നമ്മള് എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല എന്ത് കുടിക്കുന്നു എന്നതും ഹൃദയത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ധമനികളാണ് ഓക്സിജന് പ്രവാഹവും രക്തപ്രവാഹവും നല്ലരീതിയില് കൊണ്ടുപോകുന്നത്. ഈ ധമനികളില് പ്ലാക്ക് അടിഞ്ഞുകൂടിയാല് രക്തപ്രവാഹത്തിന് തടസ്സമുണ്ടാകും. ഇങ്ങനെയുണ്ടാകുന്ന തടസ്സത്തിനാണ് ' ആതെറോസ്ക്ലീറോസിസ്' എന്നു പറയുന്നത്.
കൊളസ്ട്രോളും കൊഴുപ്പും കാല്സ്യവും അടിഞ്ഞുകൂടി ധമനികളില് തടസ്സമുണ്ടാക്കുകയും രക്തസമ്മര്ദ്ദം വര്ധിപ്പിക്കുകയും ചെയ്തേക്കാം. ഇത് ഹൃദയാഘാതത്തിലേക്കോ പക്ഷാഘാതത്തിലേക്കോ നയിക്കുകയും ചെയ്യാം. ചില പാനീയങ്ങള് കുടിക്കുന്നത് മോശം കൊളസ്ട്രോള്കുറച്ച് രക്തചംക്രമണം മെച്ചപ്പെടുത്താന് സഹായിക്കുന്നു. ഹാര്വാര്ഡ് ഹെല്ത്തിലെ ഒരു റിപ്പോര്ട്ടില് ഇതേക്കുറിച്ച് പറയുന്നുണ്ട്.
ധാരാളം ആന്റി ഓക്സിഡന്റുകള് നിറഞ്ഞ പാനീയമാണ് ഗ്രീന്ടീ. ഗ്രീന്ടീയില് അടങ്ങിയ കാറ്റെച്ചിനുകള് എന്ന ഘടകങ്ങള് എല്ഡിഎല് കൊളസ്ട്രോള്, ഓക്സിഡേറ്റീവ് സമ്മര്ദ്ദം എന്നിവ കുറയ്ക്കുന്ന ശക്തമായ ആന്റി ഓക്സിഡന്റുകളാണ്. ഇത് ധമനികളില് പ്ലാക്ക് അടിഞ്ഞുകൂടുന്നത് പരമാവധി കുറയ്ക്കുന്നു. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്തില് പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം ഗ്രീന്ടീ കുടിക്കുന്നത് കൊറോണറി ആര്ട്ടറി രോഗ സാധ്യത കുറയ്ക്കും എന്നാണ് പറയുന്നത്.
ഏറ്റവും ശക്തമായ പ്രകൃതിദത്ത ആന്റി ഓക്സിഡന്റുകളായ പ്യൂണിക്കലാജിനുകള്, ആന്തോസയാനിനുകള് എന്നിവ മാതളനാരങ്ങയില് അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മര്ദ്ദം എന്നിവയെ ചെറുക്കുന്നു. മാതളനാരങ്ങ ജ്യൂസിന്റെ ദൈനംദിന ഉപയോഗം കരോട്ടിഡ് ധമനികളില് പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നാഷണല് ലൈബ്രറി ഓഫ് മെഡിസിനില് നടത്തിയ ഒരു പഠനത്തില് പറയുന്നുണ്ട്. മധുരം ചേര്ക്കാതെവേണം ജ്യൂസ് കഴിക്കാന്.
ബീറ്റ്റൂട്ട് ജ്യൂസ് ആരോഗ്യഗുണങ്ങള് കൊണ്ട് വളരെയധികം സമ്പന്നമാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ബീറ്റ്റൂട്ടില് നൈട്രേറ്റുകള് അടങ്ങിയിട്ടുണ്ട്. ഇത് നൈട്രിക് ഓക്സൈഡായി മാറുകയും രക്തക്കുഴലുകളെ വികസിപ്പിക്കാനും സമ്മര്ദ്ദം കുറയ്ക്കാനും ഓക്സിജന് വിതരണം സുഗമമാക്കാനും സഹായിക്കുന്നു.നാഷണല് ഇന്സിസ്റ്റ്യൂട്ട് ഓഫ് ഹെല്ത്തിലാണ് ഇതിനെക്കുറിച്ചുള്ള പഠനങ്ങള് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മഞ്ഞളില് കുര്ക്കുമിന് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. കുര്ക്കുമിന് ധമനികളിലെ നീര്വീക്കം കുറയ്ക്കാന് സഹായിക്കുന്നു. നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്ത്തില് പ്രസിദ്ധീകരിച്ച ഗവേഷണ പ്രകാരം പാലും ഒരുനുളള് മഞ്ഞള്പൊടിയും കുരുമുളകും ചേര്ത്ത് ദിവസവും കുടിക്കുന്നത് ധമനികളില് കൂടുതല് രക്തം ഉത്പാദിപ്പിക്കാന് സഹായിക്കുകയും പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യുന്നുവെന്ന് പറയുന്നു.
ഏതൊക്കെ ധമനികളെയാണ് ബാധിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ആര്ട്ടീരിയല് പ്ലാക്കിന്റെ ലക്ഷണങ്ങള്. നെഞ്ചുവേദന, ശ്വാസതടസം, ക്ഷീണം, തലകറക്കം എന്നിവയാണ് പ്രധാന ലക്ഷണം. ധമനികളില് പ്ലാക്ക് അടിഞ്ഞുകൂടുന്നത് ശ്രദ്ധിക്കാതെ പോയാല് അത് ഹൃദയാഘാതം, പക്ഷാഘാതം പോലെയുള്ള ഗുരുതരമായ പ്രശ്നങ്ങള്ക്ക് കാരണമാകും. മരവിപ്പ് ,ബലഹീനത, കാലിലെ വേദന എന്നിവയൊക്കെ രക്തയോട്ടം കുറയുന്ന സൂചനകളാണ്. ധമനികളില് പ്ലാക്ക് അടിഞ്ഞുകൂടി രക്തപ്രവാഹവും ഓക്സിജന്റെ ഒഴുക്കും കുറയുമ്പോള് ഉയര്ന്ന രക്തസമ്മര്ദ്ദത്തിനും ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകുന്നു.
Content Highlights :4 drinks that help unclog arteries and improve blood flow