ഈ 5 ഭക്ഷണങ്ങള്‍ ബാക്കിയാകാറുണ്ടോ? ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കരുത്

വീണ്ടും ചൂടാക്കിയാല്‍ സുരക്ഷിതമല്ലാത്ത 5 ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

ഭക്ഷണം ചൂടാക്കി കഴിക്കുന്നതില്‍ എന്താണ് തെറ്റ് അതൊരു സാധാരണ കാര്യമല്ലേ?സൗകര്യമായി തലേദിവസത്തെ ഭക്ഷണം ചൂടോടെയും രുചികരമായും കഴിക്കുകയും ചെയ്യാം.പല വീടുകളിലും ഇത് പതിവ് കാര്യമാണ്. എന്നാല്‍ വീണ്ടു ചൂടാക്കിയാല്‍ വിഷാംശം ഉണ്ടാക്കുന്ന ഭക്ഷണങ്ങളുണ്ടത്രേ. അത്തരത്തിലുളള അഞ്ച് ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ചോറ്

വേവിച്ചെടുത്ത ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് പതിവ് രീതിയാണ്. എന്നാല്‍ ഭൂരിഭാഗം ആളുകളുടെയും ഇഷ്ട ഭക്ഷണമായ ചോറ് ചൂടാക്കി കഴിക്കുന്നതില്‍ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. കാരണം അസംസ്‌കൃത അരിയില്‍ ബാസിലസ് സെറിയസ് എന്നറിയപ്പെടുന്ന ബാക്ടീരിയയുടെ ബീജകോശങ്ങള്‍ അടങ്ങിയിട്ടുണ്ട്. വേവിച്ച ചോറ് കൂടുതല്‍ സമയം മുറിയിലെ താപനിലയില്‍ വയ്ക്കുമ്പോള്‍ ഈ ബീജകോശങ്ങള്‍ പെരുകി വിഷവസ്തുക്കള്‍ ഉത്പാദിപ്പിക്കപ്പെടും. വീണ്ടും ചൂടാക്കുമ്പോള്‍ ഇവ നശിക്കുന്നില്ല. ഇതിനുള്ള പോംവഴി അരി വേവിച്ചെടുത്ത ശേഷം വേഗത്തില്‍ തണുപ്പിച്ചെടുത്ത് ഒരു മണിക്കൂറിനുള്ളില്‍ റഫ്രിഡ്ജറേറ്ററില്‍ വയ്ക്കണം. ഇത് ഒരു തവണ മാത്രമേ നന്നായി ചൂടാക്കാവൂ. ചോറ് രാത്രി മുഴുവന്‍ പുറത്തുവച്ച ശേഷം അടുത്ത ദിവസം വീണ്ടും ചൂടാക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് പാചകം ചെയ്യുമ്പോള്‍ സുരക്ഷിതമാണെങ്കിലും പാകം ചെയ്തുകഴിഞ്ഞ് തണുപ്പിച്ച് തെറ്റായി സൂക്ഷിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത്. വേവിച്ച ഉരുളക്കിഴങ്ങ് മുറിയിലെ താപനിലയില്‍ വയ്ക്കുന്നത് ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പ്രത്യേകിച്ച് ഫോയില്‍ കൊണ്ട് പൊതിഞ്ഞതോ റഫ്രിഡ്ജറേറ്ററില്‍ വയ്ക്കാതെ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുന്നതോ ആണെങ്കില്‍. വീണ്ടും ചൂടാക്കിയാലും ഈ ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നില്ല. ഉരുളക്കിഴങ്ങ് വീണ്ടും ചൂടാക്കണമെങ്കില്‍, അവ വേഗത്തില്‍ തണുപ്പിച്ച്, ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം നന്നായി ചൂടാക്കണം.

