കണ്‍പീലികള്‍ നിരീക്ഷിച്ചാല്‍ അറിയാന്‍ കഴിയുന്ന 4 ആരോഗ്യ പ്രശ്‌നങ്ങള്‍

കണ്‍പീലികളുടെ കനം, നീളം തുടങ്ങി ചില കാര്യങ്ങള്‍ നിരീക്ഷിച്ചാലറിയാം നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ എത്രത്തോളമുണ്ടെന്ന്

കണ്‍പീലികള്‍ക്ക് ഒരുപാട് സൗന്ദര്യ സവിശേഷതയുണ്ട്. കണ്‍പീലികള്‍ മനോഹരമാണെങ്കില്‍ കണ്ണുകളുടെയും ഒപ്പം മുഖത്തിന്റെയുമെല്ലാം സൗന്ദര്യം വര്‍ധിക്കും. എന്നാല്‍ ഒരാളുടെ കണ്‍പീലി നോക്കിയാല്‍ അയാളുടെ ആരോഗ്യത്തെക്കുറിച്ച് അറിയാന്‍ സാധിക്കും എന്നാണ് മെഡിക്കല്‍ പഠനങ്ങള്‍ പറയുന്നത്. കണ്‍പീലികളുടെ കനം, അവയുടെ നീളം, മാറ്റങ്ങള്‍ ഇവയിലൂടെ പോഷകാഹാരക്കുറവ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ രോഗപ്രതിരോധ അവസ്ഥകള്‍ അണുബാധ എന്നിങ്ങനെ പല പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. നിങ്ങളുടെ കണ്‍പീലികള്‍ വെളിപ്പെടുത്തുന്ന നാല് ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് അറിയാം, ഒപ്പം കണ്‍പീലികള്‍ എങ്ങനെ സംരക്ഷിക്കാം എന്നതിനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ചും.

പോഷകാഹാരക്കുറവും മോശം ഭക്ഷണക്രമവും

കണ്‍പീലികളുടെ കനം കുറയുക, അവയുടെ നീളക്കുറവ് , കൊഴിഞ്ഞുപോകല്‍ എന്നിവയെല്ലാം പോഷകാഹാരക്കുറവിന്റെ ലക്ഷണമായിരിക്കാം. കണ്‍പീലികള്‍ ഉള്‍പ്പെടെയുള്ളവയുടെ ആരോഗ്യത്തിന് ബയോട്ടിന്‍, ഇരുമ്പ്, സിങ്ക്,വിറ്റാമിന്‍-ഡി, പ്രോട്ടീന്‍ തുടങ്ങിയ അവശ്യ പോഷകങ്ങള്‍ നിര്‍ണായകമാണ്. ഈ പോഷകങ്ങളുടെ അഭാവം കണ്‍പീലികള്‍ ദുര്‍ബലമാകാനോ, കോഴിഞ്ഞുപോകാനോ, വളര്‍ച്ച ഇല്ലാതാകാനോ കാരണമാകും. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നത് കണ്‍പീലികളുടെ വളര്‍ച്ചയ്ക്കും മൊത്തത്തിലുളള ആരോഗ്യത്തിനും

സഹായകമാകും.

തൈറോയിഡ് ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥ

കണ്‍പീലികളുടെ മാറ്റങ്ങള്‍ ഹോര്‍മോണ്‍ അല്ലെങ്കില്‍ തൈറോയിഡ് തകരാറുകളെ സൂചിപ്പിക്കുന്നു. ഹൈപ്പോതൈറോയിഡിസം കണ്‍പീലികളുടെ പുറംകോണുകളുടെ കനം കുറയാന്‍ കാരണമാകും. അതേസമയം ഹൈപ്പര്‍ തൈറോയിഡിസം കണ്‍പീലികള്‍ കൊഴിഞ്ഞുപോകാന്‍ കാരണമാകും. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ എന്‍ഡോക്രൈനോളജിയില്‍ 2024 ലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്. ശരിയായ തൈറോയിഡ് ചികിത്സ ഹോര്‍മോണ്‍ ബാലന്‍സ് പുനസ്ഥാപിക്കുകയും കണ്‍പീലികള്‍ വീണ്ടും വളരാന്‍ സഹായിക്കുകയും ചെയ്യും. ആര്‍ത്തവ വിരാമ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളും കണ്‍പീലികളുടെ വളര്‍ച്ചയെ സ്വാധീനിക്കും. ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍, ചര്‍മ്മത്തിലേയും മുടിയിലേയും മാറ്റങ്ങള്‍ എന്നിവയ്‌ക്കൊപ്പം കണ്‍പീലികളിലും മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ തൈറോയിഡ് അല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വിലയിരുത്താന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്.

