സ്വർണവില 50,000ത്തിന് താഴെ പോകാൻ സാധ്യതയുണ്ട്, കാരണമിതാണ്; പ്രൊഫ. സന്തോഷ് ടി വർഗീസ് പറയുന്നു

സ്വര്‍ണവിലയുടെ ചരിത്രം വ്യക്തമാക്കി പ്രൊഫ. സന്തോഷ് ടി വര്‍ഗീസ്

സ്വര്‍ണവില ഓരോ ദിവസവും കുത്തനെ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. പണിക്കൂലിയില്ലാതെ ഒരു പവന്‍ സ്വര്‍ണം കിട്ടാന്‍ ഇനി അധിക സമയം വേണ്ടി വരില്ല. എന്നാല്‍ ഭാവിയില്‍ സ്വര്‍ണവില കുറയാന്‍ സാധ്യതയുണ്ടെന്ന് മഹാരാജാസ് കോളേജിലെ എക്കണോമിക്‌സ് വിഭാഗം മേധാവി പ്രൊഫ. സന്തോഷ് ടി വര്‍ഗീസ്. റിപ്പോര്‍ട്ടര്‍ ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

സ്വര്‍ണവിലയുടെ ചരിത്രം എടുത്തു നോക്കുമ്പോള്‍ ഭാവിയില്‍ സ്വര്‍ണവില 50,000ത്തിന് താഴെ വരെ പോകാനുള്ള സാധ്യതയുണ്ടെന്നാണ് പ്രൊഫസര്‍ പറയുന്നത്.'1979ല്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 226 ഡോളറായിരുന്നു വില. 1988 അത് 480 യുഎസ് ഡോളറായിട്ട് ഉയര്‍ന്നു. 2002ല്‍ 278 ഡോളറായി വീണ്ടും കുറഞ്ഞു. 2006വരെ 300ന് താഴെ എന്ന നിലയിലായിരുന്നു ഒരു ഔണ്‍സ് സ്വര്‍ണത്തിന് ഡോളര്‍ വില. ഭാവിയില്‍ വീണ്ടും സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയാണെങ്കില്‍ സ്വര്‍ണത്തിനോടുള്ള താല്പര്യം കുറയും അപ്പോള്‍ സ്വര്‍ണത്തിലേക്ക് പോയ ആ നിക്ഷേപം എല്ലാം സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചു വരും. ആ നിക്ഷേപം സര്‍ക്കാരിന്റെ ബോണ്ട് എന്ന നിലയിലേക്കും ഓഹരിവിപണിയിലേക്കും തിരിച്ചെത്താന്‍ സാധ്യതയുണ്ട്'- പ്രൊഫ. സന്തോഷ് ടി വര്‍ഗീസ് പറഞ്ഞു.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

Content Highlights: Gold price is likely to fall below 50,000, here's why says Prof Santosh T Varghese

To advertise here,contact us