വിമാനത്തിന്റെ ജനാലകളിലെ ആ ചെറിയ ദ്വാരം എന്തിനാണ്?

എന്തുകൊണ്ടാണ് വിമാനത്തിലെ ജനാലകള്‍ വട്ടത്തിലോ വളഞ്ഞ കോണുകളോടെയോ കാണപ്പെടുന്നത്?

വിമാനത്തില്‍ ജനാലയ്ക്കരികിലെ സീറ്റിലിരുന്ന് പുറത്തേക്ക് നോക്കുമ്പോള്‍ ജനാലയുടെ താഴ്ഭാഗത്ത് കാണുന്ന ഒരു ചെറിയ വൃത്താകൃതിയിലുള്ള ദ്വാരം ചിലപ്പോഴെങ്കിലും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകും-. ആകാശത്ത് ആയിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തിന്റെ ജനാലയില്‍ ഇങ്ങനെ ഒരു ദ്വാരം എന്തിനാണ്? ഇത് എന്തെങ്കിലും ഡിസൈനിന്റെ ഭാഗമാണോ?. അതോ പുറത്തുനിന്നുള്ള വായു അകത്തേക്ക് കയറാനുള്ള വഴിയോ?

എന്നാല്‍ ഇത് രണ്ടും അല്ല കാര്യം. വളരെ ചെറിയ ഈ ദ്വാരത്തിന് പിന്നില്‍ കൃത്യമായൊരു എന്‍ജിനീയറിങ് ആശയമുണ്ട്. ഇതിനെ സാധാരണയായി 'ബ്രീദര്‍ ഹോള്‍' (Breather Hole) അല്ലെങ്കില്‍ 'ബ്ലീഡ് ഹോള്‍' (Bleed Hole) എന്നാണ് വിളിക്കുന്നത്. വിമാനത്തിന്റെ ജനാലയിലെ വായുമര്‍ദം നിയന്ത്രിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു.

ഒറ്റ ജനാലയല്ല പല പാളികള്‍

വിമാനത്തിന്റെ ജനാല നമ്മള്‍ കാണുന്നതുപോലെ ഒരു കഷണം ഗ്ലാസ് മാത്രമല്ല. സാധാരണ യാത്രാവിമാനങ്ങളിലെ ജനാലകള്‍ ഒന്നിലധികം പാളികളുള്ള ഘടനയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. പുറത്തെ ഔട്ടര്‍ പെയിന്‍, അതിന് പിന്നിലെ മിഡില്‍ പെയിന്‍, യാത്രക്കാരുടെ ഭാഗത്തുള്ള ഇന്നര്‍ അല്ലെങ്കില്‍ സ്‌ക്രാച്ച് പെയിന്‍ എന്നിങ്ങനെയാണ് ജനാലകളിലെ ഗ്ലാസിന്റെ ഘടന.നമ്മള്‍ സീറ്റിലിരുന്ന് തൊടുന്ന ഏറ്റവും അകത്തെ പാളിയുടെ പ്രധാന ജോലി യാത്രക്കാരുടെ കൈ, ബാഗ് തുടങ്ങിയവകൊണ്ടുള്ള പോറലുകളില്‍ നിന്നും മറ്റുള്ള പാളികളെ സംരക്ഷിക്കുകയാണ്. യഥാര്‍ത്ഥ സമ്മര്‍ദം കൈകാര്യം ചെയ്യുന്നത് പുറത്തുള്ള ഘടനാപരമായ പാളികളാണ്.

ആ ചെറിയ ദ്വാരം എവിടെയാണ്?

നമ്മള്‍ പുറത്തുനിന്ന് നോക്കുമ്പോള്‍ കാണുന്ന ദ്വാരം യഥാര്‍ത്ഥത്തില്‍ വിമാനത്തിന്റെ പുറത്തേക്ക് തുറക്കുന്ന ഒരു വലിയ 'ഹോള്‍' അല്ല.സാധാരണയായി ഇത് മധ്യ പാളിയിലാണ് കാണപ്പെടുന്നത്. ജനാലയിലെ പാളികള്‍ക്കിടയിലുള്ള ചെറിയ ഇടവും വിമാനത്തിന്റെ കാബിനിലെ വായുമര്‍ദവും തമ്മിലുള്ള സമ്മര്‍ദം നിയന്ത്രിക്കാന്‍ ഈ ദ്വാരം സഹായിക്കുന്നു. അതായത്, ആ ചെറിയ ദ്വാരം കണ്ടിട്ട് ''വിമാനത്തിന്റെ ജനാലയില്‍ ഒരു തുളയുണ്ട്, അതിലൂടെ പുറത്തുള്ള വായു നേരിട്ട് അകത്തേക്ക് വരുന്നു'' എന്ന് കരുതേണ്ടതില്ല.

വിമാനത്തിന് ഇത്രയും പ്രഷര്‍ എന്തിന്?

