'ഏറ്റവും നശിച്ച 48 മണിക്കൂർ'; വിദേശത്ത് മോഷണത്തിനിരയായ സംരംഭകന് പറയാനുള്ളത് അറിയണം

സ്‌പെയിനില്‍ വച്ച് പണവും പാസ്‌പോര്‍ട്ടും അടക്കം നഷ്ടപ്പെട്ട ഇന്ത്യക്കാരനായ സംരംഭകന്റെ അവസ്ഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്

സ്‌പെയിനില്‍ വച്ച് പണവും പാസ്‌പോര്‍ട്ടും അടക്കം നഷ്ടപ്പെട്ട ഇന്ത്യക്കാരനായ സംരംഭകന്റെ അവസ്ഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ആയുഷ് പഞ്ച്മിയയാണ് തനിക്കുണ്ടായ ദുരവസ്ഥയെ കുറിച്ച് ലിങ്ക്ഡിനില്‍ കുറിച്ചത്. ഒരു ശനിയാഴ്ച ദിവസമാണ് ആയുഷ് മോഷണത്തിന് ഇരയായത്. വാരാന്ത്യത്തില്‍ എമ്പസി അടച്ചിരുന്നതിനാല്‍, ഇന്ത്യന്‍ എമ്പസിയില്‍ എത്തി സഹായം ചോദിക്കാനും കഴിഞ്ഞില്ല. വിദേശരാജ്യത്ത് എല്ലാം നഷ്ടപ്പെട്ട് നില്‍ക്കേണ്ടി വന്ന അവസ്ഥ എത്ര വലിയ ആഘാതമാണ് തനിക്ക് നല്‍കിയതെന്ന് ഇപ്പോഴും വിവരിക്കാന്‍ കഴിയുന്നില്ലെന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. പാസ്‌പോര്‍ട്ട് നഷ്ടമായി, യുഎസ് വിസ നഷ്ടമായി, ഒപ്പം പണവും.. സ്‌പെയിനില്‍ വച്ചാണ് സംഭവം. ഇത്രയും കാലത്തെ യാത്രാനുഭവത്തില്‍ ഏറ്റവും മോശമായ ആ 48 മണിക്കൂറില്‍ നിന്നും എങ്ങനെ പുറത്തുവന്നു എന്ന് നിങ്ങള്‍ക്ക് പറഞ്ഞുതരാമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പില്‍ പറഞ്ഞു തുടങ്ങുന്നത്…

വെബ്3 ബ്രാന്‍ഡ്‌സിന് സ്‌പെഷ്യലൈസ്ഡ് മാര്‍ക്കറ്റിങ് സര്‍വീസുകള്‍ നല്‍കുന്ന സ്റ്റാര്‍റ്റപ്പാണ് ബ്ലോക്ക് വീ.. ഇതിന്റെ സഹസ്ഥാപകനാണ് ആയുഷ്. അദ്ദേഹവും സംഘാംഗങ്ങളും ഫ്രാന്‍സിലെ കാനില്‍ നടന്ന ക്രിപ്‌റ്റോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിന്റെ ക്ഷീണത്തിലാണ് ബാര്‍സലോണയില്‍ വന്നിറങ്ങുന്നത്. സ്റ്റാര്‍ബക്‌സ് ഔട്ട്‌ലറ്റിലിരുന്ന് ചില ക്ലൈന്റുകള്‍ക്കായുള്ള കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു സംഘാംഗങ്ങള്‍. ഒരു ഫോണ്‍ ചെയ്യാനായി പുറത്തിറങ്ങിയപ്പോള്‍,താന്‍ ബാഗ് അവിടെ ഉണ്ടായിരുന്ന ടേബിളിന് താഴെ വച്ചെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകന്‍ പറയുന്നു. പക്ഷേ തിരികെ വന്നപ്പോഴേക്കും ബാഗ് നഷ്ടമായിരുന്നു. ക്രെഡിറ്റ് കാര്‍ഡുകളടക്കം ആവശ്യമായ രേഖകളും പണവും നഷ്ടമായി. പെട്ടെന്ന് പരവശനായി, യാത്രയ്ക്ക് മുമ്പുള്ള മുന്നറിയിപ്പുകള്‍ കേട്ട കാര്യം അപ്പോഴാണ് വീണ്ടും ഓര്‍ത്തത്, സ്‌പെയിനില്‍ ജാഗ്രത ഉണ്ടാകണം, പ്രത്യേകിച്ച് ബാര്‍സലോണയില്‍.. പക്ഷേ കേട്ടത് പോലെയായിരുന്നില്ല അനുഭവം വന്നപ്പോള്‍ എന്ന് അദ്ദേഹം പറയുന്നു.

സിസിടിവി ഫൂട്ടേജ് പരിശോധിക്കാന്‍ അനുവദിക്കണമെന്ന് സ്റ്റാര്‍ബക്ക്‌സിലെ ജീവനക്കാരോട് ആവശ്യപ്പെട്ടെങ്കിലും പൊലീസിന്റെ സാന്നിധ്യത്തിലല്ലാതെ അതിന് കഴില്ലെന്നായിരുന്നു കിട്ടിയ മറുപടി. പക്ഷേ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെങ്കില്‍ പത്ത് പതിനഞ്ച് ദിവസം കഴിയണമെന്ന ഞെട്ടിക്കുന്ന കാര്യമാണ് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അവര്‍ പറഞ്ഞത്. തിങ്കളാഴ്ച ഇന്ത്യയിലേക്ക് തിരികെ വരേണ്ടതാണ്. സമയമൊട്ടുമില്ലാത്ത നേരത്താണ് ഇത്തരമൊരു പരീക്ഷണം വന്നതെന്നും അദ്ദേഹം ഓര്‍ക്കുന്നു.

നിസഹായനായ ആയുഷ് തിങ്കളാഴ്ച രാവിലെ വരെ ഇന്ത്യന്‍ എമ്പസി തുറക്കാനായി കാത്തിരുന്നു. അവിടെയെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ,താത്കാലിക പാസ്‌പോര്‍ട്ടായി ഉപയോഗിക്കാവുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ് എമ്പസി അനുവദിച്ചു. അതിനാല്‍ തിങ്കളാഴ്ച വൈകിട്ട് തന്നെ നാട്ടിലെത്താന്‍ സാധിച്ചു. നിലവില്‍ പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ചിരിക്കുകയാണ് ആയുഷ്. തന്റെ അനുഭവം എല്ലാവരെയും അറിയിച്ചതിന് പിന്നിലെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. യൂറോപ്പിലേക്ക് യാത്രതിരിക്കുന്നവര്‍ക്ക് ആര്‍ക്ക് വേണമെങ്കിലും ഈ അവസ്ഥ വന്നേക്കാം. അപ്പോള്‍ എമ്പസിയെ സമീപിച്ചാല്‍ അവര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ് നല്‍കും. അതുണ്ടെങ്കില്‍ നാട്ടിലെത്താം. ഇങ്ങനത്തെ സാഹചര്യത്തില്‍ അകപ്പെട്ടുപോയാലുള്ള പിന്നുള്ള ചോയ്‌സ് എന്താണെന്ന് എല്ലാവരും അറിയാന്‍ വേണ്ടി മാത്രമാണ് തന്റെ അനുഭവം വിവരിച്ചതെന്നും ആരും ഇത്തരം സാഹചര്യങ്ങളില്‍ ഭയന്ന് പോകരുതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.Content Highlights:  Indian entrepreneur explains what he had done after his passport and cash were stolen

To advertise here,contact us