കാലിലുണ്ടാകുന്ന മരവിപ്പ് പലരെ സംബന്ധിച്ചും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ്. കാലുകളിലെ രക്തയോട്ടം കുറയുന്നതോ നാഡികള്ക്ക് ഏല്ക്കുന്ന സമ്മര്ദ്ദമോ ഒക്കെയാണ് പലപ്പോഴും മരവിപ്പ് ഉണ്ടാകാന് കാരണം. കാലുകളിലെ സംവേദന ക്ഷമത നഷ്ടപ്പെടുന്ന അവസ്ഥയാണ് മരവിപ്പ്. ഇത് പൂര്ണമായോ ഭാഗീകമായോ ആകാം. മരവിപ്പിനൊപ്പം ശരീരത്തില് ഇക്കിളി അല്ലെങ്കില് സൂചി കുത്തുന്നതുപോലെയുള്ള ഒരു തോന്നലും അനുഭവപ്പെട്ടേക്കാം.
പ്രമേഹ രോഗികള്ക്ക് കൈകാലുകളില് മരവിപ്പ് ഉണ്ടാകാനിടയുണ്ട്. അതിനാല് കൃത്യമായ പരിശോധനയും മരുന്നുകളും ആവശ്യമാണ്.ഡയബറ്റിക് ന്യൂറോപ്പതി ഞരമ്പുകള്ക്കുണ്ടാകുന്ന കേട് മൂലമാണ് സംഭവിക്കുന്നത്. പ്രമേഹം കാലുകളുടെ ഞരമ്പുകള്ക്ക് കേടുവരുത്തും. അതുപോലെ വിറ്റാമിന് B12ന്റെ കുറവ് ഇതിനുള്ള ഒരു പ്രധാന കാരണമാണ്.മറ്റ് പല കാരണങ്ങള് കൊണ്ടും ഈ പ്രശ്നം ഉണ്ടായേക്കാം. ചില ലളിതമായ പരിഹാര മാര്ഗ്ഗങ്ങള് ഉപയോഗിച്ച് മരവിപ്പ് ശമിപ്പിക്കാന് കഴിയും.
പരിഹാരമാര്ഗ്ഗങ്ങള് എന്തെല്ലാം
- ചെറുചൂടുവെള്ളത്തില് അല്പം എപ്സം സാള്ട്ട് ഇട്ട് അതില് പാദങ്ങള് മുക്കി വയ്ക്കുന്നത് പേശികള്ക്ക് ആശ്വാസം നല്കും. സന്ധിവാതം അല്ലെങ്കില് മറ്റ് അസ്ഥി സംബന്ധമായ അസുഖങ്ങള് മൂലമുണ്ടാകുന്ന പേശിവേദനയും സന്ധി വേദനയും ഇല്ലാതാക്കാവന് എപ്സം സാള്ട്ട് ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല വെള്ളത്തില് എപ്സം സാള്ട്ട് കലര്ത്തി അതില് കാല് മുക്കി വെക്കുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
- ദിവസവും 10-15 മിനിറ്റ് നേരം കാലുകള് ഉയര്ത്തിവച്ച് കിടക്കുന്നത് കാലിലെ ഞരമ്പുകളുടെ സമ്മര്ദ്ദം കുറയ്ക്കാന് സഹായിക്കുന്നു.
- എണ്ണയോ മറ്റോ ഉപയോഗിച്ച് കാലുകള് മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വര്ധിപ്പിക്കും.
- വിറ്റാമിന് B12അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, പാല്, ധാന്യങ്ങള് എന്നിവ ഭക്ഷണത്തില് ഉള്പ്പെടുത്തുക. നാഡികളുടെ ആരോഗ്യത്തിന് ഇത്തരം ഭക്ഷണങ്ങളുടെ ആവശ്യം അത്യന്താപേക്ഷിതമാണ്.
- കാലുകള്ക്ക് ആശ്വാസം പകരാനായി ലളിതമായി വ്യായാമം ചെയ്യാം. കാല്വിരലുകള് ചലിപ്പിക്കുന്നതും പാദങ്ങള് വട്ടത്തില് കറക്കിയും വ്യായാമം ചെയ്യുന്നത് കാലിലെ മരവിപ്പ് മാറ്റാനുള്ള നല്ലമാര്ഗമാണ്.
- ധാരാളം വെള്ളം കുടിക്കുക. ശരീരത്തിലെ വിഷാംശങ്ങള് പുറംതളളാനും പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും വെള്ളംകുടി സഹായിക്കും.
Content Highlights :Problems like diabetes and vitamin deficiency can cause numbness in the feet.