ശരീര വേദന മുതല്‍ കാലിലെ മരവിപ്പ് വരെ; യൂറിക് ആസിഡിന്റെ അളവ് കൂടുതലാണെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

യൂറിക് ആസിഡിന്റെ ഉയര്‍ന്ന അളവ് വൃക്കകളെ സമ്മര്‍ദ്ദത്തിലാക്കും

വൃക്കയിലെ കല്ലുകള്‍, ഗൗട്ട് രോഗം എന്നിവയുമായി ബന്ധപ്പെട്ട അവസ്ഥയാണ് 'ഹൈപ്പര്‍യൂറിസീമിയ' അഥവാ ഉയര്‍ന്ന യൂറിക് ആസിഡിന്റെ തോത്. യൂറിക് ആസിഡ് വളരെക്കാലം ഉയര്‍ന്ന നിലയില്‍ തുടരുമ്പോള്‍ പ്രത്യേകിച്ച് ശരീരഭാരം, ഇന്‍സുലിന്റെ പ്രതിരോധം, അല്ലെങ്കില്‍ അസന്തുലിതമായ ഭക്ഷണക്രമം എന്നിവ ഉള്ളവരില്‍ ഇത് ഉപാപചയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും,ആ സാഹചര്യത്തില്‍ അത് വൃക്കകളെ ബാധിക്കുകയും ചെയ്യും. കാലക്രമേണ മാലിന്യങ്ങളെ ഫില്‍റ്റര്‍ ചെയ്യാനും നീക്കം ചെയ്യാനുമുള്ള വൃക്കയുടെ കഴിവ് പതുക്കെ കുറഞ്ഞേക്കാം. യൂറിക് ആസിഡിന്റെ ലക്ഷണങ്ങളെ മറ്റ് പല രോഗങ്ങളുടെ ലക്ഷണങ്ങളുമായി തെറ്റിദ്ധരിക്കപ്പെടുന്നതുകൊണ്ട് പലപ്പോഴും രോഗം തിരിച്ചറിയാന്‍ പ്രയാസമായിരിക്കും. യൂറിക് ആസിഡിന്റെ അളവ് ശരീരത്തില്‍ ഉയരുമ്പോള്‍ ഉണ്ടാകുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍

ചുവന്ന നിറത്തിലുള്ള ചൊറിച്ചിലുണ്ടാക്കുന്ന പാടുകളാണ് ശരീരത്തില്‍ ഉണ്ടാകുന്നത്. എക്‌സിമ, ചര്‍മ്മത്തിലുണ്ടാകുന്ന അലര്‍ജി എന്നിവയെപ്പോലെ തോന്നിപ്പിക്കുന്ന ലക്ഷണങ്ങളാണ് യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരത്തില്‍ കാണപ്പെടുന്നത്.

ചെറിയ പനിയും ശരീരവേദനയും

ഉയര്‍ന്ന അളവില്‍ യൂറിക് ആസിഡ് ഉള്ളവര്‍ക്ക് ചെറിയ തോതില്‍ പനിയും ശരീരവേദനയും ഉണ്ടാകാറുണ്ട്. വൈറല്‍ അണുബാധയെന്ന് ഒറ്റയടിക്ക് തോന്നുന്ന ഈ ലക്ഷണങ്ങള്‍ തെറ്റായ രോഗനിര്‍ണ്ണയത്തിലേക്കാണ് എത്തുന്നത്. ലക്ഷണങ്ങള്‍ വീണ്ടുംവീണ്ടും കണ്ടാല്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.

വയറിന് പല അസ്വസ്ഥതകള്‍ ഉണ്ടാകുന്നു

ദഹനക്കുറവ്, വയറിന് വേദന, വയറ് കമ്പിക്കുന്നതായി തോന്നുക ഇവയൊക്കെ യൂറിക്ക് ആസിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമാകാം. മറ്റ് പല രോഗങ്ങള്‍ക്കും ഇതേ ലക്ഷണങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ പെട്ടെന്ന് യൂറിക് ആസിഡുമായി ബന്ധിപ്പിച്ച് ആരും ഇതിനെ കാണുന്നില്ല എന്നതാണ് വാസ്തവം.

