സാന്‍ ഫ്രാന്‍സിസ്‌കോ വരെ പോയേച്ചും വന്നാലോ; ഇന്ത്യയിലെ സാന്‍ഫ്രാന്‍സിസ്‌കോ എവിടെയാണെന്ന് അറിയാമോ?

ഇന്ത്യയിലെ സാന്‍ഫ്രാന്‍സിസ്‌കോ എന്നറിയപ്പെടുന്ന സ്ഥലം ഏതാണ്?

മനോഹരമായ പ്രകൃതി സൗന്ദര്യത്തിനും അനുകൂലമായ കാലാവസ്ഥയ്ക്കും പേരുകേട്ട രാജ്യമാണ് നമ്മുടേത്. ഊര്‍ജ്ജസ്വലമായ നിറങ്ങള്‍, വൈവിധ്യമായ സംസ്‌കാരങ്ങള്‍, രുചികരമായ ഭക്ഷണം എന്നിവയെല്ലാം ഇന്ത്യയെ വ്യത്യസ്തമാക്കുന്നു. മനോഹരമായ പ്രകൃതി ദ്യശ്യങ്ങളും ചരിത്ര സ്മാരകങ്ങളും കാണാന്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ഇവിടെ എത്തുന്നു. ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ അന്താരാഷ്ട്ര നഗരങ്ങളുമായി സാമ്യമുള്ളതായി കേട്ടിട്ടുണ്ടാവും. 'കിഴക്കിന്റെ വെനീസ്' കിഴക്കിന്റെ പാരീസ് ഇവയൊക്കെ പോലെ.

നിങ്ങളെല്ലാവരും സാന്‍ഫ്രാന്‍സിസ്‌കോയെക്കുറിച്ച് കേട്ടിട്ടുണ്ടാവും അല്ലേ? അമേരിക്കയിലെ പന്ത്രണ്ടാമത്തെയും കാലിഫോര്‍ണിയയിലെ നാലാമത്തെയും വലിയ നഗരമാണ് സാന്‍ഫ്രോന്‍സിസ്‌കോ. ഐടി മേഖലയിലെ പുരോഗതിക്ക് പേരുകേട്ടയിടമാണ് ഇവിടം.അതുപോലെ കേബിള്‍ കാറുകളുമായി സവിശേഷമായ ബന്ധമാണ് സാന്‍ ഫ്രാന്‍സിസ്‌കോയ്ക്കുളളത്. ലോകത്ത് ആദ്യമായി കേബിള്‍ കാറുകള്‍ ഓടിത്തുടങ്ങിയത് ഇവിടെയാണ്. 1957 ന് ശേഷം കാലിഫോര്‍ണിയയില്‍ മാത്രമാണ് കേബിള്‍ കാറുകള്‍ ഓടുന്നത്. അതുകൊണ്ടുതന്നെയാണ് അമേരിക്കയുടെ സഞ്ചരിക്കുന്ന നാഷണല്‍ ഹിസ്‌റ്റോറിക് ലാന്‍ഡ് മാര്‍ക്കായി സാന്‍ ഫ്രാന്‍സിസ്‌കോ കേബിള്‍ കാറുകള്‍ അറിയപ്പെടുന്നത്.

ഇന്ത്യയിലെ സാന്‍ ഫ്രാന്‍സിസ്‌കോ

ഇന്ത്യയിലെ സാന്‍ ഫ്രാന്‍സിസ്‌കോ എന്നറിയപ്പെടുന്ന ഒരു നഗരം ഉണ്ടെന്ന് അറിയാമോ? കര്‍ണാടകയുടെ തലസ്ഥാനമായ ബെംഗളൂരു ആണ് ഇന്ത്യയുടെ സാന്‍ ഫ്രാന്‍സിസ്‌കോ എന്നറിയപ്പെടുന്നത്. രാജ്യത്തിന്റെ മുന്‍നിര ടെക്ഹബ് എന്ന പദവിയില്‍നിന്നാണ് ഈ വിളിപ്പേര് ബെംഗളൂരുവിന് ലഭിച്ചത്. ആയിരക്കണക്കിന് ഐടി കമ്പനികള്‍, ആഗോള ടെക് ഭീമന്‍മാര്‍, നൂതന സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയെല്ലാം ബെംഗളൂരുവിലുണ്ട്. ബെംഗളൂരു നഗരത്തെ പലപ്പോഴും ഇന്ത്യയുടെ സാന്‍ ഫ്രാന്‍സിസ്‌കോ എന്ന് വിളിക്കാറുണ്ട്. രണ്ട് നഗരങ്ങളും സാങ്കേതിക വിദ്യയുടെ അതിരുകള്‍ ഭേദിക്കുന്നവയാണ്. ഈ നഗരങ്ങള്‍ എഞ്ചിനീയര്‍മാരെയും സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു.സാങ്കേതിക വിദ്യയില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ഇപ്പോഴും മുന്നിലാണ്. എന്നാല്‍ ബെംഗളൂരു ഒട്ടും പിന്നിലും അല്ല. ഐടി മേഖലയിലും സ്റ്റാര്‍ട്ടപ്പുകളിലും ഏഷ്യയില്‍ ഒന്നാം സ്ഥാനമാണ് ബെംഗളൂരുവിനുള്ളത്.

Content Highlights :Do you know where the San Francisco of India is? Bengaluru got this nickname from its status as the country's leading tech hub.

To advertise here,contact us