'അമേരിക്കന്‍ വിരുദ്ധ'മെന്ന് ട്രംപ്; ഡിജിറ്റല്‍ കറന്‍സി ഡോളറിനെ പിന്നിലാക്കുമോ?

ബ്രിക്‌സ് ഉച്ചകോടിയില്‍ ഡിജിറ്റല്‍ കറന്‍സിക്ക് പ്രാമുഖ്യം നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം

ഡോളറിന് പകരം ബ്രിക്‌സ് ഡിജിറ്റല്‍ കറന്‍സിയെ പരിഗണിക്കണമെന്ന് ആര്‍ബിഐ. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഡിജിറ്റല്‍ കറന്‍സിക്ക് പ്രാമുഖ്യം നല്‍കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.

2026 ലെ ബ്രിക്സ് ഉച്ചകോടിയുടെ അജണ്ടയില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികളെ ബന്ധിപ്പിക്കുന്ന ഒരു നിര്‍ദ്ദേശം ഉള്‍പ്പെടുത്തണമെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ശുപാര്‍ശ അംഗീകരിക്കപ്പെട്ടാല്‍ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കാകും. ആര്‍ബിഐ ഈ പുതിയ നിര്‍ദേശത്തോടെ ഇന്ത്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചക്കോടി വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. ബ്രിക്‌സ് ഉച്ചകോടിയുടെ അജണ്ടയില്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സികള്‍ ഒരു പ്രധാന വിഷയമായി ഉയര്‍ന്നുവന്നേക്കാം. ബ്രിക്സ് സംഘടനയില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.

ഡോളറിനെ മറികടക്കാനുള്ള ഏതൊരു നീക്കത്തിനെതിരെയും യുഎസ് രംഗത്ത് വന്നേക്കാം. ഇന്ത്യയും, ചൈനയും ഉള്‍പ്പെട്ട കൂട്ടായ്മ ഡോളറില്‍ നിന്ന് അകലുന്നത് യുഎസിന് കടുത്ത തിരിച്ചടിയാകും. ബ്രിക്സ് സഖ്യം 'അമേരിക്കന്‍ വിരുദ്ധ'മാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ബ്രിക്‌സ് അംഗങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതിന്റെ സമ്മര്‍ദം ഇതിനോടകം യുഎസിനുണ്ട്. ആര്‍ബിഐയുടെ നീക്കം അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയും കൂടുതല്‍ ശക്തമാകും. ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സിയായ ഇ-റുപ്പി 2022 ഡിസംബറിലാണ് ആരംഭിച്ചത്. ഇതിന് ശേഷം ഏകദേശം ഏഴുപത് ലക്ഷത്തോളം റീട്ടെയ്ല്‍ ഉപയോക്താക്കള്‍ ഇത് ഉപയോഗിച്ചു വരുന്നുണ്ട്.

അതിര്‍ത്തി കടന്നുള്ള വ്യാപാര, ടൂറിസം പേയ്മെന്റുകള്‍ എളുപ്പമാക്കുന്നതിന് ഡിജിറ്റല്‍ കറന്‍സികള്‍ ഉപയോഗപ്രദമാവും. ലോകം മുഴുവന്‍ യുഎസ് ഡോളറിലെ ആശ്രയത്വം കുറയ്ക്കാനുള്ള ശ്രമത്തിലാണ്. ഈയവസരത്തില്‍ ബ്രിക്സ് രാജ്യങ്ങള്‍ അവരുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സികള്‍ ബന്ധിപ്പിക്കണമെന്നാണ് ആര്‍ബിഐയുടെ നിര്‍ദേശം.

Content Highlights: Include digital currency link on BRICS agenda says RBI

To advertise here,contact us