ലോകത്തെ വീണ്ടും അതിശയിപ്പിച്ച് ചൈന; 450 കിലോമീറ്റർ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ 'പറത്തി'; അമ്പരപ്പ്

ബുള്ളറ്റ് ട്രെയിനിൻ്റെ കാര്യത്തിൽ ചൈന ഒരുപടി കൂടി കടന്ന് മുന്നേറുകയാണ്

വൻ നേട്ടങ്ങളുടെ കാര്യത്തിൽ ലോകത്തെ പലപ്പോഴായി അതിശയിപ്പിക്കുന്ന കാര്യത്തിൽ ചൈന എന്നും മുൻപന്തിയിലാണ്. ടെക്‌നോളജി ആകട്ടെ, ട്രാൻസ്‌പോർട്ടേഷൻ ആകട്ടെ , വ്യാവസായിക വളർച്ചയാകട്ടെ അങ്ങനെ എല്ലാ മേഖലയിലും ചൈന കുതിച്ചുപായുന്നത് നമ്മൾ കാണുന്നതാണ്. ഇപ്പോളിതാ വേഗതയേറിയ ബുള്ളറ്റ് ട്രെയിനിന്റെ കാര്യത്തിലും ചൈന ഒരുപടി കൂടി കടന്ന് മുന്നേറുകയാണ്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ ചൈന പരീക്ഷിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഷാങ്ഹായ് മുതൽ ചെങ്ഡു വരെയുള്ള അതിവേഗ റയിൽ പാതയിലാണ് CR450 എന്ന് പേരിട്ട ബുള്ളറ്റ് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത്. മണിക്കൂറിൽ 453 കിലോമീറ്റർ വേഗതയാണ് ട്രെയിൻ കൈവരിച്ചതെന്നാണ് റിപ്പോർട്ട്. സർവീസ് ആരംഭിച്ചാൽ 400 കിലോമീറ്റർ വേഗതയിലാകും ട്രെയിൻ ഓടുക. അതിന് മുൻപായി ഇനിയും പരീക്ഷണ നോട്ടങ്ങൾ ആവശ്യവുമാണ്.

ട്രെയിൻ വേഗത കൈവരിക്കുന്നത് അത്ഭുതപ്പെടുത്തുന്നതാണ്. വെറും നാല് മിനുട്ട് നാല്പത് സെക്കൻഡ് കൊണ്ടാണ് ട്രെയിൻ പൂജ്യത്തിൽ നിന്ന് 350 കിലോമീറ്റർ വേഗത കൈവരിക്കുക. രണ്ട് CR450 ട്രെയിനുകൾ പരസ്പരം കടത്തിവിട്ടും പരീക്ഷണം നടന്നു. രണ്ട് ട്രെയിനുകളും തമ്മിലുള്ള സംയുക്ത വേഗത 896 കിലോമീറ്ററായിരുന്നു ! ട്രെയിനിന്റെ വേഗത കാരണം പുറത്തെ കാഴ്ചകൾ ഒക്കെ മങ്ങിയതുപോലെയാണ് തോന്നുകയെന്നും റിപ്പോർട്ടുണ്ട്.

ഡിസൈനുകൾ മെച്ചപ്പെടുത്തിയാണ് CR450 റെക്കോർഡ് വേഗം കൈവരിച്ചത്. നിലവിലെ ബുളളറ്റ് ട്രെയിനുകളിൽ നോസ് കോൺ 41 അടിയാണ്. പുതിയ ബുള്ളറ്റ് ട്രെയിനിൽ അവ 49 അടിയാക്കിയിട്ടുണ്ട്. സ്പോർട്സ് കാറുകളിൽ നിന്നാണ് ട്രെയിനിന്റെ ഡിസൈൻ ആശയം ഉണ്ടായിരിക്കുന്നത്. പൂർണമായും അടച്ചിട്ട ബോഗികൾ, ലോവർ സ്കർട്ട് പാനലുകൾ തുങ്ങിയവയും ഈ ട്രെയിനിന്റെ സവിശേഷതകളാണ്. സാധാരണ ബുള്ളറ്റ് ട്രെയിനുകളെക്കാൾ 8 ഇഞ്ച് ഉയരം കുറവും 55 ടൺ ഭാരം കുറവുമാണ്. ഡ്രാഗ് റിഡക്ഷനാണ് എഞ്ചിനീയർമാർ പ്രത്യേകം ശ്രദ്ധിച്ച മറ്റൊരു കാര്യം.

മുൻ ബുള്ളറ്റ് ട്രെയിൻ മോഡലായ CR400ന് വെറും 350 കിലോമീറ്റർ വേഗത മാത്രമേ കൈവരിക്കാൻ കഴിയുകയുള്ളൂ എന്നുള്ളപ്പോഴാണ് CR450 450 കിലോമീറ്റർ വേഗത കൈവരിച്ചിരിക്കുന്നത്.

Content Highlights: china tests 450 km\h bullet train

To advertise here,contact us