ഒരാളെ ആദ്യമായി കാണുമ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെടുന്ന ചില കാര്യങ്ങളുണ്ട്. ചിരി, മുടി, മുഖഭാവം… പിന്നെ കണ്ണുകള്‍. പ്രത്യേകിച്ച് നീല നിറത്തിലുള്ള കണ്ണുകളാണെങ്കില്‍ ആ നോട്ടം കുറച്ചുകൂടി ശ്രദ്ധിക്കപ്പെടും അല്ലേ?. സാധാരണയേക്കാള്‍ പ്രത്യേകതയുണ്ട് നീല നിറത്തിലുളള കണ്ണുകള്‍ക്ക്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നീല കണ്ണുകള്‍ ഒരുപോലെ സാധാരണമല്ല. പ്രത്യേകിച്ച് വടക്കന്‍, കിഴക്കന്‍ യൂറോപ്പിലാണ് നീല കണ്ണുകള്‍ കൂടുതലായി കാണപ്പെടുന്നത്. ഫിന്‍ലാന്‍ഡ്, എസ്റ്റോണിയ, സ്വീഡന്, നോര്‍വേ, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നീല കണ്ണുകള്‍ ഉള്ളവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. വടക്കുപടിഞ്ഞാറന്‍ യൂറോപ്പിലെ ജനങ്ങള്‍ക്കിടയിലാണ് നീലക്കണ്ണുകളുമായി ബന്ധപ്പെട്ട ജനിതക വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
അതേസമയം ഈ രാജ്യങ്ങളിലെ എല്ലാവര്ക്കും നീലക്കണ്ണുകളാണെന്നല്ല. തലമുറകളിലൂടെ കൈമാറിയ ജനിതക വ്യത്യാസങ്ങളാണ് അവിടങ്ങളില്‍ കണ്ണുകള്‍ക്ക് ഈ നിറം കൂടുതലായി കാണപ്പെടാനുള്ള പ്രധാന കാരണം.
കണ്ണിന്റെ ഐറിസിലെ മെലാനിന്‍ എന്ന പിഗ്മെന്റാണ് കണ്ണിന്റെ നിറം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. മെലാനിന്‍ കൂടുതലുള്ള കണ്ണുകള്‍ സാധാരണയായി തവിട്ട് അല്ലെങ്കില്‍ ഇരുണ്ട നിറത്തില്‍ കാണപ്പെടും. നീല കണ്ണുകളില്‍ മെലാനിന്‍ താരതമ്യേന കുറവാണ്. പ്രകാശം ഐറിസിലൂടെ കടന്നുപോകുമ്പോഴും അതില്‍ പ്രതിഫലിക്കുമ്പോള്‍ ഉണ്ടാകുന്ന optical effect ആണ് കണ്ണുകള്‍ക്ക് നീലനിറത്തിലുള്ള രൂപം നല്‍കുന്നത്. അതായത് കണ്ണില്‍ നീല പിഗ്മെന്റ് ഉള്ളതുകൊണ്ടല്ല കണ്ണുകള്‍ നീലയായി കാണുന്നത് എന്നര്‍ഥം.
കണ്ണിന്റെ നിറം തീരുമാനിക്കുന്നത് ഒരു ജീന്‍ മാത്രം അല്ല. നിരവധി ജനിതക ഘടകങ്ങള്‍ ഇതില്‍ ഘടകങ്ങളാണ്. അവയില്‍ പ്രധാനപ്പെട്ടവയാണ് OCA2, HERC2. OCA2 ജീന്‍ കണ്ണിലെ മെലാനിന്റെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. HERC2 ജീനിലെ ഒരു പ്രത്യേക DNA വ്യതിയാനം OCA2 ജീനിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കാനും അതുവഴി ഐറിസില്‍ മെലാനിന്‍ കുറയാനും കാരണമാകാം. മെലാനിന്‍ കുറയുമ്പോഴാണ് നീല പോലുള്ള ഇളം നിറം കണ്ണുകളില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ കണ്ണുകളുടെ നിറം നോക്കി മാത്രം ഒരു കുട്ടിയുടെ കണ്ണ് ഏത് നിറത്തിലായിരിക്കും എന്ന് കൃത്യമായി പ്രവചിക്കാനാകില്ല. കണ്ണിന്റെ നിറം പല ജീനുകളുടെ കൂട്ടായ സ്വാധീനത്തിന്റെ ഫലമാണ്.