സ്വയമേയുളള രോഗപ്രതിരോധ അവസ്ഥകളും സമ്മര്‍ദ്ദവും

കണ്‍പീലികള്‍ പെട്ടെന്ന് കൊഴിഞ്ഞു പോകുന്നത് ഓട്ടോഇമ്മ്യൂണ്‍ അവസ്ഥകളെയും(രോഗ പ്രതിരോധ സംവിധാനം ശരീരത്തെ സംരക്ഷിക്കുന്നതിന് പകരം ആക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ അവസ്ഥ) നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദത്തെയോ സൂചിപ്പിക്കാം. ഉദാഹരണത്തിന് ശരീരം രോമകൂപങ്ങളെ നശിപ്പിക്കുകയും കണ്‍പീലികള്‍ ഉള്‍പ്പെടെയുള്ള മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്ന ഒരു ഓട്ടോഇമ്മ്യൂണ്‍ രോഗമായ അലോപ്പീസിയ ഏരിയേറ്റ. 2022ല്‍ ജേണല്‍ ഓഫ് ഡെര്‍മറ്റോളജി & ക്ലിനിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍, ഹോര്‍മോണ്‍ തകരാറുകള്‍, മറ്റ് മെഡിക്കല്‍ അവസ്ഥകള്‍ എന്നിവ കണ്‍പീലികളുടെയും പുരികങ്ങളുടെയും കനം കുറയുന്നതിനോ നഷ്ടപ്പെടുന്നതിനോ കാരണമാകുന്നതിനെക്കുറിച്ച് പ്രതിപാതിച്ചിരുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം, എക്‌സിമ പോലുള്ള ചര്‍മ്മരോഗങ്ങള്‍, കണ്‍പോളകളെ ബാധിക്കുന്ന അണുബാധകള്‍ എന്നിവയും കണ്‍പീലികളുടെ കൊഴിച്ചിലിന് കാരണമാകും.

കണ്‍പോളകളുടെ അണുബാധയും വീക്കവും

കണ്‍പീലികളിലെ മാറ്റങ്ങളോടൊപ്പം ചിലപ്പോള്‍ കണ്‍പോളകളില്‍ നീര്‍വീക്കവും ചുവപ്പും ഉണ്ടാകാം. ഇത് ബ്ലെഫറിറ്റിസ് അല്ലെങ്കില്‍ ഡെമോഡെക്‌സ് പോലുള്ള അവസ്ഥകളെ സൂചിപ്പിക്കുന്നു. കണ്‍പോളകളുടെ അരികുകളിലെ വീക്കമാണ് ബ്ലെഫറിറ്റിസ്, ഇത് കണ്‍പീലികള്‍ കൊഴിഞ്ഞുപോകുന്നതിനും, ക്രമരഹിതമായി വളരുന്നതിനും കാരണമാകും. കണ്ണുകളില്‍ ശുചിത്വം പാലിക്കുക, കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കുക, ഒരു നേത്രരോഗ വിദഗ്ദ്ധന്റെ ഉപദേശം തേടുക എന്നിവ കണ്‍പീലികള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയുകയും കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

കണ്‍പീലികള്‍ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍

ചില അവസ്ഥകള്‍ക്ക് ഡോക്ടറുടെ ഉപദേശങ്ങളും മരുന്നും ആവശ്യമാണെങ്കിലും ജീവിതശൈലിയില്‍ വ്യത്യാസം വരുത്തിക്കൊണ്ട് കണ്‍പീലികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സാധിക്കും.

  • ബയോട്ടിന്‍, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, എന്നിവയുള്‍പ്പെടെ പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ സമീകൃത ആഹാരം കഴിക്കുക.
  • മുടിയുടെ ബലത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ല ജലാംശം നിലനിര്‍ത്തുക.
  • കണ്ണിലെ മേക്കപ്പ് മൃദുലമായി പഞ്ഞി ഉപയോഗിച്ചോ കനംകുറഞ്ഞ തുണികൊണ്ടോ നീക്കം ചെയ്യുക.
  • കണ്‍പീലികള്‍ ക്രിത്രിമമായി വച്ച് പിടിപ്പിക്കുന്നതും, കെമിക്കലുകള്‍ അടങ്ങിയ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതും കുറയ്ക്കുക.
  • അണുബാധയുണ്ടാകാതെ കണ്‍പോളകളുടെ ശുചിത്വം പാലിക്കുക.

Content Highlights :4 health problems you can detect by observing your eyelashes

To advertise here,contact us