കാലുകളിലെ മരവിപ്പും തരിപ്പും

യൂറിക് ആസിഡിന്റെ അളവ് അമിതമായി വര്‍ധിച്ചാല്‍ യൂറേറ്റ് പരലുകള്‍ രൂപപ്പെടുന്നു. ഈ പരലുകള്‍ പെരിഫെറല്‍ നാഡീവ്യൂഹത്തില്‍ അടിഞ്ഞുകൂടുന്നത് കാലുകളില്‍ മരവിപ്പോ തരിപ്പോ ഉണ്ടാകാനിടയാക്കുന്നു.

പെട്ടെന്നുണ്ടാകുന്ന മൂഡ് മാറ്റങ്ങള്‍ ശ്രദ്ധക്കുറവ്

പെട്ടെന്ന് മൂഡ് മാറ്റങ്ങള്‍ ഉണ്ടാവുക, ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുക, ഓര്‍മ്മപ്രശ്‌നങ്ങള്‍ ഇവയൊക്കെയും യൂറിക് ആസിഡ് പ്രശ്ര്‌നങ്ങള്‍കൊണ്ട് സംഭവിച്ചേക്കാം. സാധാരണയായി സ്‌ട്രെസും മറ്റ് മാനസിക ആരോഗ്യ പ്രശ്‌നങ്ങളും കൊണ്ടാണ് മൂഡ് മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ യൂറിക് ആസിഡിന്റെ വര്‍ധനവ് കൊണ്ടാണോ എന്നുകൂടി ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പരിശോധിക്കേണ്ടതുണ്ട്.

നടുവ് വേദന

യൂറിക് ആസിഡ് പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത് കടുത്ത നടുവ് വേദനയ്ക്ക് കാരണമായേക്കാം.

വൃക്കയിലെ കല്ലുകള്‍

അമിതമായ അളവില്‍ യൂറിക് ആസിഡ് ഉണ്ടാകുമ്പോള്‍ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെട്ടേക്കാം. ഇതുമൂലം വേദനയും ഓക്കാനവും മൂത്രത്തിലൂടെ രക്തംവരികയും ഒക്കെ ചെയ്‌തേക്കാം. ഇവയൊക്കെ മൂത്രനാളിയിലെ അണുബാധയായി പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ

  • ആവശ്യത്തിന് വെളളം കുടിക്കുന്നത് അമിത അളവിലുള്ള യൂറിക് ആസിഡ് പുറന്തള്ളാന്‍ സഹായിക്കുന്നു
  • ഉയര്‍ന്ന പ്യൂരിന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
  • യൂറിക് ആസിഡ് കുറയ്ക്കാന്‍ ശരീരഭാരം നിയന്ത്രിക്കുക.
  • വണ്ണമുള്ളവര്‍ 10-15 ശതമാനത്തോളം അവരുടെ തൂക്കം കുറയ്ക്കുമ്പോള്‍ യൂറിക് ആസിഡ് കുറയും.വ്യായാമം ചെയ്തും ആഹാരം നിയന്ത്രിച്ചും യൂറിക് ആസിഡ് കുറയ്ക്കാം.
  • വിവിധ ഇനം യീസ്റ്റ് ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്രഡ്, മദ്യം, കേക്ക് ഇവ ഒഴിവാക്കണം
  • മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍, കരള്‍, ടിന്നിടച്ച ഭക്ഷണങ്ങള്‍, കോള തുടങ്ങിയവ ഒഴിവാക്കണം.
  • ചാള, അയല, ചൂര, കണവ,കൊഞ്ച്,കക്ക തുടങ്ങിയവയും വഴുതനങ്ങ, കൂണ്, കോളിഫ്‌ളവര്‍ മുതലായവയും ഒഴിവാക്കുക.
  • കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവല്‍പഴം, ഇഞ്ചി, തക്കാളി,നാരങ്ങ,റാഗി നാരുകള്‍ അടങ്ങിയ ഭക്ഷണം, പൈനാപ്പിള്‍ എന്നിവ കഴിക്കുന്നത് നല്ലതാണ്.
  • രക്തത്തിലെ കൊഴുപ്പ് , ഷുഗര്‍ എന്നിവയും നിയന്ത്രിക്കുക.

Content Highlights : Hyperuricemia, or high uric acid levels, is a condition associated with kidney stones and gout. High levels of uric acid can put stress on the kidneys.

To advertise here,contact us