ദിവസവും വാല്‍നട്ട്‌ കഴിക്കുന്നത് ശീലമാക്കൂ..ശരീരഭാരം കുറയ്ക്കാം, ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

ഒരു ദിവസം എത്ര വാല്‍നട്ട് കഴിക്കണം? എന്തൊക്കെയാണ് വാല്‍നട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

ബദാം ഉണക്കമുന്തിരി, പിസ്ത, കശുവണ്ടിപ്പരിപ്പ് ഈന്തപ്പഴം തുടങ്ങിയവയൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നവരാണ് നമ്മള്‍. ഇതുപോലെ ധാരാളം ഗുണഫലങ്ങളുള്ള പോഷക സമൃദ്ധമായ നട്ട്‌സുകളുടെ പട്ടികയിള്‍ ഉളളതാണ് വാല്‍നട്ട്‌സും. വാല്‍നട്ട്‌സുകളില്‍ കൊഴുപ്പുകള്‍,പ്രോട്ടീന്‍,നാരുകള്‍, ആന്റീ ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ദിവസവും ഭക്ഷണത്തില്‍ വാല്‍നട്ട് ഉള്‍പ്പെടുത്തിയാല്‍ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിയാം? ശരീരത്തിന് എന്തൊക്കെത്തരത്തിലുള്ള ഗുണങ്ങളാണ് വാല്‍നട്ട് കഴിക്കുന്നതുകൊണ്ട് ലഭിക്കുന്നത്.?

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ വാല്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ സഹായിക്കുന്നു.

ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കുന്നു

ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്ന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാന്‍ വാല്‍നട്ട്‌സിന് കഴിയും. പോളി അണ്‍സാച്ച്യുറേറ്റഡ് കൊഴുപ്പുകള്‍, ആന്റി ഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവയാല്‍ സമ്പന്നമാണ് വാല്‍നട്ട്‌സ്. ഓര്‍മശക്തി, ബുദ്ധിശക്തി, ശ്രദ്ധ ഇവയെല്ലാം വര്‍ധിക്കാനും തലച്ചോറിനെ ഫ്രഷായി നിലനിര്‍ത്താനും ഇവ സഹായിക്കുന്നു.

ദഹനപ്രക്രിയയെ സഹായിക്കും

പതിവായി വാല്‍നട്ട് കഴിക്കുന്നത് ദഹനപ്രക്രീയയ്ക്ക് ഗുണം ചെയ്യും. ഇതൊരു പ്രകൃതിദത്ത പ്രീബയോട്ടിക് ആണ്. അവ ആമാശയത്തിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിക്കുകയും കുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കാന്‍ വാല്‍നട്ട് എങ്ങനെ സഹായിക്കുന്നു

കാലറി ധാരാളം അടങ്ങിയവയാണ് ഇവ. പോഷകസമൃദ്ധമായതുകൊണ്ടുതന്നെ വല്‍നട്ട് കഴിച്ചാല്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും. മാത്രമല്ല ധാരാളം പ്രോട്ടീനുകളും നാരുകളും കൊഴുപ്പും ഒക്കെ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ വയറ് നിറഞ്ഞതായി തോന്നിപ്പിക്കാനും തൃപ്തി തോന്നിപ്പിക്കാനും സഹായിക്കുന്നു.

ചര്‍മ്മത്തിനും ഗുണം ചെയ്യും

ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങളായ വൈറ്റമിന്‍ ഇ, സിങ്ക്, പോളിഫെനോള്‍സ് എന്നിവയെല്ലാം വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇവ വാര്‍ധക്യത്തിന്റെ ലക്ഷണങ്ങള്‍ തടയുന്നു. ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കുന്നു.

ഒരു ദിവസം എത്ര വാല്‍നട്ട് കഴിക്കാം

ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് ദിവസം 30 ഗ്രാം മുതല്‍ 40 ഗ്രാം വരെ വാല്‍നട്ട് ഒരാള്‍ക്ക് കഴിക്കാം. രാവിലെ കഴിക്കുന്നതാണ് ഗുണപ്രദം.വെറുതെ കഴിക്കുകയോ സ്മൂത്തികളിലോ സലാഡുകളിലോ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം. അമിതമായി കഴിക്കുന്നത് ദഹന അസ്വസ്ഥതയ്ക്ക് കാരണമാകും.

(ഈ ലേഖനം അറിവ് നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട ആരോഗ്യവിദഗ്ധരുടെ സേവനം അത്യാവശ്യമാണ്)

Content Highlights :How many walnuts should you eat a day? What are the health benefits of walnuts?

To advertise here,contact us