നമ്മുടെ നിത്യജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ശരിയായ ഉറക്കം നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യപ്രവർത്തകർ ഒന്നടങ്കം പറയാറുള്ളതാണ്. നന്നായി ഉറങ്ങിയില്ലെങ്കിൽ ശരീരത്തിന് ക്ഷീണം ആനുഭവപ്പെടുന്നതും നമ്മുടെ മറ്റെല്ലാ പദ്ധതികളും താളം തെറ്റുന്നതും പതിവാണ്.
2025 സ്ലീപ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം, പ്രായപൂർത്തിയായവരിൽ മൂന്നിൽ ഒരാൾ, ദിവസേന ഏഴ് മണിക്കൂർ പോലും ഉറങ്ങുന്നില്ല എന്നാണ് കണ്ടെത്തൽ. ഇതിന്റെ ഫലം വലുതായിരിക്കും എന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഒന്നിലും താത്പര്യമില്ലായ്മ, ക്ഷീണം തുടങ്ങിയവ ഉടനെ ഉണ്ടാകുമെങ്കിലും ഹൃസ്വകാല ഫലങ്ങൾ അതിലും വലുതായിരിക്കും എന്നാണ് കണ്ടെത്തൽ.
ഇതിനിടെ ദിവസവും രണ്ട് മണിക്കൂർ മാത്രം ഉറങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ഒരു ഡോക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഡൽഹിയിലെ പിഎസ്ആർഐ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ആയ ഡോ നീതു ജെയ്ൻ ആണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്.
ദിവസേന വെറും രണ്ട് മണിക്കൂർ മാത്രം ഉറങ്ങുന്നത് തലച്ചോറിന്റെ ചിന്തിക്കാനുള്ള കഴിവിനെ ദുർബലപ്പെടുത്തും എന്നാണ് നീതു പറയുന്നത്. ക്ഷീണം, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാത്ത അവസ്ഥ, ഉടനെ ഒന്നിലും പ്രതികരിക്കാൻ തോന്നാത്ത അവസ്ഥ, ദേഷ്യം എന്നിവ ഉണ്ടാകും. ഇത് കൂടാതെ നമ്മുടെ ശരീരത്തിന് ഹോർമോണൽ ഇംബാലൻസ് ഉണ്ടാകുമെന്നും സമ്മർദ്ദം തുടങ്ങിയവ വർധിക്കുമെന്നും ഡോക്ടർ പറയുന്നു.
ഇങ്ങനെ ഉറങ്ങാതെയിരിക്കുന്നത് നമ്മുടെ ചിന്താശേഷിയെ സ്വാധീനിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ദുർബലപ്പെടുത്തുമെന്നും ദേഷ്യം, ഭയം എന്നിവ വർധിക്കുമെന്നും ഡോക്ടർ നീതു പറയുന്നു. മൂഡ് സ്വിങ്സ് വർധിക്കും, വൈകാരികമായി അവർ പെട്ടെന്ന് റിയാക്റ്റ് ചെയ്യും എന്നും ഡോക്ടർ പറയുന്നു.
ഉറക്കക്കുറവിന്റെ മറ്റ് ലക്ഷണങ്ങളും ഉടൻ കണ്ടുതുടങ്ങുമെന്നും ഡോക്ടർ പറയുന്നുണ്ട്. നമ്മുടെ ചർമത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും കണ്ണിന് താഴെ കറുത്ത നിറം കണ്ടുതുടങ്ങുമെന്നും അവർ പറയുന്നു. ഹോർമോണൽ വ്യതിയാനങ്ങൾ നമ്മുടെ ശരീരഭാരം കുറയാനും, ഹങ്കർ ഹോർമോണുകൾ വർധിക്കാനും കാരണമാകുമെന്നും ഡോക്ടർ പറയുന്നുണ്ട്.
ഇത്ര മാത്രമല്ല, ഹൈപ്പർ ടെൻഷൻ, ഹൃദയസംബന്ധമായ രോഗങ്ങൾ, വിഷാദം, മറവി തുടങ്ങിയവയും ഉറക്കക്കുറവ് മൂലം ഉണ്ടാകാം. ടോക്സിനുകൾ നീക്കം ചെയ്യാനുള്ള തലച്ചോറിന്റെ കഴിവിനെ അവ ബാധിക്കുമെന്നും മറവിരോഗത്തിലേക്ക് വരെ നമ്മെ നയിച്ചേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. തീരെ ക്ഷീണമാകുമ്പോൾ ഒരു ചെറിയ ഉറക്കം ഉറങ്ങുക, കൃത്യമായ ഭക്ഷണം, ഇടയ്ക്കിടെ സൂര്യപ്രകാശമേൽക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ ചെറിയ മാറ്റമുണ്ടാകുമെന്നും ശരിയായ ഉറക്കം തന്നെയാണ് പ്രധാനമെന്നും ഡോക്ടർ നീതു പറയുന്നു.
Content Highlights: how only a 2 hour sleep can effect humans?