പ്രായമാകാതിരിക്കാന് 20കളില്ത്തന്നെ സൗന്ദര്യം ശ്രദ്ധിച്ചുതുടങ്ങുന്നവരാണ് ഇന്നത്തെ ചെറുപ്പക്കാര് സഹിതമുളളവര്. അല്പംകൂടി മുതിര്ന്നവരാണെങ്കില് ആന്റി ഏജിംഗ് ക്രീം പുരട്ടുകയും ഭക്ഷണകാര്യത്തില് ശ്രദ്ധിക്കുകയും വ്യായാമം ചെയ്യുകയും ഒക്കെ ചെയ്യാറുണ്ട്. എത്ര കഷ്ടപ്പാടാണ് അല്ലേ പ്രായത്തെ മറച്ചുവയ്ക്കാന്. എന്നാല് പ്രായമാകുന്നത് തടയാനായി ഇനിമുതല് ആന്റിഏജിംഗ് ക്രീമുകള് പുരട്ടേണ്ടതില്ല പകരം വായുടെ ആരോഗ്യം മാത്രം ശ്രദ്ധിച്ചാല് മതിയെന്നാണ് ദുബായ് സ്വദേശിയും റോസ് ബയോഹെല്ത്തിന്റെ സ്ഥാപകനുമായ ഡോ. ഡേവിഡ് റോസ് വോഗ് പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.
'വായ നമ്മുടെ തലച്ചോറുമായും രക്തവുമായും ശ്വാസവുമായും, ദഹനവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വായ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള പ്രവേശനകവാടകൂടിയാണ്. വായുടെ പരിചരണം സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം മനോഹരമായ പുഞ്ചിരി സൗന്ദര്യത്തിന്റെ ഒരു ഭാഗമാണ്. വായ ആത്മവിശ്വാസത്തിന്റെ കണ്ണാടി മാത്രമല്ല, അത് ശരീരത്തിന്റെ മുഴുവന് ആരോഗ്യത്തിലേക്കുളള കവാടമാണ്". മോണയിലെ വീക്കം, വായിലെ ബാക്ടീരിയ, വിഷവസ്തുക്കള് എന്നിവ പോലും നിങ്ങളുടെ ഹൃദയം മുതല് തലച്ചോറ് വരെയുള്ള എല്ലാത്തിനേയും ബാധിക്കുമെന്ന് ഗവേഷണങ്ങള് വെളിപ്പെടുത്തുന്നു.
2024 ലെ അമേരിക്കന് ഹാര്ട്ട് അസോസിയേഷന് റിപ്പോര്ട്ട് പ്രകാരം ആരോഗ്യമുള്ള മോണയുള്ള ആളുകള്ക്ക് പീരിയോണ്ഡൈറ്റിസ് ഉള്ള ആളുകളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത 20 ശതമാനം കുറവാണ്. മോണവീക്കമുളളവരില് ബാക്ടീരിയകള് പെരുകുകയും ഈ ബാക്ടീരിയകള് രക്തത്തില് പ്രവേശിച്ച് ധമനികളെ നശിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ദിവസത്തില് രണ്ട് തവണ പല്ല് തേയ്ക്കുകയും ദന്ത സംരക്ഷണം നടത്തുകയും ചെയ്യുന്നത് നിങ്ങളുടെ പല്ലുകളെ മാത്രമല്ല ഹൃദയത്തെയും സംരക്ഷിക്കും.
നമ്മുടെ കുടല് പോലെ തന്നെ വായയ്ക്കും അതിന്റേതായ ആവാസ വ്യവസ്ഥ ഉണ്ട്. 2022 ല് നേച്ചര് കമ്യൂണിക്കേഷനില് നടന്ന പഠനം കാണിക്കുന്നത് അസന്തുലിതമായ ഓറല് മൈക്രോബയോം ഉപാപചയവും തിരിച്ചറിയല് ശേഷിയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. നല്ല ബാക്ടീരിയകളെ കൊല്ലുന്ന ആന്റിസെപ്റ്റിക് മൗത്ത് വാഷുകള് അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കുക. പകരം ഇലക്കറികള്, നട്സ്, പ്രോബയോട്ടിക് ഭക്ഷണങ്ങള് എന്നിവ പോലെയുള്ള പോഷകസമൃദ്ധമായ ഭക്ഷണക്രമം ശീലിക്കുക.
2021 ല് പ്രസിദ്ധീകരിച്ച ഒരു ജേണല് ഓഫ് ക്ലിനിക്കല് പീരിയോണ്ഡോളജി പഠനത്തില് നാക്ക് വൃത്തിയാക്കുന്നത് ബാക്ടീരിയകളുടെ അളവ് ഗണ്യമായി കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
മോണവീക്കം വിട്ടുമാറാത്ത സമ്മര്ദ്ദത്തോടൊപ്പം വര്ധിക്കുന്ന ഒന്നാണ്. 2020 ലെ ഫ്രോണ്ടിയേഴ്സ് ഇന് ഇമ്യൂണോളജി പഠനത്തില് സ്ട്രെസ് ഹോര്മോണുകള് മോണയിലെ കോശങ്ങളുടെ രോഗപ്രതിരോധ ശേഷിയെ നേരിട്ട് ദുര്ബലപ്പെടുത്തുകയും വാര്ധക്യ പ്രക്രീയകളെ തടയുകയും ചെയ്യും. അതുകൊണ്ട് വായുടെ ആരോഗ്യവും ശരീരത്തിന്റെ മൊത്തത്തിലുളള ആരോഗ്യത്തെയും അതിലൂടെ ആയുസിനെയും സ്വാധീനിക്കുന്നു.
Content Highlights :Clean your mouth for a long life; no need for anti-aging creams