പനിയും തലവേദനയും ശരീര വേദനയും ഒക്കെ വരുമ്പോള്‍ സാധാരണയായി വേദനസംഹാരികള്‍( pain killers) കഴിക്കാറുണ്ട്. വേദനയില്‍നിന്നുള്ള താല്‍ക്കാലിക ആശ്വാസത്തിന് പെയിന്‍ കില്ലറുകള്‍ കഴിക്കുന്നത് സ്വാഭാവികവുമാണ്. എന്നാല്‍ ഇവയുടെ അമിത ഉപയോഗം അവയവങ്ങള്‍ക്ക് ദോഷം ചെയ്യുമോ എന്ന സംശയം കാലങ്ങളായി എല്ലാവര്ക്കും ഉള്ളതാണ്. അതിനുള്ള ഉത്തരം അതെ എന്നുതന്നെയാണ്. വേദന സംഹാരികള്‍ ശരിയായ രീതിയില്‍ കഴിച്ചില്ല എങ്കില്‍ അവ അപകടകരമാണ്.
നാഷണല്‍ കിഡ്നി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വേദന സംഹാരികള്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഈ മരുന്നുകള്‍ രക്തപ്രവാഹത്തെയും വൃക്കകളിലെ കലകളെയും ബാധിക്കുന്നു. ഇത് ക്രമേണ അവയുടെ നാശത്തിലേക്ക് നയിക്കുന്നു. നിലവില്‍ വൃക്ക തകരാര്‍ ഉള്ളവര്‍ക്ക് കൂടുതല്‍ അപകട സാധ്യതയുണ്ട്. പ്രായത്തിനനുസരിച്ച് ഈ അപകട സാധ്യത വര്‍ധിക്കുകയും ചെയ്യും.
വേദന സംഹാരികള്‍ എപ്പോഴും ജാഗ്രതയോടുകൂടി ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മരുന്ന് കഴിക്കരുത്. ശ്രദ്ധിക്കേണ്ട കാര്യം സാധ്യമായ ഏറ്റവും കുറഞ്ഞ അളവിലും കുറഞ്ഞ തവണകളിലും കഴിക്കാന്‍ ശ്രദ്ധിക്കുക.
ചില വേദന സംഹാരികള്‍ പൊതുവേ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നു. പക്ഷേ അവ ഉയര്‍ന്ന അളവില്‍ കഴിച്ചാല്‍ പാര്ശ്വഫലഭങ്ങള്ക്ക് കാരണമാകും. വേദനയും നീര്‍വീക്കവും ഒക്കെ കുറയ്ക്കുമെങ്കിലും ദീര്‍ഘകാല ഉപയോഗം വൃക്കകളെ തകരാറിലാക്കും. ഹൃദ്രോഗം,ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ വൃക്കപ്രശ്നങ്ങള്‍ ഉള്ളവര്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.(ഈ ലേഖനം വിവരങ്ങള്‍ നല്കുന്നതിനുവേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Painkillers help reduce pain, fever, and inflammation. Although they are generally considered safe, can they be harmful to organs? In what dosage should they be taken?