പടി കയറുമ്പോൾ ശ്വാസംമുട്ടലും കിതപ്പും ഉണ്ടോ?;കൊറോണറി ആർട്ടറി രോഗത്തിന്റെ ശ്രദ്ധിക്കാതെ പോകുന്ന മുന്നറിയിപ്പുകൾ

ഹൃദ്രോഗത്തിന് മുന്‍പുണ്ടാകുന്ന മുന്നറിയിപ്പുകളില്‍ പലതും സാധാരണമായതോ അവഗണിക്കാന്‍ എളുപ്പമുള്ളതോ ക്ഷീണമോ ഒക്കെയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം

പടികള്‍ കയറുമ്പോഴും ആയാസകരമായ പ്രവൃത്തികള്‍ ചെയ്യുമ്പോഴുമൊക്കെ ചില ആളുകള്‍ക്ക് കിതപ്പും ശ്വാസംമുട്ടലും പോലെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയരുതെന്ന് പറയുകയാണ് ഡോക്ടര്‍മാര്‍. ഹൃദ്രോഗത്തിന്റെ ഏറ്റവും സാധാരണ രൂപമായ കൊറോണറി ആര്‍ട്ടറി ഡിസീസ്(CAD) പലപ്പോഴും വര്‍ഷങ്ങളായി ശരീരത്തില്‍ നിശബ്ദമായി വികസിക്കുകയും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാന്‍ തക്കവണ്ണം അപകടകരമായി മാറുകയും ചെയ്യുന്നതാണ്.ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന രക്തക്കുഴലുകളെയാണ് രോഗം ബാധിക്കുന്നത്.

ഹാര്‍വാര്‍ഡ് ഹെല്‍ത്ത് പബ്ലിഷിംഗിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍ കൊറോണറി ആര്‍ട്ടറികള്‍ക്കുളളില്‍ പ്ലാക്ക് എന്നറിയപ്പെടുന്ന കൊഴുപ്പ് നിക്ഷേപം അടിഞ്ഞുകൂടാന്‍ തുടങ്ങുമ്പോഴാണ് സാധാരണയായി കൊറോണറി ആര്‍ട്ടറി രോഗം ആരംഭിക്കുന്നത്. കൊറോണറി ആര്‍ട്ടറികളാണ് ഹൃദയത്തിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തം നല്‍കുന്നത്. പ്ലാക്ക് അടിഞ്ഞുകൂടുമ്പോള്‍ ധമനികള്‍ കൂടുതല്‍ ജോലി ചെയ്യേണ്ടിവരും. ഇത് ചില സന്ദര്‍ഭങ്ങളില്‍ രക്തചംക്രമണം തടയാനിടയാകുന്നു. ഇത് അപകടകരമാണ്.

ശരീരം കാണിച്ചുതരുന്ന ലക്ഷണങ്ങള്‍

കൊറോണറി ആര്‍ട്ടറി രോഗം ഉണ്ടാകുന്നതിന് മുന്‍പ് ശരീരം എപ്പോഴും മുന്നറിയിപ്പ് ലക്ഷണങ്ങള്‍ നല്‍കാറുണ്ട്. രോഗം എപ്പോഴും നെഞ്ചുവേദനയോടെ ആരംഭിക്കണമെന്നില്ല. പടികള്‍ കയറുമ്പോള്‍ അസാധാരണമായ ശ്വാസതടസം അനുഭവപ്പെടാം. ചിലര്‍ക്ക് നേരിയ അധ്വാനത്തിന് ശേഷം തലകറക്കം അനുഭവപ്പെടാം. മറ്റുചിലര്‍ക്ക് വ്യായാമ സമയത്ത് താടിയെല്ല്, തോളുകള്‍, തോള്‍ ഭാഗം, നെഞ്ച് എന്നിവിടങ്ങളില്‍ അസ്വസ്ഥത അനുഭവപ്പെടാം.

ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം ഉറക്കക്കുറവുകൊണ്ടോ വ്യായാമക്കുറവുകൊണ്ടോ ആണെന്ന് കരുതി അവഗണിക്കപ്പെടുകയാണ് പതിവ്. എന്നാല്‍ ആവര്‍ത്തിച്ച് ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രത്യേകിച്ച് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി, പുകവലിയുടെ ചരിത്രം എന്നിവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളില്‍ ഇങ്ങനെയുള്ള ക്ലാസിക് ലക്ഷണങ്ങള്‍ക്ക് പകരം ക്ഷീണം, ഓക്കാനം, കഴുത്ത് വേദന അല്ലെങ്കലില്‍ ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. NIH ല്‍ നിന്നുള്ള പഠനങ്ങളില്‍ ഇക്കാര്യം എടുത്തുപറയുന്നുണ്ട്.

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഹൃദയസംബന്ധമായ അസുഖം വരാനുള്ള സാധ്യത എങ്ങന കണക്കാക്കാം

അപകടസാധ്യതകള്‍ മനസിലാക്കാന്‍ റിസ്‌ക് കാല്‍ക്കുലേറ്റര്‍ ആദ്യപടിയായി മാറുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്തൊക്കെയാണ് റിസ്‌ക് കാല്‍ക്കുലേറ്ററില്‍ പരിഗണിക്കുന്ന കാര്യങ്ങള്‍ എന്നറിയാം.പ്രായം, രക്തസമ്മര്‍ദ്ദം,കൊളസ്‌ട്രോള്‍ അളവ്, പരമേഹം, പുകവലി, കുടുംബ ചരിത്ര, ഭാരവും ജീവിതശൈലിയും ഇവയൊക്കെയാണ്.

ഈ വിവരങ്ങളൊന്നും ഭയപ്പെടാനുള്ളതല്ലെന്നും, രോഗത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) യില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് വൈകിയുള്ള രോഗനിര്‍ണയവും രോഗം ചികിത്സിക്കാതിരിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ്.

പരിശോധനകളും ചികിത്സയും

കൊറോണറി ആര്‍ട്ടറി കാല്‍സ്യം സ്‌കാന്‍(CAC സ്‌കാന്‍)

ഇത് മറഞ്ഞിരിക്കുനന രോഗം വിലയിരുത്താനുള്ള കൂടുതല്‍ നൂതനമായ മാര്‍ഗ്ഗങ്ങളിലൊന്നാണ്. ഈ ടെസ്റ്റിലൂടെ കൊറോണറി ആര്‍ട്ടറികള്‍ക്കുള്ളിലെ കാല്‍സ്യം നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്നു.കാത്സ്യം അടിഞ്ഞുകൂടുന്നത് പ്ലാക്കിന്റെ അളവിനെയാണ് സൂചിപ്പിക്കുന്നത്.

രക്തപരിശോധനകള്‍ലിപ്പോപ്രോട്ടീന്‍(A) അല്ലെങ്കില്‍ LP(A) എന്നിവ കണ്ടെത്താനായി ഡോക്ടര്‍മാര്‍ രക്തപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചേക്കാം.

സ്‌ട്രെസ് ടെസ്റ്റുകളും ഇസിജികളും

ഇലക്ട്രോകാര്‍ഡിയോഗ്രാം(ഇസിജി)ആണ് അടുത്ത മറ്റൊരു ടെസ്റ്റ്.ഇത് ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനം രേഖപ്പെടുത്തുന്നു. ഹൃദയ പേശികളുടെ താളത്തിലെ വ്യത്യാസം, രക്ത വിതരണം കുറയുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കാം. സ്‌ട്രെസ് ടെസ്റ്റിംഗ് മറ്റൊരു പ്രധാന രോഗനിര്‍ണയ ഉപാധിയാണ്. ഹൃദയമിടിപ്പ്, ശ്വസനം, രക്തസമ്മര്‍ദ്ദം, ശ്വസനം, ഇസിജിയുടെ മാറ്റങ്ങള്‍ ഇവയൊക്കെ ഈ പരിശോധനയിലൂടെ അറിയാന്‍ സാധിക്കും.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Missed Warning Signs of Coronary Artery Disease. Many of the warning signs that precede heart disease may be mistaken for normal, easy to ignore, or just fatigue.

To advertise here,contact us