ശരീരത്തില്‍ മഗ്നീഷ്യം കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം

ക്ഷീണവും കൈകാല്‍ വേദനയും ഒക്കെ വെറുതേ തള്ളിക്കളയേണ്ട

ശരീരത്തില്‍ വിറ്റാമിന്റെയോ ധാതുക്കളുടെയോ എന്തിന്റെയെങ്കിലും കുറവുണ്ടായാല്‍ അവയൊക്കെ ആരോഗ്യകരമായി നമ്മേ പല രീതിയില്‍ ബാധിച്ചേക്കാം. ക്ഷീണവും ഉറക്കക്കുറവും തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ എന്തെങ്കിലും പോഷകാഹാരത്തിന്റെയോ മറ്റെന്തെങ്കിലും ധാതുക്കളുടെയോ കുറവായിരിക്കാം. അവ കൃത്യമായി തിരിച്ചറിഞ്ഞ് പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്യാവുന്നതാണ്.

മഗ്നീഷ്യം ശരീരത്തിന്റെ ആരോഗ്യത്തില്‍ വഹിക്കുന്ന പങ്ക്

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട ധാതുക്കളില്‍ ഒന്നാണ് മഗ്‌നീഷ്യം. പേശികളുടെയും നാഡികളുടെയും പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നത് മുതല്‍ അസ്ഥികള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതും വരെയുളള കാര്യങ്ങളില്‍ മഗ്‌നീഷ്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിര്‍ഭാഗ്യവശാല്‍, പലര്‍ക്കും ഭക്ഷണത്തില്‍ നിന്ന് ആവശ്യത്തിന് മഗ്‌നീഷ്യം ലഭിക്കുന്നില്ല. ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

ശരീരത്തിലെ മഗ്നീഷ്യം കുറവിന്റെ ലക്ഷണങ്ങള്‍

പേശിവലിവും കോച്ചിപ്പിടുത്തവും

കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിച്ചുകൊണ്ട് പേശികളുടെ സങ്കോചങ്ങളെ നിയന്ത്രിക്കാന്‍ മഗ്‌നീഷ്യം സഹായിക്കുന്നു. മഗ്‌നീഷ്യം കുറവിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ഒന്ന് ഇടയ്ക്കിടെയുള്ള പേശിവലിവ്, അല്ലെങ്കില്‍ പേശി സങ്കോചങ്ങളാണ്. മഗ്‌നീഷ്യത്തിന്റെ അളവ് കുറയുമ്പോള്‍, പേശികള്‍ അനിയന്ത്രിതമായി ചുരുങ്ങുകയും വേദനയുണ്ടാവുകയും ചെയ്യും. രാത്രിയിലോ വ്യായാമത്തിനു ശേഷമോ പതിവായി വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണം മഗ്‌നീഷ്യത്തിന്റെ കുറവായിരിക്കാം.

ക്ഷീണവും ഊര്‍ജക്കുറവും

കോശങ്ങളിലെ പ്രധാന ഊര്‍ജസ്രോതസാണ് അഡിനോസിന്‍ ട്രൈഫോസ്‌ഫേറ്റ്. അതിന്റെ ഉത്പാദനത്തിന് മഗ്നീഷ്യം വളരെ ആവശ്യമാണ്. ആവശ്യത്തിന് മഗ്നീഷ്യം ഇല്ലാതെ വരുമ്പോള്‍ ശരീരം ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ബുദ്ധിമുട്ടും.ഇത് മൂലം ക്ഷീണവും ബലഹീനതയും ഉണ്ടായേക്കാം.

ക്രമരഹിതമായ ഹൃദയമിടിപ്പ്

മഗ്നീഷ്യത്തിന്റെ കുറവ് ക്രമരഹിതമായ ഹൃദയമിടിപ്പിന് കാരണമാകും. ഹൃദയ കോശങ്ങളിലെ കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും അളവ് നിയന്ത്രിക്കാന്‍ മഗ്നീഷ്യം സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ വലിയ രീതിയിലുള്ള കുറവ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും മാനസികാവസ്ഥയെ നിയന്ത്രിക്കാനും മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് ഉത്കണ്ഠ, വിഷാദം, സമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. തലച്ചോറിലേക്ക് സന്ദേശമയക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളെ നിയന്ത്രിക്കുന്നത് മഗ്നീഷ്യമാണ്. ഇവയുടെ കുറവ് ആളുകളില്‍ ദേഷ്യം,മാനസികാവസ്ഥയിലെ മാറ്റങ്ങള്‍,അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു.

അസ്ഥികള്‍ ദുര്‍ബലമാകുന്നു

അസ്ഥികളുടെ ബലത്തിന് സഹായിക്കുന്നത് കാല്‍സ്യവും വിറ്റാമിന്‍ ഡിയും ആണ്. എന്നാല്‍ അസ്ഥികളുടെ സാന്ദ്രത നിലനിര്‍ത്താന്‍ മഗ്നീഷ്യം വഹിക്കുന്ന പങ്ക് ചെറുതല്ല. കാല്‍സ്യത്തിന്റെയും വിറ്റാമിന്‍ ഡിയുടെയും അളവ് നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് അസ്ഥികളുടെ സാന്ദ്രത കുറയ്ക്കുകയും മുന്നോട്ടുപോകുമ്പോള്‍ ഓസ്റ്റിയോ പോറിസിസ്, ഒടിവുകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

ശരീരത്തില്‍ മരവിപ്പും തരിപ്പും അനുഭവപ്പെടുക

ശരീരത്തില്‍ മരവിപ്പ് അനുഭവപ്പെടുകയും സൂചികുത്തുന്നതുപോലുളള തോന്നല്‍ ഉണ്ടാവുകയും ചെയ്യുന്നത് മഗ്നീഷ്യത്തിന്റെ കുറവ് മൂലമാണ്. മഗ്നീഷ്യം കുറവ് നാഡികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും.

മഗനീഷ്യത്തിന്റെ കുറവ് എങ്ങനെ പരിഹരിക്കാം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണത്തിന്റെ കുറവ്, അമിത മദ്യപാനം, പഞ്ചസാരയുടെ അമിത ഉപോഗം, പ്രമേഹം, ആന്റിബയോട്ടിക് പോലെയുള്ള ചില മരുന്നുകളുടെ ഉപയോഗം എന്നിവയൊക്കെ മഗ്നീഷ്യം കുറവിന് കാരണമായേക്കാം. ആരോഗ്യകരമായ ഭക്ഷണം ഒരു പരിധിവരെ മഗ്നീഷ്യത്തിന്റെ കുറവ് നികത്താന്‍ സഹായിക്കും. ഇലക്കറികള്‍, പരിപ്പ് കടല പോലുള്ള പയറുവര്‍ഗങ്ങള്‍ കഴിക്കുക,ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുക.ഇവയെല്ലാം മഗ്നീഷ്യം കുറവ് പരിഹരിക്കാന്‍ സഹായിക്കും. ഡോക്ടറിന്റെ തീരുമാനം അനുസരിച്ച് സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights : Low levels of magnesium in the body can cause many health problems.

To advertise here,contact us