ഓരോ ദിവസം കഴിയുന്തോറും സ്വര്ണവില വര്ധിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷത്തിലേക്ക് അടുക്കാന് ഏതാനും ചില ദിവസങ്ങള് മാത്രം മതിയെന്നാണ് വിപണിയില് നിന്നും മനസിലാക്കാന് സാധിക്കുന്നത്. നിരവധി കാരണങ്ങളാണ് സ്വര്ണവിലയുടെ പിന്നില്. പ്രധാനമായും അധികാരത്തിലേറിയതിനു ശേഷം ട്രംപ് അമേരിക്കയില് കൊണ്ടു വന്ന നയങ്ങള് സ്വര്ണ വിപണിയെ ബാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് മഹാരാജാസ് കോളേജിലെ എക്കണോമിക്സ് വിഭാഗം മേധാവി സന്തോഷ് ടി വര്ഗീസ്. റിപ്പോര്ട്ടര് ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിഷയത്തെ കുറിച്ച് സംസാരിച്ചത്.
'ട്രംപ് അധികാരത്തില് വന്നതോടുകൂടി അമേരിക്കയുടെ നയങ്ങള് ഇന്ത്യന് ഓഹരി വിപണിയെയും, സ്വര്ണവിലയെയുമെല്ലാം ബാധിച്ചിട്ടുണ്ട്. അമേരിക്കയുമായി സൗഹൃദത്തിലുള്ള കാനഡ, യൂറോപ്പിലെ ബ്രിട്ടനടക്കമുള്ള രാജ്യങ്ങളെല്ലാം തന്നെ വലിയ രീതിയില് പരിഭ്രാന്തിയില് ആകുകയും എല്ലാ രാജ്യങ്ങളും അവരുടെ സ്വന്തം നിലയിലേക്ക് കാര്യങ്ങള് ചെയ്യുന്ന സ്ഥിതിയിലേക്കും മാറി. അമേരിക്ക ഇറക്കുമതി ചുങ്കം വര്ധിപ്പിക്കുന്നതിന് മുമ്പ് രണ്ടര മുതല് 3 ശതമാനം വരെയായിരുന്നു നികുതി. ഇപ്പോഴത് 18 ശതമാനമായി മാറി.
അത് വ്യാപാരത്തെ സാരമായി തന്നെ ബാധിച്ചു. അതുകൊണ്ട് കഴിഞ്ഞ ഒരു അന്പത് വര്ഷത്തെ കാര്യം എടുത്തു നോക്കിയാല് ഡോളറിന് ഏറ്റവും കൂടുതല് വില കുറഞ്ഞ ഒരു വര്ഷമാണ് 2025. കഴിഞ്ഞ അന്പത് വര്ഷത്തെ ചരിത്രം എടുത്തു നോക്കുമ്പോള് 11 ശതമാനമാണ് ഡോളറിന്റെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഡോളറിന്റെ മൂല്യത്തിനും ഡോളറിന്റെ വിശ്വാസ്യതയ്ക്കും ഡോളറിന്റെ സ്വീകാര്യതയ്ക്കും വലിയ ഇടിവാണ് ഇപ്പോള് സംഭവിച്ചിരിക്കുന്നത്. 1977ല് 85 ശതമാനം ആളുകള് കരുതല് നിക്ഷേപമായി വാങ്ങിച്ചുവച്ചിരുന്നത് ഡോളറായിരിന്നു എന്നാല് ഇന്നത് 55 ശതമാനമായി കുറഞ്ഞു. ഡോളറിന്റെ പ്രാമുഖ്യം കുറയുകയാണ്. അതുകൊണ്ടു തന്നെ ആളുകള് നിക്ഷേപത്തിനായി സ്വര്ണവിലയിലേക്ക് തിരിയും.
കൂടാതെ ഭാവിയില് സ്വര്ണവില കുറയാന് സാധ്യതയുണ്ടെന്നും റിപ്പോര്ട്ടര് ഡിജിറ്റലിന് നല്കിയ അഭിമുഖത്തില് സന്തോഷ് ടി വര്ഗീസ് പറയുന്നു. സ്വര്ണവിലയുടെ ചരിത്രം എടുത്തു നോക്കുമ്പോള് ഭാവിയില് സ്വര്ണവില 50,000ത്തിന് താഴെ വരെ പോകാനുള്ള സാധ്യതയുണ്ടെന്നാണ് പ്രൊഫസര് പറയുന്നത്.'1979ല് ഒരു ഔണ്സ് സ്വര്ണത്തിന് 226 ഡോളറായിരുന്നു വില. 1988 അത് 480 യുഎസ് ഡോളറായിട്ട് ഉയര്ന്നു. 2002ല് 278 ഡോളറായി വീണ്ടും കുറഞ്ഞു. 2006വരെ 300ന് താഴെ എന്ന നിലയിലായിരുന്നു ഒരു ഔണ്സ് സ്വര്ണത്തിന് ഡോളര് വില. ഭാവിയില് വീണ്ടും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയാണെങ്കില് സ്വര്ണത്തിനോടുള്ള താല്പര്യം കുറയും അപ്പോള് സ്വര്ണത്തിലേക്ക് പോയ ആ നിക്ഷേപം എല്ലാം സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചു വരും. ആ നിക്ഷേപം സര്ക്കാരിന്റെ ബോണ്ട് എന്ന നിലയിലേക്കും ഓഹരിവിപണിയിലേക്കും തിരിച്ചെത്താന് സാധ്യതയുണ്ട്'- പ്രൊഫ. സന്തോഷ് ടി വര്ഗീസ് പറഞ്ഞു.
Content Highlights: How did America's economic policies affect the gold market?