ഇന്നത്തെ യൂറോപ്പില്‍ കാണുന്ന നീല കണ്ണുകളുടെ പിന്നില്‍ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജനിതക ചരിത്രമുണ്ട്. നീല കണ്ണുകളുമായി ശക്തമായി ബന്ധപ്പെട്ട ചില ജനിതക വ്യതിയാനങ്ങള്‍ യൂറോപ്യന്‍ ജനസംഖ്യകളില്‍ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്നു. മനുഷ്യര്‍ പല പ്രദേശങ്ങളിലേക്ക് കുടിയേറുകയും തലമുറകള്‍ കടന്നുപോകുകയും ചെയ്തതോടെ ഈ ജനിതക വ്യത്യാസങ്ങളും വിവിധ ജനസംഖ്യകളിലേക്ക് വ്യാപിച്ചു. അതുകൊണ്ടാണ് ഇന്ന് വടക്കന്‍ യൂറോപ്പില്‍ നീല കണ്ണുകള്‍ വളരെ സാധാരണമായി കാണപ്പെടുന്നത്.
കണ്ണിന്റെ നിറത്തില്‍ വ്യത്യാസം ഉണ്ടാക്കാന്‍ DNAയിലെ വളരെ ചെറിയൊരു മാറ്റം പോലും മതിയാകാം. പ്രത്യേകിച്ച് HERC2 മേഖലയിലെ rs12913832 എന്നറിയപ്പെടുന്ന ഒരു ജനിതക വ്യതിയാനം OCA2യുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുകയും ഐറിസിലെ മെലാനിന്‍ ഉല്പാദനം കുറയ്ക്കുകയും ചെയ്യുന്നതായി ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍, ഒരാളുടെ കണ്ണുകള്‍ തവിട്ടുനിറത്തിലോ നീലനിറത്തിലോ കാണപ്പെടുന്നതിന് പിന്നില്‍ വലിയ രഹസ്യമൊന്നുമില്ല. നമ്മുടെ DNAയിലൊളിഞ്ഞിരിക്കുന്ന ചെറിയ വ്യത്യാസങ്ങളാണ് ആ മനോഹരമായ നിറവ്യത്യാസങ്ങള്‍ക്ക് പിന്നില്‍.
ലോകത്തില്‍ ആകമാനം നോക്കുമ്പോള്‍ നീല കണ്ണുകള്‍ തവിട്ട് കണ്ണുകളെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍ യൂറോപ്പിലെ ചില ജനസംഖ്യകളില്‍ അവ വളരെ സാധാരണവുമാണ്. അതുകൊണ്ടുതന്നെ ലോകത്തിന്റെ ഒരു ഭാഗത്ത് സാധാരണമായി തോന്നുന്ന കണ്ണുകളുടെ നിറം മറ്റൊരു ഭാഗത്ത് അപൂര്‍വമായി തോന്നാം. മനുഷ്യരുടെ രൂപത്തിലും നിറത്തിലും കാണുന്ന വൈവിധ്യത്തിന് പിന്നില്‍ ഭൂമിശാസ്ത്രവും കുടിയേറ്റവും ജനിതക പാരമ്പര്യവും പരിണാമചരിത്രവും എല്ലാം ചേര്‍ന്നുള്ള ഒരു വലിയ കഥയാണുള്ളത്.
Content Highlights :Blue eyes are special and stand out from the ordinary. Where in the world are blue eyes most common?