ചോറും വിഷമാകുമോ? ചൈനീസ് നെൽപ്പാടങ്ങളിൽ നടത്തിയ പഠനം ഞെട്ടിക്കും

ചൈനയിലെ യാങ്‌സേ നദി ഡെൽറ്റയിലുള്ള നെൽപ്പാടങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്

അന്തരീക്ഷത്തില്‍ ഉയർന്ന് വരുന്ന താപനിലയും അമിതമായ കാർബൺ ഡയോക്‌സൈഡിന്‍റെ അളവും മൂലം അരി ആർസനിക്ക് അമിതമായി ആഗീരണം ചെയ്യുമെന്നും ഇത് വിഷമയവും അപകടകരവുമാണെന്നും വ്യക്തമാക്കുകയാണ് പുറത്ത് വന്ന ഒരു പഠനം. ഈ അവസ്ഥ തുടരുകയാണെങ്കിൽ കോടിക്കണക്കിന് പേരുടെ പ്രിയപ്പെട്ട ഭക്ഷണമായ ചോറും ഭാവിയിൽ വിഷമായി മാറാമെന്നാണ് മുന്നറിയിപ്പ്. കൊളംബിയ യൂണിവേഴ്‌സിറ്റി നയിച്ച പഠനം ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചൂടുള്ള, കാർബൺ നിറഞ്ഞ സാഹചര്യം അരിയിൽ ആർസനിക്കിന്റെ അളവ് കൂട്ടും.

ഭൂഗർഭ ജലത്തിലാണ് ആർസനിക്ക് സാധാരണയായി കാണപ്പെടുന്നത്. എന്നാൽ ഇത് ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലെത്തിയാൽ വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകും. ഓർഗാനിക്ക് അല്ലാത്ത ആർസനിക്ക് കടുത്ത വിഷമാണ്. ഇത് അമിതമായി ശരീരത്തിൽ എത്തിയാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, പല തരത്തിലുള്ള കാൻസർ എന്നിവ പിടിപെടാനുള്ള സാധ്യതയാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ചോറു കഴിക്കുന്നത് വഴി ശരീരത്തിൽ ഇവ അടിഞ്ഞുകൂടും. ഇതാണ് ആരോഗ്യത്തെ പിന്നീട് ബാധിക്കുന്ന തലത്തിലേക്ക് മാറുന്നത്.

ചൈനയിലെ യാങ്‌സേ നദി ഡെൽറ്റയിലുള്ള നെൽപ്പാടങ്ങളിലാണ് ഗവേഷകർ പഠനം നടത്തിയത്. താപനിലയിലും കാർബൺ ഡയോക്‌സൈഡ് അളവിലും ഉള്ള മാറ്റം അരി വിളയുന്നതിനെയും ബാധിക്കുന്നുണ്ട്. മണ്ണിന്റെ രാസഘടനയിൽ പോലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ആർസനിക്ക് വെള്ളത്തിൽ പെട്ടെന്ന് അലിയും വെള്ളം നിറഞ്ഞുകിടക്കുന്ന നെൽവയലുകളിലെ ചെടികള്‍ പത്തു മുതൽ ഇരുപത് മടങ്ങ് മറ്റ് വിളകളെക്കാൾ കൂടുതലായി ഇതിനെ ആഗീരണം ചെയ്യും.ഈ പ്രശ്‌നം ചൈനയിൽ മാത്രമല്ല, ഏഷ്യയിൽ ബംഗ്ലാദേശ്, ഇന്ത്യ, ഇന്തോനേഷ്യ, മ്യാൻമാർ, ഫിലിപ്പൈൻസ്, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഇതേ അപകടം പതിയിരിപ്പുണ്ടെന്നാണ് വിലയിരുത്തൽ.

Content Highlights: A new scientific study reveals that rice may become poisonous in the future due to rising environmental and contamination concerns

To advertise here,contact us