ഇയർഫോൺ ഇന്ത്യൻ യുവത്വത്തിന്റെ കേൾവിശക്തി ഇല്ലാതാക്കുമ്പോൾ! ഇക്കാര്യം അറിഞ്ഞിരിക്കാം

ഇന്ത്യയിലേ കാര്യം പരിഗണിച്ചാല്‍ കൗമാരക്കാരിലും യുവാക്കളിലുമാണ് ഈ ട്രെൻഡ് കാണപ്പെടുന്നതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു

ഇയർഫോൺ ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് ഓർക്കാൻ കഴിയില്ല. പാട്ടുകേൾക്കാൻ, ഫോൺ കോൾ ചെയ്യാൻ, വർക്ക്ഔട്ട് ചെയ്യുമ്പോള്‍ എന്തിന് ഓൺലൈൻ മീറ്റിങിനു പോലും നമുക്ക് ഇയർഫോണുകൾ ഒഴിച്ചുകൂടാൻ കഴിയാത്ത ഉപകരണമാണ്. എപ്പോഴും ചെവിക്കുള്ളിൽ ഇയർഫോണുമായി കഴിയുന്നവർ അറിയാതെ പോകുന്ന, ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് അവരെ കാത്തിരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നം. അമിതമായ ശബ്ദം മൂലം സ്വന്തം കേൾവിശക്തി നഷ്ടമാകുകയാണ് എന്ന് പലരും തിരിച്ചറിയുന്നത് വളരെ വൈകിയാണ്.

സുരക്ഷിതമല്ലാത്ത രീതിയിൽ ഇയർഫോണുകളും മറ്റ് ഓഡിയോ ഉപകരണളും ഉപയോഗിക്കുന്നത് മൂലം ഒരു ബില്യണിലധികം ചെറുപ്പക്കാർക്കാണ് കേൾവിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായതെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയിലേ കാര്യം പരിഗണിച്ചാല്‍ കൗമാരക്കാരിലും യുവാക്കളിലുമാണ് ഈ ട്രെൻഡ് കാണപ്പെടുന്നതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു.

ചെവിയിലേക്ക് ഇയർബഡുകൾ വയ്ക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാൻ ഭൂരിഭാഗം പേരും മെനക്കെടാറില്ല. വൃത്തിയുടെ കാര്യം മാത്രമല്ല ഇവിടെ ശ്രദ്ധിക്കേണ്ടത്, ഒരൊറ്റ ദിവസം എത്ര നേരം എത്ര ഉച്ചത്തിലാണ് അത് ഉപയോഗിക്കുന്നതെന്നും നമ്മൾ ചിന്തിക്കണമെന്ന് മണിപാൽ ഹോസ്പ്പിറ്റൽ സ്‌കൾ ബേസ് സർജനും ഇഎൻടി ഹെഡ് ആൻഡ് നെക്ക് സർജനുമായ ഡോ സതീഷ് നായർ ഓർമിപ്പിക്കുന്നു.

ഉൾക്കാതിലെ ഹെയർ സെല്ലുകളെ അമിതമായ ശബ്ദം ബാധിക്കുന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. നശിച്ചു പോകുന്ന ഈ കോശങ്ങൾ പിന്നീട് ഉണ്ടാവുകയില്ല. ഇതിന്റെ ഫലമായി നഷ്ടമാകുന്ന കേൾവി ചിലപ്പോൾ താത്കാലികമാകാം, എന്നാൽ ചിലസമയം കേൾവി എന്നന്നേക്കുമായി നഷ്ടപ്പെടും. 85 ഡെസിബെൽവരെയാണ് സുരക്ഷിതമായി കേൾക്കാൻ പറ്റിയ ശബ്ദത്തിന്റെ അളവ്. നിരന്തരമായി ഇതിനെ മറികടന്ന അളവിൽ ചെവിക്കുള്ളിൽ ശബ്ദം മുഴങ്ങുന്നത് വലിയ അപകടത്തിലേക്കാണ് നയിക്കുക. പലർക്കും കേൾവി കുറഞ്ഞ് തുടങ്ങിയത് മനസിലാക്കാൻ തന്നെ സാധിക്കില്ല. ചെവിക്കുള്ളിലുണ്ടാകുന്ന മുഴക്കം, പറയുന്ന കാര്യം മനസിലാക്കാൻ കഴിയാതെ പോകുന്ന അവസ്ഥ എന്നിവയെല്ലാം കേൾവി പൂർണായി നഷ്ടമാകുന്ന സ്ഥിതിയിലെത്തുമ്പോഴാകും ശ്രദ്ധിക്കുക.

