
മസില്പെരുപ്പിക്കാന് ജിമ്മില് കയറിയിറങ്ങുന്ന ഫിറ്റ്നെസ്സ് ഫ്രീക്കന്മാരുടെ സൂപ്പര് ഫുഡാണ് പ്രൊട്ടീന് പൗഡര്. എന്നാല് ഇതിനേക്കാള് മികച്ച ഒരു സൂപ്പര് ഫുഡ് കണ്ടെത്തിയെന്ന മട്ടില് അതിവിചിത്രമായ ഒരു ഫിറ്റ്നെസ്സ് ട്രെന്ഡിന് പിറകേയാണ് യുഎസ്. ഏതാണ് ആ സൂപ്പര് ഫുഡ് എന്നല്ലേ? മുലപ്പാല്!
മുലപ്പാലില് മസില് പെരുപ്പിക്കാനാവശ്യമായ രഹസ്യഗുണങ്ങള് അടങ്ങിയിട്ടുണ്ടൊണ് ഇവരുടെ വിശ്വാസം. മുലപ്പാലില് ധാരാളം പ്രൊട്ടീന് അടങ്ങിയിട്ടുണ്ടെന്നും മസില് വളര്ച്ചയ്ക്കും കരുത്തിനും ഇത് മികച്ചതാണെന്നും അവര് പറയുന്നു. ഇതിന്റെ ഫലമായി ഓണ്ലൈനിലൂടെ മുലപ്പാല് വില്പന തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമമായ ഫെയ്സ്ബുക്ക് വഴി ബന്ധങ്ങള് സ്ഥാപിച്ചാണ് കച്ചവടം നടക്കുന്നത്. മുലപ്പാല് വാങ്ങുന്നതിനായി വലിയ തുകയാണ് ബോഡിബില്ഡര്മാര് മുടക്കുന്നതത്രേ.
സത്യത്തില് മുലപ്പാല് മസില് വളര്ച്ചയെ സഹായിക്കുമോ?
മുലപ്പാല് മുതിര്ന്നവര്ക്ക് അനുയോജ്യമായ ഒന്നല്ലെന്നാണ് ഡോക്ടര്മാര് പറയുന്നത്. ഇതൊരുതരത്തിലും ശരീരത്തിന്റെ കരുത്ത് മെച്ചപ്പെടുത്തുന്നതിനോ, മസില് വളര്ച്ചയെയോ സഹായിക്കില്ല. 'മസില് വളര്ച്ചയ്ക്ക് സഹായകമാണെന്ന് പറഞ്ഞ് നിരവധി അമ്മമാര് മുലപ്പാല് വില്ക്കുന്നുണ്ട്. മുലപ്പാല് മുതിര്ന്നവര്ക്ക് വേണ്ടിയുള്ളതല്ല. ഒരു കപ്പ് മുലപ്പാലില് 88 ശതമാനം വെള്ളവും 2.5 ഗ്രാം പ്രൊട്ടീനും ആണ് അടങ്ങിയിരിക്കുന്നത്. ഒരു കപ്പ് പശുവിന്പാലില് ഇത് 7.8 ഗ്രാനും പ്രൊട്ടീന് പൗഡറില് 28 ഗ്രാമുമാണ്.' ഡോ.കുനാല് സൂദ് പറഞ്ഞു.
മുലപ്പാല് മസില് വളര്ച്ചയെ സഹായിക്കുമെന്നതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അംഗീകാരം ലഭിച്ചിട്ടുള്ള മില്ക്ക് ബാങ്കുകളില് നിന്നല്ലാതെ ഓണ്ലൈന് ആയി മുലപ്പാല് വാങ്ങുന്നതിലെ അപകടത്തെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.' ഓണ്ലൈനിലൂടെ മുലപ്പാല് വാങ്ങുന്നതില് ചില റിസ്കുകള് ഉണ്ട്. മുലപ്പാലില് പലതരത്തിലുള്ള ബാക്ടീരിയകള് കലരാന് സാധ്യതയുണ്ട്. ഇത് കഴിച്ചാല് ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ശരീരത്തിന്റെ കരുത്തിന് മുലപ്പാല് അല്ല എളുപ്പവഴി.' ഡോ.സൂദ് പറയുന്നു.
മുലപ്പാല് കുട്ടികള്ക്കുള്ള പോഷകസമ്പുഷ്ടമായ ദ്രാവകമാണ്. ഇതില് പ്രൊട്ടീന്, ഫാറ്റ്സ്, ഇമ്യൂണോഗ്ലോബുലിന്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശക്തി വളര്ത്തും ദഹനം മെച്ചപ്പെടുത്തും. പക്ഷെ മുതിര്ന്നവരുടെയല്ല കുട്ടികളുടെ. മുതിര്ന്നവരുടെ ശാരീരികപ്രത്യേകതകള്ക്ക് അനുസരിച്ചുള്ളതല്ല മുലപ്പാല്. തന്നെയുമല്ല മുലപ്പാലില് ധാരാളം ലാക്ടോസ് അടങ്ങിയിട്ടുണ്ട്. അതിനാല് ലാക്ടോസ് ചിലരില് വയറുവീര്ക്കല്, വയറുവേദന, ഡയറിയ മുതലായ പ്രശ്നങ്ങള്ക്ക് കാരണമാകും.
എച്ച്ഐവി, എച്ച്ടിഎല്വി, സിഎംവി തുടങ്ങിയ വൈറസുകള്, ലിസ്റ്റീരിയ, സാല്മൊണെല്ല, ഇ കോളി എന്നീ ബാക്ടീരിയകള് അമ്മമാരിലൂടെ മുലപ്പാലില് എത്താന് സാധ്യതയുണ്ട്. അതിനാല് ഓണ്ലൈനിലൂടെ മുലപ്പാല് ഓര്ഡര് ചെയ്യുന്നതും സുരക്ഷിതമല്ല.
Content Highlights: Doctor Blasts Gym‑Bro Trend: Buying Breastmilk for Gains — ‘If the Goal Is Strength…