ബാക്ക്പാക്കും ബാക്ക്‌പെയ്‌നും! തീർന്നില്ല, നട്ടെല്ലൊടിക്കും ട്രോളിയും! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

നമ്മുടെ ശരീരത്തിന് പിറകിൽ എന്തെല്ലാം പ്രശ്‌നങ്ങളാണ് ഈ ബാക്ക്പാക്കുകളും ട്രാവൽ ബാഗുകളും സൃഷ്ടിക്കുന്നത് എന്നതിൽ പലർക്കും ഒരു അവബോധവുമില്ലെന്നതാണ് വാസ്തവം

ബാക്ക്പാക്കുകളിൽ എന്തെല്ലാം കൊള്ളിക്കാമോ അവയെല്ലാം ഉൾക്കൊള്ളിച്ച്.. കുത്തിനിറച്ച് അതും തോളിലേറ്റി യാത്രയ്ക്ക് ഇറങ്ങുന്നവർ. പിന്നെ നേരിടുന്നത് ശരീരമാസകലം വേദനയാണ്. ചിലപ്പോൾ തോളിൽ, മറ്റ് ചിലപ്പോൾ നടുവിന്. നമ്മുടെ യാത്രകൾക്കൊണ്ട് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ബാക്ക്പാക്കുകളും ട്രോളികളും സമ്മാനിക്കുന്നതെന്ന് അറിയാമോ? ബാക്ക്പാക്കുകളും തോളിൽ തൂക്കി നിൽക്കുന്ന രീതി, അമിതഭാരം ഇവയെല്ലാം ദീർഘകാലം നീണ്ടു നിൽക്കുന്ന നട്ടെല്ലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് കാരണമാകും. നമ്മുടെ ശരീരത്തിന് പിറകിൽ എന്തെല്ലാം പ്രശ്‌നങ്ങളാണ് ഈ ബാക്ക്പാക്കുകളും ട്രാവൽ ബാഗുകളും സൃഷ്ടിക്കുന്നത് എന്നതിൽ പലർക്കും ഒരു അവബോധവുമില്ലെന്നതാണ് വാസ്തവം.

' ബാക്ക്പാക്കിനുള്ളിൽ ആവശ്യത്തിൽ അധികം സാധനങ്ങൾ കുത്തിനിറയ്ക്കുക, ഒരു തോളിൽ മാത്രം ഇത് തൂക്കിയിടുക, ഇതിൻ്റെ സ്‌ട്രോപ്പുകളിൽ പിടിച്ച് ഇടയ്ക്കിടെ ഭാരം അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുക എന്നിവയെല്ലാം ആദ്യ ഘട്ടങ്ങളിൽ കുഴപ്പമില്ലെന്ന് തോന്നിക്കുമെങ്കിലും ഇതിന്റെ എല്ലാം സമ്മർദം അനുഭവിക്കേണ്ടി വരുന്നത് നട്ടെല്ലാണ്'- ഹൈദരാബാദിലെ ബഞ്ചാരാ ഹിൽസ് കെയർ ഹോസ്പിറ്റലിലെ സീനിയർ കൺസെൾട്ടന്റ് ഓർത്തോപീഡിക്‌സ് ഡോ അജയ് കുമാർ പരുചുരി പറയുന്നു. ഒരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് വിശ്വസിക്കുന്ന ഇത്തരം രീതികൾ നമ്മുടെ ശരീരത്തിന്റെ നിൽപിന്നെ തന്നെ ബാധിക്കും മസിലുകളെ തളർത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

നിങ്ങളുടെ ബാഗിന്റെ ഭാരം നിങ്ങളുടെ ശരീര ഭാരത്തിന്റെ പത്തു മുതൽ പതിനഞ്ച് ശതമാനത്തിൽ കുറവായിരിക്കണം. രണ്ട് തോളുകളിലും ഒരേ രീതിയിലുള്ള ഭാരം മാത്രം കൊടുക്കുക, പാഡഡ് സ്ട്രാപ്പുകൾ മാത്രം ഉപയോഗിക്കുക. ഇത്തരത്തിലുള്ള ചെറിയ ചെറിയ മാറ്റങ്ങൾ നിങ്ങളുടെ നട്ടെല്ലിന് വലിയ ആശ്വാസം നൽകുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം ട്രോളികൾ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് വിശ്വാസം തെറ്റാണെന്ന് ഹൈദരാബാദ് Arete ഹോസ്പിറ്റൽ സ്‌പൈൻ സർജറി HOD ഡോ വെങ്കട രാമകൃഷ്ണൻ വ്യക്തമാക്കുന്നു. ട്രോളി നമ്മൾ വലിച്ചുകൊണ്ട് പോകുന്നത് ശരിയായ രീതിയിലല്ലെങ്കിൽ അത് പ്രശ്‌നമാണ്. മുന്നോട്ടു കൈ കുറേ നീട്ടി ട്രോളി വലിക്കുക, ശരീരം പലതവണ ട്വിസ്റ്റ് ചെയ്യുക എന്നിവ നടുവിനും, തോളിനും, കഴുത്തിനും സമ്മർദം ഉണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ട്രോളികൾ പിന്നിൽ നിന്ന് വലിക്കാതെ നീണ്ട് നിവർന്ന് നടക്കുക, ബാഗ് നിങ്ങളുടെ ശരീരത്തോട് ചേർത്ത് നിർത്തുക, നിങ്ങളുടെ നീളത്തിന് ചേരുന്ന ഹാൻഡിലുകളാണ് ഇവയ്‌ക്കെന്ന് ഉറപ്പുവരുത്തുക. ട്രോളിയുമായി യാത്ര ചെയ്യുമ്പോൾ ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുക്കുന്നതും ഗുണം ചെയ്യും.

ബാക്ക്പാക്കുകളും ട്രോളികളും ഉപയോഗിക്കുമ്പോൾ കാട്ടുന്ന അശ്രദ്ധ മൂലം നിങ്ങൾക്കുണ്ടാകുന്ന വേദന ആദ്യം ഒന്ന് വിശ്രമിച്ചാൽ മാറുന്നതാവും. എന്നാൽ ഇത് വീണ്ടും വീണ്ടും സംഭവിക്കുമ്പോൾ എല്ലാ ആഘാതവും ഏറ്റുവാങ്ങേണ്ടി വരുന്നത് നട്ടെല്ലായിരിക്കുമെന്ന് മിനിമൽ അക്‌സസ് ബ്രെയിൻ ആൻഡ് സ്‌പൈൻ സർജറി Gleneagles BGS ഹോസ്പിറ്റൽ ബെംഗളുരുവിലെ സീനിയർ കൺസൾട്ടന്റ് ആൻഡ് HOD ഡോ നവീൻ എംഎ ഓർമിപ്പിക്കുന്നു.

Content Highlights: Backpacks and trolley's may severely affect your Spine

To advertise here,contact us