പ്രമേഹം കാഴ്ചയും കവർന്നെടുത്തേക്കാം; കാഴ്ച മങ്ങുന്നതുവരെ കാത്തിരിക്കരുത്; കണ്ണിന്റെ ആരോഗ്യവും ശ്രദ്ധിക്കണം

പ്രമേഹം കണ്ണിന്റെ കാഴ്ചയേയും ബാധിക്കുമെന്ന കാര്യം പലരും അത്ര ഗൗരവമായി എടുക്കാറില്ല

പ്രമേഹമുണ്ടെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രമേഹം കണ്ണിന്റെ കാഴ്ചയെയും ബാധിക്കുമെന്ന കാര്യം പലരും അത്ര ഗൗരവമായി എടുക്കാറില്ല. കണ്ണിന് കാഴ്ചക്കുറവോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെടാത്തപ്പോഴും പ്രമേഹം കണ്ണിനുള്ളില്‍ കേടുപാടുകള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതിനൊപ്പം കണ്ണിന്റെ ആരോഗ്യവും കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹം കണ്ണിനെ ബാധിക്കുന്ന രീതി എങ്ങനെയാണ്? കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം?

കണ്ണിനുള്ളില്‍ സംഭവിക്കുന്നത് എന്താണ്

പ്രമേഹം ദീര്‍ഘകാലം നിയന്ത്രണത്തിലല്ലെങ്കില്‍ കണ്ണിന്റെ പിന്‍ഭാഗത്തുള്ള റെറ്റിനയെ ബാധിക്കാം. നമുക്ക് വസ്തുക്കളെ വ്യക്തമായി കാണാന്‍ സഹായിക്കുന്ന കണ്ണിന്റെ പ്രധാന ഭാഗമാണ് റെറ്റിന. കണ്ണിലേക്ക് എത്തുന്ന വെളിച്ചത്തെ തിരിച്ചറിഞ്ഞ് കാഴ്ച സാധ്യമാക്കുന്നതില്‍ ഇതിന് പ്രധാന പങ്കുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീര്‍ഘകാലം ഉയര്‍ന്നുനില്‍ക്കുമ്പോള്‍ റെറ്റിനയിലെ വളരെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം. ഇവയില്‍നിന്ന് രക്തമോ ദ്രാവകമോ ചോര്‍ന്നുപോകാനും കാഴ്ചയെ ബാധിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ അവസ്ഥയാണ് 'ഡയബറ്റിക് റെറ്റിനോപ്പതി' എന്ന് അറിയപ്പെടുന്നത്. രോഗം ഗുരുതരമായാല്‍ കാഴ്ച ഭാഗികമായോ പൂര്‍ണമായോ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ നേരത്തേ കണ്ടെത്തി ആവശ്യമായ ചികിത്സ തേടിയാല്‍ ഇത്തരം സങ്കീര്‍ണതകളുടെ സാധ്യത കുറയ്ക്കാന്‍ കഴിയും.വിവിധ പഠനങ്ങളും പ്രമേഹവും കാഴ്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

തുടക്കത്തില്‍ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകണമെന്നില്ല

ഈ രോഗത്തിന്റെ പ്രധാന വെല്ലുവിളി തുടക്കത്തില്‍ വ്യക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല എന്നതാണ്. പതിവുപോലെ വായിക്കാനും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ടെലിവിഷന്‍ കാണാനും കഴിയുന്നതിനാല്‍ കണ്ണുകള്‍ക്ക് പ്രശ്‌നമില്ലെന്ന് പലരും കരുതും. എന്നാല്‍ കണ്ണിനുള്ളില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കാം. രോഗം പുരോഗമിക്കുമ്പോഴാണ് ചിലരില്‍ കാഴ്ച മങ്ങുക, കണ്ണിന് മുന്നില്‍ കറുത്ത പാടുകള്‍ കാണുക, വസ്തുക്കള്‍ വളഞ്ഞതുപോലെ തോന്നുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ട് കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകുന്നതുവരെ കാത്തിരുന്ന ശേഷം കണ്ണ് പരിശോധിക്കുന്ന രീതി ശരിയല്ല. പ്രമേഹമുള്ളവര്‍ ലക്ഷണങ്ങളില്ലെങ്കിലും പതിവായി കണ്ണ് പരിശോധിക്കണം.

