നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശങ്കയുണർത്തുന്ന ഒരു പഠനമാണ് മയോ ക്ലിനിക്ക് പ്രൊസീഡിങ് എന്ന മെഡിക്കല് ജേണലില് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റിൽ ജോലിചെയ്യുന്ന ആളുകൾക്ക് കിഡ്നി സ്റ്റോൺ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പല വൻകിട കമ്പനികളും 24 മണിക്കൂറും ജോലി ചെയ്യുക എന്ന സംസ്കാരം വളർത്തിക്കൊണ്ടുവരുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രശ്നങ്ങളും ഉയർന്നുവരുന്നതെന്നാണ് പഠനത്തിൽ പറയുന്നത്.
മെഡിക്കൽ, ട്രാൻസ്പോർട്ടേഷൻ, സെക്യൂരിറ്റി എന്നീ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് നൈറ്റ് ഷിഫ്റ്റുകൾ കൂടുതലും ഒഴിച്ചുകൂടാൻ കഴിയാത്ത സാഹചര്യമുണ്ടാവുന്നത്. ഈ ഷിഫ്റ്റുകളിൽ ഉണർന്നിരിക്കുന്ന ആളുകളിൽ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണെന്നും പഠനത്തിൽ പറയുന്നുണ്ട്.
പതിനാലു വർഷത്തോളം 220,000 ജീവനക്കാരിലാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ പ്രായം കുറഞ്ഞ നൈറ്റ് ഷിഫ്റ്റ് ജീവനക്കാരിൽ കിഡ്നി സ്റ്റോൺ ഉണ്ടാവാനുള്ള സാധ്യത മറ്റു പ്രായക്കാരായ ജീവനക്കാരെക്കാൾ പതിനഞ്ച് ശതമാനം കൂടുതലാണ്. ശരിയല്ലാത്ത ഉറക്കരീതിയിലെ മാറ്റം, ദഹനം, ഹോർമോൺ, മെറ്റബോളിസം എന്നിവ രോഗത്തിന് വഴിവയ്ക്കും. ശരീരത്തിന്റെ ആക വ്യവസ്ഥയെ രാവിലെയുള്ള ഉറക്കവും രാത്രിയിലെ ഉണർന്നിരുന്നുള്ള ജോലിയും ബാധിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. ഇത് ദഹനത്തെ ദുർബലപ്പെടുത്തും. പിറകേ ഹോർമോൺ ഇംബാലൻസ്, ഫ്ളൂയിഡ് ബാലൻസിലുണ്ടാവുന്ന ക്രമക്കേട് എന്നിവയെല്ലാം കിഡ്നി സ്റ്റോണിലാകും കൊണ്ടെത്തിക്കുക.
തീർന്നില്ല നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരിൽ മിക്കവരും മതിയായി വെള്ളം കുടിക്കാറില്ല. ഇവർക്ക് പുകവലിക്കുന്ന ശീലമുണ്ടാകും, മാത്രമല്ല അനാരോഗ്യകരമായ ഭക്ഷണരീതിയാകും ഇവർ പിന്തുടരുന്നതും. മതിയായ ഉറക്കമില്ലാത്തതിനൊപ്പം ഹൈ ബോഡി മാസ് ഇൻഡക്സും ധാതുക്കളുടെയും സാൾട്ടുകളുടെയും അസന്തുലിതാവസ്ഥയിലേക്ക് നയിക്കും. ഇതും കിഡ്നി സ്റ്റോണിന് കാരണമാകും.
തീവ്രമായ നടുവേദന, വയറുവേദന, മൂത്രമൊഴിക്കുമ്പോഴുള്ള അസഹനീയമായ വേദന, മൂത്രത്തിൽ രക്തത്തിന്റെ അംശം, ഓക്കാനം, ഛർദി എന്നിവയാണ് ലക്ഷണങ്ങൾ. മതിയായ ചികിത്സ തേടിയില്ലെങ്കിൽ ആരോഗ്യം കൂടുതൽ വഷളാകും. നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി ചെയ്യുന്നവർ രണ്ടു മുതൽ മൂന്ന് ലിറ്റർ വെള്ളം കുടിക്കണം. അധികം ഉപ്പുള്ള സാധനങ്ങളും പ്രൊസസ്ഡ് ഫുഡും ഒഴിവാക്കണം, ഡെസ്ക്ക് ഡ്യൂട്ടിക്ക് ശേഷം ഫിസിക്കൽ പ്രവർത്തനങ്ങൾ എന്തെങ്കിലും ചെയ്യണം. ഉറങ്ങുമ്പോൾ നല്ല ഇരുട്ടും നിശബ്ദതയുമുള്ളിടം വേണം തെരഞ്ഞെടുക്കാൻ. സ്ഥിരമായി മെഡിക്കൽ ചെക്കപ്പുകൾ നടത്താനും മറക്കരുത്.Content Highlights: working at night shifts, there is a risk of kidney stone