വിമാനം ഉയരുന്നതിനനുസരിച്ച് പുറത്തുള്ള അന്തരീക്ഷമര്‍ദം വളരെ കുറയുന്നു. എന്നാല്‍ യാത്രക്കാര്‍ക്ക് ശ്വസിക്കാനും സാധാരണ അന്തരീക്ഷം നിലനിര്‍ത്താനും വിമാനത്തിനകത്ത് കൃത്രിമമായി വായുമര്‍ദം നിലനിര്‍ത്തുന്നു. അതുകൊണ്ട് വിമാനത്തിന്റെ അകത്തും പുറത്തും വലിയ വായുമര്‍ദ വ്യത്യാസമുണ്ടാകും. ഈ സമ്മര്‍ദ വ്യത്യാസം വിമാനത്തിന്റെ ബോഡിയിലും ജനാലകളിലും വലിയ ശക്തി ചെലുത്തുന്നു. ഇവിടെയാണ് ആ കുഞ്ഞന്‍ ദ്വാരത്തിന്റെ പ്രാധാന്യം. ബ്രീദര്‍ ഹോള്‍ ജനാലയുടെ പാളികള്‍ക്കിടയിലെ വായുമര്‍ദം കാബിനിലെ മര്‍ദവുമായി സന്തുലിതമാക്കാന്‍ സഹായിക്കുന്നു.

ഇതിന്റെ ഫലമായി വിമാനത്തിനകത്തെ ഉയര്‍ന്ന മര്‍ദത്തിന്റെ പ്രധാന സമ്മര്‍ദഭാരം പുറത്തെ ശക്തമായ പാളിക്ക് വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് ജനാലയുടെ ഘടന ക്രമീകരിച്ചിരിക്കുന്നത്. മധ്യ പാളി ഒരു അധിക സുരക്ഷാ പാളിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അതിനാല്‍, കാണാന്‍ പോലും ബുദ്ധിമുട്ടുള്ള ആ ചെറിയ ദ്വാരം യഥാര്‍ത്ഥത്തില്‍ ജനാലയെ ദുര്‍ബലമാക്കാനല്ല, മറിച്ച് അതിന്റെ സുരക്ഷാ രൂപകല്‍പ്പനയുടെ ഭാഗമായാണ് അവിടെ നല്‍കിയിരിക്കുന്നത്.

പുറത്തെ പാളിക്ക് എന്തെങ്കിലും സംഭവിച്ചാല്‍?

വളരെ അപൂര്‍വമായ സാഹചര്യത്തില്‍ ജനാലയുടെ പുറത്തെ ഘടനാപരമായ പാളിക്ക് കേടുപാടുണ്ടായാലും മറ്റൊരു പാളി ബാക്കപ്പായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ സംവിധാനത്തിന്റെ രൂപകല്‍പ്പന. അതാണ് വിമാന എന്‍ജിനീയറിങ്ങിലെ പ്രധാന ആശയം-ഒരു ഭാഗത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ മറ്റൊരു ഭാഗം സുരക്ഷ ഉറപ്പാക്കണം. ജനാലയുടെ പല പാളികളും അതേ ആശയത്തിന്റെ ഭാഗമാണ്.

ജനാല മങ്ങാതിരിക്കാനും സഹായിക്കും

ഈ ചെറിയ ദ്വാരത്തിന് മറ്റൊരു പ്രയോജനവുമുണ്ട്. വിമാനം കൂടുതല്‍ ഉയരത്തില്‍ പറക്കുമ്പോള്‍ പുറത്തുള്ള താപനില വളരെ താഴ്ന്നതായിരിക്കും. ജനാലയുടെ പുറത്തുള്ള ഭാഗം അതിനനുസരിച്ച് വളരെ തണുക്കും. അകത്തുള്ള ചൂടും ഈര്‍പ്പവുമുള്ള വായുവുമായി ഈ താപവ്യത്യാസം കൂടുമ്പോള്‍ ജനാലയുടെ പാളികള്‍ക്കിടയില്‍ ഈര്‍പ്പം കെട്ടിക്കിടക്കാനും മഞ്ഞോ മൂടല്‍മഞ്ഞോ രൂപപ്പെടാനും സാധ്യതയുണ്ട്. ബ്രീദര്‍ ഹോള്‍ പാളികള്‍ക്കിടയിലെ വായുവിനെയും ഈര്‍പ്പത്തെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ ജനാലയ്ക്കിടയില്‍ അമിതമായി മങ്ങല്‍ ഉണ്ടാകുന്നത് കുറയ്ക്കാനും ഇത് സഹായിക്കുന്നു.

എന്തുകൊണ്ടാണ് വിമാനത്തിലെ ജനാലകള്‍ വട്ടത്തിലോ വളഞ്ഞ കോണുകളോടെയോ കാണപ്പെടുന്നത്?

വിമാനത്തിന്റെ ജനാലകള്‍ക്ക് സാധാരണയായി ചതുരാകൃതിയിലുള്ള മൂര്‍ച്ചയുള്ള കോണുകള്‍ കാണില്ല. പകരം വൃത്താകൃതിയിലോ വളഞ്ഞ കോണുകളായിരിക്കും ഉണ്ടാവുക. കാരണം വിമാനത്തിനകത്തും പുറത്തുമുള്ള വായുമര്‍ദ വ്യത്യാസം മൂലമുണ്ടാകുന്ന സമ്മര്‍ദം ഒരിടത്ത് അമിതമായി കേന്ദ്രീകരിക്കുന്നത് ഒഴിവാക്കാന്‍ വളഞ്ഞ ആകൃതി സഹായിക്കുന്നു. മൂര്‍ച്ചയുള്ള കോണുകളില്‍ സമ്മര്‍ദം കൂടുതല്‍ കേന്ദ്രീകരിക്കാനുള്ള സാധ്യതയുള്ളതിനാലാണ് വിമാന ജനാലകളുടെ രൂപകല്‍പ്പനയില്‍ വളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.

Content Highlights :Why is there a hole like this in the window of an airplane flying thousands of feet up in the sky?

To advertise here,contact us