ആര്‍ക്കാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്?

ദീര്‍ഘകാലമായി പ്രമേഹമുള്ളവരും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയാത്തവരും കണ്ണിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദം പോലുള്ള മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. പ്രമേഹം ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഉടന്‍തന്നെ കണ്ണിന്റെ പരിശോധനയെക്കുറിച്ച് ഡോക്ടറോട് സംസാരിക്കണം. എത്ര ഇടവേളയില്‍ പരിശോധന നടത്തണം എന്നത് രോഗിയുടെ ആരോഗ്യസ്ഥിതിയും കണ്ണിലെ മാറ്റങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുക.ഒപ്താല്‍മോളജി സയന്‍സില്‍ പ്രസിദ്ധീകരിച്ച് ഒരു പഠനത്തില്‍ പ്രമേഹം എങ്ങനെയാണ് കണ്ണിന്റെ കാഴ്ചയെ ബാധിക്കുന്നതെന്നും അതിന് എന്തൊക്കെ ചികിത്സകള്‍ നടത്തെണ്ടതുണ്ടെന്നും വ്യക്തമാക്കുന്നുണ്ട്.

കാഴ്ച സംരക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടത്

  • പ്രമേഹം നിയന്ത്രിക്കുന്നതാണ് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
  • പഞ്ചസാര നിയന്ത്രിക്കുക- ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുകയും ചെയ്യുക.
  • കണ്ണ് പതിവായി പരിശോധിക്കുക-കാഴ്ചയ്ക്ക് പ്രശ്‌നമില്ലെങ്കിലും നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശപ്രകാരം റെറ്റിന ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പരിശോധിക്കുക.
  • രക്തസമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിക്കുക
  • ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക- സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, പുകവലി ഒഴിവാക്കുക.
  • ലക്ഷണങ്ങള്‍ അവഗണിക്കരുത്- കാഴ്ച പെട്ടെന്ന് മങ്ങുകയോ കണ്ണിന് മുന്നില്‍ പെട്ടെന്ന് കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ ഉടന്‍ വൈദ്യസഹായം തേടുക.

കാഴ്ച മങ്ങിയശേഷം മാത്രം കണ്ണ് പരിശോധിക്കരുത്

പ്രമേഹം ഉണ്ടെന്നതുകൊണ്ട് എല്ലാവര്‍ക്കും കാഴ്ച നഷ്ടപ്പെടണമെന്നില്ല. എന്നാല്‍ രോഗം നിയന്ത്രിക്കാതിരുന്നാല്‍ കണ്ണിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. നേരത്തെയുള്ള പരിശോധനയും ആവശ്യമായ ചികിത്സയും കാഴ്ച സംരക്ഷിക്കാന്‍ സഹായിക്കും.പ്രമേഹം ഹൃദയത്തെയും വൃക്കകളെയും മാത്രമല്ല കണ്ണുകളെയും ബാധിക്കാമെന്ന് ഓര്‍ക്കുക. അതിനാല്‍ പ്രമേഹപരിചരണത്തിന്റെ ഭാഗമായി കണ്ണിന്റെ പരിശോധനയും ഉള്‍പ്പെടുത്തണം. കാഴ്ചയ്ക്ക് പ്രശ്‌നമില്ലാത്തപ്പോഴും കണ്ണ് പരിശോധിക്കുക. കാഴ്ച നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാവുന്ന മാറ്റങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും.

Content Highlights :Many people do not take seriously the fact that diabetes can affect eyesight. Diabetes can cause damage to the eyes even when there is no noticeable vision loss or other discomfort.

To advertise here,contact us