ഇന്ത്യയുടെ അരി കയറ്റുമതിയില് വന് വര്ധന. 2025 ല് കയറ്റുമതി 19.4% ഉയര്ന്ന് രണ്ടാമത്തെ ഏറ്റവും ഉയര്ന്ന നിരക്കിലെത്തി. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ തായ്ലന്ഡും വിയറ്റ്നാമും അരി കയറ്റുമതിയില് നിയന്ത്രണം ഏര്പ്പെടുത്തിയത് ഇന്ത്യക്ക് ഗുണകരമായി. മാര്ച്ചില് കേന്ദ്ര സര്ക്കാര് കയറ്റുമതി നിയന്ത്രണങ്ങള് നീക്കിയിരുന്നു. എന്നാല് അരിവില 10 വര്ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലയിലെത്തി. ഇത് ആഫ്രിക്ക ഉള്പ്പെടുന്ന സാമ്പത്തിക ഞെരുക്കം നേരിടുന്ന രാജ്യങ്ങള്ക്ക് ഗുണകരമായി.
കേന്ദ്ര സര്ക്കാര് കയറ്റുമതി നിയന്ത്രണങ്ങള് നീക്കിയതോടെ ഇന്ത്യന് അരി കയറ്റുമതി വേഗത്തില് തിരിച്ചുവന്നു. റെക്കോര്ഡ് ഉല്പാദനത്തോടെ വിതരണത്തില് പുരോഗതി സംഭവിച്ചു. 2022 ലും 2023 ലും ഏര്പ്പെടുത്തിയിരുന്ന കയറ്റുമതി നിയന്ത്രണങ്ങളില് അവസാനത്തേതും ഇന്ത്യ പിന്വലിച്ചിരുന്നു. 2024 ല് 18.05 ദശലക്ഷത്തില് നിന്ന് കയറ്റുമതി 21.55 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്ന്നു. 2022 ലെ റെക്കോര്ഡ് 22.3 ദശലക്ഷം ടണ്ണിനടുത്തെത്തി. ബസ്മതി ഇതര അരി കയറ്റുമതി 25% വര്ദ്ധിച്ച് 15.15 ദശലക്ഷം ടണ്ണിലെത്തി. അതേസമയം ബസ്മതി അരിയുടെ കയറ്റുമതി 8% വര്ദ്ധിച്ച് 6.4 ദശലക്ഷം ടണ്ണിലെത്തി. ബംഗ്ലാദേശ്, ബെനിന്, കാമറൂണ്, ഐവറി കോസ്റ്റ്, ജിബൂട്ടി എന്നിവിടങ്ങളിലേക്ക് ബസ്മതി ഇതര അരി കയറ്റുമതി കുത്തനെ വര്ദ്ധിച്ചു. അതേസമയം ഇറാന്, യുഎഇ, ബ്രിട്ടന് എന്നിവ പ്രീമിയം ബസ്മതി അരിയുടെ വാങ്ങലുകള് ഈ വര്ഷം വര്ദ്ധിപ്പിച്ചതായാണ് കണക്കുകള്.
ലോകത്തിലെ മുന്നിര കയറ്റുമതിക്കാരായ തായ്ലന്ഡ്, വിയറ്റ്നാം, പാകിസ്ഥാന് എന്നിവയുടെ മൊത്തം കയറ്റുമതിയേക്കാള് കൂടുതല് അരി ഇന്ത്യ കയറ്റുമതി ചെയ്യുന്നു. ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട വിപണി വിഹിതം വീണ്ടെടുക്കാന് കുറഞ്ഞ വില സഹായിക്കുന്നുവെന്ന് ഇന്ത്യ ഇന്റര്നാഷണല് റൈസ് ഉച്ചകോടിയില് പങ്കെടുത്ത് ഓലം അഗ്രി ഇന്ത്യയിലെ സീനിയര് വൈസ് പ്രസിഡന്റ് നിതിന് ഗുപ്ത പറഞ്ഞു.
അരി കയറ്റുമതിയില് ഇന്ത്യയുടെ ശക്തിക്ക് പല കാരണങ്ങളുണ്ട്. വിശാലമായ നെല്ക്കൃഷി ഇടങ്ങള്, ഒന്നിലധികം വിളവെടുപ്പുകള്ക്ക് അനുകൂലമായ കാലാവസ്ഥ, ബസ്മതി, പാകം ചെയ്ത ധാന്യങ്ങള്, സുഗന്ധമില്ലാത്ത ധാന്യങ്ങള് തുടങ്ങിയ വ്യത്യസ്ത തരം അരിയുടെ ലഭ്യത എന്നിവ ഇതില് എടുത്തു പറയേണ്ടതാണ്. ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങള് അരിയിലും വ്യത്യസ്ത കൊണ്ടുവരുന്നു. ലോകത്തെ സംബന്ധിച്ച് ഇന്ത്യ വൈവിധ്യമാര്ന്നതും, ആശ്രയിക്കാവുന്നതുമായ അരി വിതരണക്കാരാണ്.
താങ്ങാനാവുന്ന വിലനിര്ണ്ണയവും, ഇന്ത്യയുടെ നല്ല വ്യാപാര ബന്ധങ്ങളുമാണ് കയറ്റുമതിയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകം. അമേരിക്ക കൂടാതെ ജിസിസി രാജ്യങ്ങള്, ഇറാന്, നൈജീരിയ, തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന് അരിയുടെ പ്രധാന ഉപഭോക്താക്കള്. ട്രംപ് തീരുവ വര്ദ്ധിപ്പിക്കുന്നതിന് മുമ്പ്, ഇന്ത്യന് അരിക്ക് യു.എസ്. വിപണിയില് 10 ശതമാനം തീരുവയാണ് ഉണ്ടായിരുന്നത്. 50 ശതമാനം തീരുവ ഏര്പ്പെടുത്തിയതോടെ ഇത് വര്ധിച്ചതായാണ് റിപ്പോര്ട്ടുകള്. എന്നാല്, കയറ്റുമതിയില് വലിയ തടസ്സമൊന്നും ഉണ്ടായിട്ടില്ല. ചെലവ് വര്ദ്ധനവിന്റെ കൂടുതലും ചില്ലറ വില്പന വിലകളിലൂടെ ഉപഭോക്താക്കളാണ് വഹിക്കേണ്ടി വരുന്നത്.