ചെവിയിലുണ്ടാകുന്ന മുഴക്കം അല്ലെങ്കിൽ മുരളൽ, കേൾവിയിൽ എന്തോ തടസം രൂപപ്പെട്ട പോലെയുള്ള ഒരു തോന്നൽ, കേൾക്കുന്നതിലെ വ്യക്തതയില്ലായ്മ, ബഹളമുള്ള സാഹചര്യങ്ങളിൽ സംഭാഷണങ്ങൾ മനസിലാകാതെ പോകുക, കുറേ ശബ്ദം കേട്ട ശേഷം ചെവിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്, ചില ശബ്ദങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം തള്ളിക്കളയാൻ പാടില്ലാത്ത സൂചനകളാണ്.

വൃത്തിയില്ലാത്ത ഇയർബഡുകളാണ് കേൾവിശക്തി നഷ്ടമാകാൻ കാരണമെന്നൊരു വിശ്വാസം പൊതുവേയുണ്ട്. വൃത്തി പ്രധാനപ്പെട്ട ഘടകമാണെങ്കിലും ഇതല്ല പ്രധാന അപകടമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. വിയർപ്പും ഈർപ്പവും മൂലം വൃത്തിയില്ലാത്ത ഇയർബഡുകൾ അണുബാധയ്ക്ക് കാരണമാകാം. പക്ഷേ കേൾവിശക്തിയെ ബാധിക്കുന്ന പ്രധാനകാരണം അമിതമായ ശബ്ദം തന്നെയാണ്. അമിതമായ ശബ്ദം മൂലം കേൾവിനഷ്ടമാകുന്ന സ്ഥിതിയെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും. അതിന് ആദ്യം ചെയ്യേണ്ടത് ഈ ശബ്ദത്തിൽ നിന്നും അകലം പാലിക്കുക എന്നത് തന്നെയാണ്.

ഡോക്ടർമാർ പ്രധാനമായും പറയുന്നത് WHOയുടെ 60-60 നിയമം പിന്തുടരാനാണ്. വോളിയം ഒരിക്കലും അറുപത് ശതമാനത്തിൽ കൂടരുത്. മാത്രമല്ല ഒരേ സമയം അറുപത് മിനിറ്റിൽ കൂടുതൽ അങ്ങനെ കേൾക്കാനും പാടില്ല. ഇയർഫോൺ ഉപയോഗം കുറയ്ക്കണം. സൗണ്ട് എക്‌സോപഷർ 80 ഡെസിബെല്ലിന് താഴെയാകണം. കാതുകളിൽ ഒരിക്കൽ പ്രശ്‌നം പറ്റിയാൽ പിന്നെ പഴയപടിയാകില്ല. അതിനാൽ സ്ഥിരമായി ഇയർബഡുകളും ഹെഡ്‌സെറ്റും ഉപയോഗിക്കുന്നത് കുറയ്ക്കുക, കേൾവിശക്തി ഇടയ്ക്കിടെ പരിശോധിക്കുക, ഇഎൻടി സ്‌പെഷ്യലിസ്റ്റിനെ എത്രയും പെട്ടെന്ന് സമീപിക്കുക എന്നതെല്ലാം അപകടം ഒഴിവാക്കാൻ നല്ലതാണ്. ഒരിക്കലും പെട്ടെന്ന് നഷ്ടപ്പെടുന്ന ഒന്നല്ല കേള്‍വിശക്തി, അത് പതിയെ പതിയെയാണ് നഷ്ടപ്പെടുക, ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും വീണ്ടെടുക്കാൻ കഴിയില്ലെന്ന് ഓർക്കുക.

Content Highlights: Health experts have raised alarms over the increasing cases of permanent hearing loss among Indian youth due to excessive earphone usage

To advertise here,contact us