കുഞ്ഞുങ്ങളെ ഉറക്കാൻ ഒരു മാർഗം! ഇറ്റാലിയൻ സ്‌കൂളിന്റെ തന്ത്രം ഫലിച്ചു

ഇറ്റലിയിലെ കിൻഡർ ഗാർഡനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്

ഇറ്റലിയിൽ ഒരു സ്‌കൂളിൽ കൊച്ചു കുഞ്ഞുങ്ങളെ ഉറക്കാൻ പ്രകൃതിദത്തമായ മാർഗം തിരഞ്ഞെടുത്ത രീതിയെ പ്രകീർത്തിക്കുകയാണ് സോഷ്യൽമീഡിയ. രാജ്യത്തെ കിൻഡർ ഗാർഡനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. പക്ഷികളുടെ ശബ്ദം കേട്ടുറങ്ങുന്ന കുഞ്ഞുങ്ങളെയാണ് വീഡിയോയിൽ കാണാൻ കഴിയുക. കുഞ്ഞുങ്ങൾ നല്ല ഗാഢമായ നിദ്രയിലാണെന്നും വീഡിയോയില്‍ കാണാം.

കേൾക്കുമ്പോൾ പുതുമയുള്ളതായി തോന്നാമെങ്കിലും പ്രകൃതിദത്തമായ ശബ്ദങ്ങൾ എങ്ങനെയാണ് ശാന്തമായ സാഹചര്യം ഉണ്ടാക്കുകയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നഗരത്തിലെ തിരക്കുകളിൽ നിന്നും മാറി ഹിൽ സ്റ്റേഷനുകളിലും മറ്റും യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ഏറെ ആസ്വദിക്കുന്നത് പക്ഷികളുടെ ശബ്ദം, ഇലകളിൽ കാറ്റ് തട്ടുമ്പോഴുള്ള ശബ്ദം, അരുവിയിലൂടെ വെള്ളം ഒഴുകുന്നതിന്റെ ശബ്ദം എന്നിവയൊക്കെയാകും.

ഇറ്റലിയിൽ നിന്നുള്ള ഈ വീഡിയോ വൈറലായതോടെ എങ്ങനെയാണ് കുട്ടികളെ പ്രകൃതിയിലെ ശബ്ദങ്ങൾ സ്വാധീനിക്കുന്നത് എന്നൊരു ചോദ്യം കൂടിയാണ് ഉയരുന്നത്. പക്ഷികൾ ചിലയ്ക്കുന്ന ശബ്ദം നവജാതശിശുക്കളെ ശാന്തമാക്കുന്നുണ്ടെന്ന് പല മാതാപിതാക്കളും മനസിലാക്കിയ കാര്യമാണ്. നിലവിലെ സാഹചര്യം സുരക്ഷിതവും ശാന്തവുമാണെന്ന് തോന്നലാകും പക്ഷികളുടെ ശബ്ദം കേൾക്കുമ്പോൾ കുഞ്ഞുങ്ങൾ മനസിലാക്കുക. ഇതോടെ ഉറക്കത്തിലേക്ക് അവർ വഴുതിവീഴും. താരാട്ടുപാട്ടുകള്‍ പോലെയല്ല, മറിച്ച് പക്ഷികളുടെ ശബ്ദം കേൾക്കുമ്പോൾ മുറിക്കുള്ളിൽ മുഴുവൻ ശാന്തതയാണ് അവർക്ക് അനുഭവപ്പെടുക. മാത്രമല്ല പുറംലോകവുമായി പെട്ടെന്ന് അടുക്കുകയും ചെയ്യും.

അതേസമയം സ്‌കൂളുകളിൽ പക്ഷികളുടെ ശബ്ദം ഇത്തരത്തിൽ കുഞ്ഞുങ്ങളെ ഉറക്കാൻ ഉപയോഗിക്കുന്നതിനെക്കൾ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉപയോഗിക്കുക. ലിവർപൂളിലെ ഒരു സ്‌കൂളിൽ നടന്ന പരീക്ഷണത്തിൽ ഇത്തരത്തിൽ പക്ഷികളുടെ ശബ്ദം കേൾക്കുന്ന കുട്ടികളിൽ ശ്രദ്ധ മികച്ചരീതിയിലായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു. പക്ഷികളുടെ ശബ്ദം ശരീരത്തെയും മനസിനെയും ശാന്തമാക്കും. ഇത് പാരസിമ്പതെറ്റിക്ക് നെർവസ് സിസ്റ്റത്തെ പ്രവർത്തനക്ഷമമാക്കുകയും ഹൃദയമിടിപ്പ് പതിയെ ആക്കുകും ചെയ്യും. ടെൻഷൻ കുറയും. ഇതാണ് കുട്ടികളിൽ ഉറക്കം വരാൻ കാരണം. ഇത് കൂടാതെ വൈറ്റ്‌നോയിസ്, പിങ്ക് നോയിസ് എന്നിവ ഉപയോഗിച്ചും കുഞ്ഞുങ്ങളെ ഉറക്കാറുണ്ട്.

Content Highlights: Italy Kindergarten using birds chirping sound to help kids sleep

To advertise here,contact us