കാലുകളിലുണ്ടാകുന്ന ഈ പ്രശ്‌നങ്ങളിലൂടെ അറിയാം കാന്‍സറിന്റെ ലക്ഷണങ്ങള്‍

കാലുകളിലുണ്ടാകുന്ന ചില ബുദ്ധിമുട്ടുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ സൂചിപ്പിക്കാം

ശരീരത്തിലുണ്ടാകുന്ന ചില ലക്ഷണങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാകാം. കാലുകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളായ പേശികളുടെ ബലക്കുറവ്, വേദന ഇവയൊക്കെ വെരിക്കോസ് വെയിനുകള്‍ പോഷകാഹാരക്കുറവ് ഇവയൊക്കെയായി ബന്ധപ്പെട്ട് ഉണ്ടാകാം. എങ്കിലും കാലുകളിലെ സ്ഥിരമായ ചില ലക്ഷണങ്ങള്‍ കാന്‍സറിന്റെ മുന്നറിയിപ്പ് സൂചനകളായിരിക്കാം. ലിംഫോമ, അസ്ഥി കാന്‍സര്‍, സാര്‍ക്കോമ കാന്‍സര്‍, രക്താര്‍ബുദം, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, അണ്ഡാശയ കാന്‍സര്‍, നട്ടെല്ലിലേക്ക് പടരുന്ന കാന്‍സര്‍ തുടങ്ങിയ ചില കാന്‍സറുകള്‍ ഞരമ്പുകളിലുണ്ടാക്കുന്ന സമ്മര്‍ദ്ദവും രക്തപ്രവാഹത്തിലെ തടസ്സവും, ലിംഫ് ഡ്രെയിനേജ് തകരാറുകള്‍ ഇവയ്‌ക്കൊക്കെ കാരണമാകുകയും കാലുകളിലെ പല മാറ്റങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യാം. ഇത്തരത്തില്‍ കാലുകളിലുണ്ടാകുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ,അവ ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്? , എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത് എന്നതിനെക്കുറിച്ചെല്ലാം അറിയാം.

കാലുകളില്‍ സ്ഥിരമായുണ്ടാകുന്ന നീര്‍വീക്കം

ഒരു കാലിലോ അല്ലെങ്കില്‍ രണ്ട് കാലുകളിലോ ഉണ്ടാകുന്ന നീര്‍വീക്കം. ഈ നീര്‍വീക്കം ദിവസങ്ങളോളം നിലനില്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അണ്ഡാശയ കാന്‍സര്‍, പെല്‍വിക് ട്യൂമറുകള്‍ പോലെയുള്ള കാന്‍സറുകള്‍ മൂലമുണ്ടാകുന്ന ലിംഫറ്റിക് തടസ്സത്തെ (ശരീരത്തിലുടനീളമുള്ള കലകളില്‍ നിന്ന് ദ്രാവകം നീക്കം ചെയ്യുകയും രോഗപ്രതിരോധ കോശങ്ങള്‍ക്ക് ആവശ്യമുള്ളിടത്തേക്ക് സഞ്ചരിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന ലിംഫ് കുഴലുകളുടെ തടസ്സമാണ് ലിംഫറ്റിക് തടസ്സം) യാണ് ഇത് സൂചിപ്പിക്കുന്നത്. ഈ നീര്‍വീക്കം കട്ടിയുള്ളതോ തൊലിപ്പുറത്ത് ചൂട് അനുഭവപ്പെടുന്നതോ ആയിരിക്കാം. വൈകുന്നേരമാകുമ്പോള്‍ ഇത് വഷളാവുകയും ചെയ്യും.

സ്ഥിരമായതും സഹിക്കാനാവാത്തതുമായ കാലുവേദന

സ്ഥിരമായി ഉണ്ടാകുന്ന കാലുവേദന, രാത്രിയിലുണ്ടാകുന്ന കാലുവേദന എന്നിവ അസ്ഥി കാന്‍സറിന്റെയോ കാലിലെ അസ്ഥികളെ ബാധിക്കുന്ന മെറ്റാസ്റ്റിക് കാന്‍സറിന്റെയോ സൂചനയായിരിക്കാം. വ്യായാമം ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ വേദന വഷളാകും. പരിഹാരമാര്‍ഗ്ഗങ്ങള്‍ ചെയ്തിട്ടും വേദന കുറയുന്നില്ലെങ്കില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതാണ്.

കാലുകളില്‍ മരവിപ്പ്, വലിച്ചില്‍, പേശിവേദന

നട്ടെല്ല്, പെല്‍വിസ് അല്ലെങ്കില്‍ വയറിനെ ബാധിക്കുന്ന കാന്‍സറുകള്‍ ഇവയൊക്കെ കാലുകളിലെ ഞരമ്പുകളെ ബാധിച്ചേക്കാം. സൂചികുത്തുനന്നതുപോലുള്ള വേദന, നടക്കാനുള്ള ബുദ്ധിമുട്ട്, കാല് കോച്ചിപിടിക്കല്‍ ബലഹീനത എന്നീ പ്രശ്‌നങ്ങള്‍ കാലക്രമേണ വര്‍ധിച്ച് വരികയും ചെയ്യും.

തുടയിലും ഉപ്പൂറ്റിയിലും ഉണ്ടാകുന്ന മുഴകള്‍

സാര്‍കോമ കാന്‍സറുകള്‍ സാധാരണയായി തുടയിലോ ഉപ്പൂറ്റിയിലോ നിതംബത്തിലോ ഉണ്ടാകുന്ന മുഴകളായാണ് ആരംഭിക്കുന്നത്. ഈ മുഴകള്‍ കട്ടിയുള്ളതും ഉറച്ചതുമായിരിക്കും. സ്ഥിരമായി വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും. 2 സെന്റീമീറ്ററില്‍ കൂടുതല്‍ വലിപ്പമുള്ള ഏതൊരു മുഴയുടെയും രൂപത്തിന് വ്യത്യാസമുണ്ടാവുകയും വേദനാജനകമായിത്തീരുകയും ചെയ്താല്‍ ഉടനടി വൈദ്യ പരിശോധന ആവശ്യമാണ്.

ചര്‍മ്മത്തിലുണ്ടാകുന്ന മറുകുകള്‍

മെലനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ എന്നിവയുടെ ലക്ഷണങ്ങള്‍ കാലുകളില്‍ പ്രത്യക്ഷപ്പെടാം.

അവയുടെ നിറം, വലുപ്പം അല്ലെങ്കില്‍ മറുകുകളുടെ ആകൃതി മാറുന്നത്, പുതിയവ ഉണ്ടാകുന്നത്, മറുകുകള്‍ പൊട്ടുകയോ ആ മുറിവുകള്‍ ഉണങ്ങാതിരിക്കുകയോ ചെയ്യുക, കാലില്‍ മസില്‍ കയറുകയോ നടക്കാന്‍ ബുദ്ധിമുട്ട് തോന്നുകയോ ചെയ്യുക എന്നിവ ശ്രദ്ധിക്കണം.

ഇനി പറയുന്ന ലക്ഷണങ്ങളോടൊപ്പം കാലിലെ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ സൂക്ഷിക്കുക

  • ശരീരഭാരം കുറയുക
  • രാത്രിയില്‍ ശരീരം വിയര്‍ക്കുക
  • കഠിനമായ ക്ഷീണം
  • എപ്പോഴും ഉണ്ടാകുന്ന അണുബാധയും തുടര്‍ന്നുള്ള പനിയും
  • വിശപ്പില്ലായ്മ

ഈ ലക്ഷണങ്ങളൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

To advertise here,contact us