ഗുളികയുടെ നടുവിലെ വര എന്തിനാണ്?; അറിയാം അതിന് പിന്നിലെ കാരണം

നടുവില്‍ വരയില്ലാത്ത ഗുളിക മുറിച്ച് കഴിക്കാമോ?

ഗുളിക കഴിക്കാനെടുക്കുമ്പോള്‍ അതിന് നടുവിലൂടെയുള്ള ഒരു വര ശ്രദ്ധിച്ചിട്ടില്ലേ ? എന്തിനാണ് അങ്ങനെ ഒരു വര എന്ന് ആലോചിച്ചിട്ടുണ്ടോ? മുറിച്ച് കഴിക്കാനുള്ള എളുപ്പത്തിനുവേണ്ടിയാണെന്നും അതല്ല ഒരു ഡിസൈന്‍ ആണെന്നും ഒക്കെ അഭിപ്രായമുണ്ടാകും. എന്നാല്‍ ഇതൊന്നുമല്ല. യഥാര്‍ഥത്തില്‍ ഗുളികയുടെ നടുവില്‍ ഇങ്ങനെയൊരു വര നല്‍കിയതിന് പിന്നില്‍ പ്രധാനപ്പെട്ട ചില ഉദ്ദേശ്യങ്ങളുണ്ട്.

ഗുളികയുടെ നടുവിലെ ഈ വരയെ സ്‌കോര്‍ ലൈന്‍ ( Score line) എന്നാണ് വിളിക്കുന്നത്. ഒരു മരുന്നിനെ ചെറിയ ഡോസുകളായി വിഭജിക്കുന്നത് എളുപ്പമാക്കുന്നതിന് അതില്‍ ഉപയോഗിക്കുന്ന അടയാളമാണ് സ്‌കോര്‍ ലൈന്‍. അതായത് ചില മരുന്നുകള്‍ മുഴുവന്‍ ഡോസ് കഴിക്കേണ്ടതില്ലാത്ത സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ പകുതി ഡോസ് നിര്‍ദേശിക്കാറുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ ഗുളിക മുറിച്ച് ഡോസ് കൃത്യമായി പാലിക്കാന്‍ സാധിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഓരോ പകുതിയിലും തുല്യ അളവില്‍ ചേരുവ അടങ്ങിയിട്ടുണ്ട്. ഗുളിക മുറിക്കുമ്പോള്‍ തുല്യമായ രണ്ട് ഭാഗങ്ങളായി വേര്‍തിരിക്കാന്‍ സ്‌കോര്‍ലൈന്‍ സഹായിക്കും.

എല്ലാ ഗുളികകളും മുറിക്കാമോ?

ഗുളിക തുല്യമായി വിഭജിക്കാന്‍ സ്‌കോര്‍ ലൈന്‍ സഹായിക്കുമെങ്കിലും എല്ലാ ടാബ്‌ലറ്റുകളും മുറിച്ച് കഴിക്കരുത്. കാരണം ചില മരുന്നുകളില്‍ പ്രത്യേകതരം കോട്ടിംഗ് ഉണ്ടാകും. (വയറ്റിലെ ആസിഡില്‍ ലയിക്കാതെ കുടലിലെത്തി പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള മരുന്നുകളിലാണ് കോട്ടിംഗ് ഉണ്ടാകുന്നത്). അങ്ങനെയുള്ള ഗുളികകള്‍ മുറിച്ചാല്‍ ആ കോട്ടിംഗ് തകര്‍ക്കപ്പെടും. അത് മരുന്നിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കും. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഗുളിക മുറിച്ച് കഴിക്കേണ്ടതുണ്ടെങ്കില്‍ ഡോക്ടര്‍മാരോ ഫാര്‍മസിസ്റ്റുകളോ സാധാരണയായി രോഗികളോട് പറയാറുണ്ട്.

നടുവില്‍ വരയില്ലാത്ത ഗുളികകള്‍ മുറിക്കാമോ?

ചില ഗുളികകളുടെയും നടുവില്‍ വരയുണ്ടാവാറില്ല. നടുവില്‍ വരയില്ലാത്ത ഗുളികകള്‍ മുറിക്കുമ്പോള്‍ അത് തുല്യഭാഗങ്ങളാകുന്നില്ല. ചിലപ്പോള്‍ ഒരു ഭാഗത്ത് മരുന്ന് കൂടുതലും അടുത്ത ഭാഗത്ത് മരുന്ന് കുറവും ആയിരിക്കും.

ഗുളികയിലെ വരകളുടെ മറ്റ് ഉദ്ദേശ്യങ്ങള്‍

സ്‌കോര്‍ലൈന്‍ ഗുളിക മുറിക്കാനുള്ള സൗകര്യത്തിന് വേണ്ടി മാത്രമല്ല. ഇത് മരുന്നുകളുടെ പാഴാക്കല്‍ കുറയ്ക്കാന്‍ സഹായിക്കും. ചുരുക്കത്തില്‍, ടാബ്ലെറ്റിലെ ലൈന്‍ നിര്‍മ്മാതാക്കള്‍ പ്രായോഗികവും ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്തതുമായ ഒരു രൂപകല്‍പ്പനയാണ്. ഇതോടെ രോഗികള്‍ക്ക് സുരക്ഷിതമായി ഗുളികയുടെ അളവ് കഴിക്കാം.

Content Highlights : Why is there a line in the middle of the pill? What are the benefits of it?

To advertise here,contact us