വയറുവേദന മുതല്‍ ക്ഷീണം വരെ. വയറ്റിലുണ്ടാകുന്ന കാന്‍സറിന്റെ 7 ലക്ഷണങ്ങള്‍ അറിയാം

ഈ ലക്ഷണങ്ങള്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുടേത് പോലെ തോന്നിയേക്കാം. എന്നാല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടത് അനിവാര്യമാണ്

ആമാശയ കാന്‍സര്‍, ഗ്യാസ്ട്രിക് കാന്‍സര്‍ എന്നും അറിയപ്പെടുന്നു. സാധാരണയായി ആമാശയത്തിന്റെ അകത്തുള്ള പാളിയിലാണ് കാന്‍സര്‍ കോശങ്ങള്‍ ഉണ്ടാകുന്നത്. പിന്നീട് ഇത് ആമാശയ ഭിത്തികളിലേക്ക് വ്യാപിക്കുന്നു. വയറുവേദന ഭാരം കുറയല്‍ തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ തുടക്കത്തില്‍ കാണപ്പെടാറില്ല. ആമാശയത്തിലെ ഏത് ഭാഗത്തും ആമാശയ കാന്‍സര്‍ ഉണ്ടാകാം. ആമാശയത്തിലെ കാന്‍സര്‍ കോശങ്ങള്‍ ആരോഗ്യകരമായ ശരീരകലകളെ ആക്രമിച്ച് നശിപ്പിക്കും. അവ ആമാശയഭിത്തിയിലേക്ക് കൂടുതല്‍ ആഴത്തില്‍ വളരാന്‍ തുടങ്ങും. കാലക്രമേണ, കാന്‍സര്‍ കോശങ്ങള്‍ വിഘടിച്ച് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കും. കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് വ്യാപിക്കുമ്പോള്‍ അതിനെ മെറ്റാസ്റ്റാസിസ് എന്ന് വിളിക്കുന്നു.

ആമാശയ കാന്‍സര്‍ പല തരത്തില്‍

അഡിനോകാര്‍സിനോമ

മ്യൂക്കസ് ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ് അഡിനോകാര്‍സിനോമ എന്ന ആമാശയ അര്‍ബുദം ആരംഭിക്കുന്നത്. ഇതാണ് ഏറ്റവും സാധാരണമായ ആമാശയ അര്‍ബുദം. ആമാശയത്തില്‍ ആരംഭിക്കുന്ന മിക്കവാറും എല്ലാ കാന്‍സറുകളും അഡിനോകാര്‍സിനോമയാണ്.

ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ സ്‌ട്രോമല്‍ ട്യൂമറുകള്‍ (GIST)

ആമാശയ ഭിത്തിയിലും മറ്റ് ദഹന അവയവങ്ങളിലും കാണപ്പെടുന്ന പ്രത്യേക നാഡീകോശങ്ങളിലാണ് GIST ആരംഭിക്കുന്നത്. GIST ഒരു തരം മൃദുവായ ടിഷ്യു സാര്‍ക്കോമയാണ്.

കാര്‍സിനോയിഡ് ട്യൂമറുകള്‍

ന്യൂറോ എന്‍ഡോക്രൈന്‍ കോശങ്ങളില്‍ ആരംഭിക്കുന്ന കാന്‍സറുകളാണ് കാര്‍സിനോയിഡ് ട്യൂമറുകള്‍. ശരീരത്തിലെ പല സ്ഥലങ്ങളിലും ന്യൂറോ എന്‍ഡോക്രൈന്‍ കോശങ്ങള്‍ കാണപ്പെടുന്നു. അവ ചില നാഡീകോശ പ്രവര്‍ത്തനങ്ങളും ഹോര്‍മോണുകള്‍ നിര്‍മ്മിക്കുന്ന കോശങ്ങളുടെ ചില പ്രവര്‍ത്തനങ്ങളും ചെയ്യുന്നു. കാര്‍സിനോയിഡ് ട്യൂമറുകള്‍ ഒരു തരം ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമറാണ്.

ലിംഫോമ

നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിലുള്ള കോശങ്ങളില്‍ ആരംഭിക്കുന്ന ഒരു കാന്‍സറാണ് ലിംഫോമ. ആമാശയത്തില്‍ ആരംഭിക്കുന്ന മിക്ക ലിംഫോമകളും ഒരു തരം നോണ്‍-ഹോഡ്ജ്കിന്‍സ് ലിംഫോമയാണ്.

