സംയോജിപ്പിച്ചാണ് മാക്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 2025 അവസാനത്തോടെ രാജ്യത്ത് വില്‍ക്കുന്ന എല്ലാ സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ഈ ആപ്പ് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
അതേസമയം, മാക്സിന് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം ഇല്ലാത്തത് വലിയ സുരക്ഷാ ആശങ്കകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് അധികാരികളെ സഹായിക്കുമെന്ന് ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്കുന്നു. രാജ്യത്തിന്റെ 'ഡിജിറ്റല്‍ പരമാധികാരം' ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയുടെ ഈ നീക്കങ്ങള്‍. വാട്സാപ്പിന് പുറമെ മറ്റ് പ്ലാറ്റ്ഫോമുകള്‍ക്കും റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കുറ്റകരമായ ഉള്ളടക്കങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരി മുതല്‍ ടെലിഗ്രാമിനും ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങി. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ് (ട്വിറ്റര്‍) എന്നിവ നേരത്തെ തന്നെ റഷ്യയില്‍ നിരോധിച്ചിരുന്നു. ബിബിസി ഉള്‍പ്പെടെയുള്ള രാജ്യാന്തര വാര്‍ത്താ വെബ്സൈറ്റുകള്‍ക്കും ടോര്‍ ബ്രൗസര്‍ പോലുള്ള ടൂളുകള്‍ക്കും നാഷണല്‍ സിസ്റ്റം ഓഫ് ഡൊമെയ്ന്‍ നെയിംസ് വഴി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി
റഷ്യന്‍ വാണിജ്യ മേഖലയില്‍ വെറുമൊരു അസൗകര്യമായി തുടങ്ങിയ വാട്സാപ്പ് നിരോധനം ഇപ്പോള്‍ മറികടക്കാനാവാത്ത വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുന്നു. രാജ്യത്തെ ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ഈ നിയന്ത്രണം സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ഉപഭോക്തൃ ആശയവിനിമയം, ചരക്ക് നീക്കം, ആഭ്യന്തര കാര്യങ്ങള്‍ എന്നിവയ്ക്കായി റഷ്യന്‍ ബിസിനസ് സ്ഥാപനങ്ങള്‍ വാട്സാപ്പിനെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. പെട്ടെന്നുള്ള നിരോധനം ഇവരുടെ പ്രവര്‍ത്തനങ്ങളെ പാടെ തളര്‍ത്തി. ടെലിഗ്രാം അല്ലെങ്കില്‍ സര്‍ക്കാര്‍ പിന്തുണയുള്ള 'മാക്സ്' പോലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് ബിസിനസ് മാറ്റുന്നത് വലിയ സമയനഷ്ടത്തിനും സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നു. നിലവില്‍ ടെലഗ്രാമും കടുത്ത നിയന്ത്രണങ്ങള്‍ നേരിടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
രാജ്യാന്തര വിപണിയില്‍ ഒറ്റപ്പെടുന്നു
വിദേശ പങ്കാളികളുമായി ബിസിനസ് നടത്തുന്നവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടി. ലോകമെമ്പാടുമുള്ള ബിസിനസ് പങ്കാളികള്‍ വാട്സാപ്പ് ഉപയോഗിക്കുന്നത് തുടരുമ്പോള്‍, റഷ്യന്‍ വ്യാപാരികള്‍ക്ക് ആശയവിനിമയം നടത്താന്‍ വിശ്വസനീയമല്ലാത്ത വിപിഎന്നുകളെ ആശ്രയിക്കേണ്ടി വരുന്നു. വോയ്സ്-വീഡിയോ കോളുകളുടെയും ഗ്രൂപ്പ് കോര്‍ഡിനേഷന്‍ ടൂളുകളുടെയും അഭാവം ബിസിനസ്സ് വേഗത കുറയ്ക്കുകയും ഉപഭോക്താക്കളുമായുള്ള ബന്ധം സങ്കീര്‍ണ്ണമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് ബിസിനസ്സ് നടത്തിപ്പിനുള്ള ചിലവ് ഗണ്യമായി വര്‍ദ്ധിപ്പിച്ചു.
ചുരുക്കത്തില്‍, വെറുമൊരു സാങ്കേതിക നിയന്ത്രണമെന്നതിലുപരി റഷ്യന്‍ വിപണിയുടെ നട്ടെല്ലൊടിക്കുന്ന സാമ്പത്തിക തടസ്സമായി വാട്സാപ്പ് നിരോധനം മാറിക്കഴിഞ്ഞു.
Content Highlights: Russia has imposed a nationwide ban on WhatsApp