മുട്ടകള്‍

മുട്ടകളുടെ ഘടന ചൂടാകുമ്പോള്‍ മാറുന്നു. വേവിച്ച മുട്ടകള്‍, പ്രത്യേകിച്ച് സ്‌ക്രാംബിള്‍ഡ് എഗ്ഗ്‌സ്, ഓംലെറ്റുകള്‍, അല്ലെങ്കില്‍ മുട്ട കറിയുടെ ഗ്രേവികള്‍ എന്നിവ വീണ്ടും ചൂടാക്കുന്നത് സുരക്ഷിതമല്ല. വീണ്ടും ചൂടാക്കുന്നത് മാത്രമല്ല പ്രശ്‌നം, സാവധാനത്തില്‍ തണുപ്പിച്ചതിന് ശേഷം വീണ്ടും ചൂടാക്കുന്നതാണ് പ്രശ്‌നം. മുറിയിലെ താപനിലയില്‍ വച്ചിരിക്കുന്ന മുട്ടകള്‍ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പ്രത്യേകിച്ച് സാല്‍മൊണെല്ല ബാക്ടീരിയ. വീണ്ടും ചൂടാക്കുന്നത് ബാക്ടീരിയകളെ അതിജീവിക്കാന്‍ അനുവദിക്കുന്നു. വേവിച്ച മുട്ടകള്‍ തണുപ്പിച്ചോ പുതുതായി വേവിച്ചതോ കഴിക്കുന്നതാണ് ഉത്തമം. മുട്ട കറികള്‍ ഒന്നിലധികം തവണ വീണ്ടും ചൂടാക്കരുത്. അവ തയ്യാറാക്കിയ ഉടന്‍ റഫ്രിഡ്ജറേറ്ററില്‍ വച്ചാല്‍ മതി.

ചീരയും ഇലക്കറികളും

ചീര, കാബേജ് തുടങ്ങിയ ഇലക്കറികളില്‍ സ്വാഭാവികമായും നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. പാകം ചെയ്ത് സാവധാനം തണുപ്പിക്കുമ്പോള്‍, ഈ നൈട്രേറ്റുകള്‍ ദഹനപ്രശ്നങ്ങള്‍ക്കും ദീര്‍ഘകാല ആരോഗ്യ അപകടങ്ങള്‍ക്കും കാരണമാകുന്ന സംയുക്തങ്ങളായ നൈട്രൈറ്റുകളും നൈട്രോസാമൈനുകളും ആയി മാറും. വീണ്ടും ചൂടാക്കുന്നത് ഈ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നു. ഉടനടി വിഷബാധയുണ്ടാക്കില്ലെങ്കിലും, ഇലക്കറികള്‍ ആവര്‍ത്തിച്ച് ചൂടാക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍. ഇവ പുതുതായി അല്ലെങ്കില്‍ പാചകം ചെയ്ത ഉടനെ കഴിക്കുന്നതാണ് നല്ലത്.

കോഴിയിറച്ചിയും മറ്റ് മാംസങ്ങളും

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വീണ്ടും ചൂടാക്കുന്നത് വളരെ അപകടകരമാണ്. പ്രത്യേകിച്ച് കോഴിയിറച്ചിക്ക് പ്രോട്ടീന്‍ ഘടനയുണ്ട്. അത് തണുപ്പിക്കുകയും തെറ്റായി വീണ്ടും ചൂടാക്കുകയും ചെയ്യുമ്പോള്‍ മാറുന്നു. ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടാക്കുകയും ബാക്ടീരിയ മലിനീകരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഗ്രേവികള്‍, ക്രീം അല്ലെങ്കില്‍ കട്ടിയുള്ള മസാലകള്‍ അടങ്ങിയ മാംസ വിഭവങ്ങള്‍ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയകള്‍ വളരാനിടയാക്കുന്നു. മാംസം മുഴുവന്‍ ചൂടോടെ ആവിയില്‍ വേവിച്ച് വേണം കഴിക്കാന്‍. ഒരിക്കലും ഭാഗികമായി ചൂടാക്കരുത്. ഒന്നിലധികം തവണ വീണ്ടും ചൂടാക്കുന്നത് അപകടസാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.

Content Highlights :There are foods that can become toxic if reheated. Here are five such foods.

To advertise here,contact us