ആമാശയ കാന്‍സര്‍ എങ്ങനെയാണ് ഉണ്ടാകുന്നത്? അപകട ഘടകങ്ങള്‍ എന്തൊക്കെ

  • പാരമ്പര്യം
  • ഭക്ഷണക്രമം - മോശമായ ഭക്ഷണക്രമം,അതായത് പഴങ്ങളും പച്ചക്കറികളും ഒന്നും ഉള്‍പ്പെടുത്താത്ത ഭക്ഷണരീതി.ഉപ്പിലിട്ടതോ പുകയില്‍ ഉണ്ടാക്കിയെടുത്തതോ, വൃത്തിയായി സൂക്ഷിക്കാത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്.
  • പുകയില ഉപയോഗം - പുകവലിക്കുന്നവര്‍ക്ക് പുകവലിക്കാത്തവരെ അപേക്ഷിച്ച് വയറ്റിലെ അര്‍ബുദ സാധ്യത കൂടുതലാണ്.
  • പാരിസ്ഥിതികവും തൊഴില്‍പരവുമായ എക്‌സ്‌പോഷറുകള്‍ - റബ്ബര്‍ അല്ലെങ്കില്‍ കല്‍ക്കരി വ്യവസായത്തില്‍ ജോലി ചെയ്യുക, വളരെ ഉയര്‍ന്ന അളവിലുള്ള റേഡിയേഷന് വിധേയമാകുന്ന ജോലിചെയ്യുക. ഇങ്ങനെയുള്ളവര്‍ക്ക് വയറ്റിലെ കാന്‍സറിന് സാധ്യത കൂടുതലാണ്.

ആമാശയ കാന്‍സറിന്റെ ലക്ഷണങ്ങള്‍

സ്ഥിരമായ വയറുവേദനയും അസ്വസ്ഥതയും

വയറ്റിലെ കാന്‍സര്‍ മൂലമുണ്ടാകുന്ന വേദന മങ്ങിയ വേദനയോ മൂര്‍ച്ചയുള്ള വേദനയോ ആയി അനുഭവപ്പെടാം.സാധാരണയായി, വേദന നിലനില്‍ക്കും. പക്ഷേ അതിന്റെ തീവ്രത വ്യത്യാസപ്പെടാം. ഇത് കാന്‍സര്‍ എവിടെ വ്യാപിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും.

ശരീരഭാരം കുറയുക, വിശപ്പില്ലായ്മ

ശരീരഭാരം കുറയുന്നത് ഒരു മുന്നറിയിപ്പ് സൂചനയാണ്. അതുപോലെ ഭക്ഷണം അല്‍പം കഴിക്കുമ്പോള്‍ത്തന്നെ വയറ് നിറയുന്നതുപോലെ തോന്നുക. ഭക്ഷണം കഴിച്ചശേഷം വയറ് വീര്‍ക്കുന്നതായി തോന്നുക.

ഓക്കാനം,ഛര്‍ദ്ദി

വയറില്‍ തടസം ഉണ്ടാവുകയോ വീക്കം സംഭവിക്കുകയോ ചെയ്യുമ്പോള്‍ ഭക്ഷണം ദഹിക്കാതെ വരികയും ഛര്‍ദ്ദി ഉണ്ടാവുകയും ചെയ്യും.

വിട്ടുമാറാത്ത ക്ഷീണവും ബലഹീനതയും

വിശ്രമത്തിന് ശേഷവും എപ്പോഴും ക്ഷീണം തോന്നുന്നത് ഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണ്.

പ്രതിരോധ നടപടികള്‍ എങ്ങനെ

ആമാശയ കാന്‍സറിനുളള സാധ്യത കുറയ്ക്കുന്നതിന് ചില കാര്യങ്ങള്‍ ചെയ്യാനാകും.

ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.

  • ഉപ്പും പുകയില്‍ വേവിച്ചതുമായ ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കുക.
  • പുകവലി ഉപേക്ഷിക്കുക.പുകവലി നിങ്ങളുടെ വയറ്റിലെ കാന്‍സറിനും മറ്റ് പലതരം കാന്‍സറുകള്‍ക്കും സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
  • കുടുംബത്തില്‍ ആര്‍ക്കെങ്കിലും ആമാശയ കാന്‍സര്‍ ഉണ്ടെങ്കില്‍ അത് ഡോക്ടറോട് പറയുകയും ഇടയ്ക്കിടെ പരിശോധനകള്‍ നടത്തുകയും വേണം.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

To advertise here,contact us