കാന്‍സര്‍ മുന്നറിയിപ്പ്; പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം

കാന്‍സറുമായി ബന്ധപ്പെട്ടുണ്ടാകുന്നതും പുരുഷന്മാര്‍ ശ്രദ്ധിക്കേണ്ടതുമായ ചില സൂക്ഷ്മമായ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് പറയുകയാണ് ഡോ. ജിരി കുബൈസ്

ജീവിതശൈലികളിലെ മാറ്റങ്ങള്‍ ആളുകളുടെ ആരോഗ്യത്തിലും പ്രതിഫലിച്ചുതുടങ്ങിയിരിക്കുന്ന കാലമാണ്. കാന്‍സറും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമെല്ലാം വര്‍ധിച്ചുവരികയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ചില ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് യുകെ ആസ്ഥാനമായുള്ള പ്രമുഖ ഓങ്കോളജിസ്റ്റായ ഡോ. ജിരി കുബൈഡ്. കാന്‍സറുമായി ബന്ധപ്പെട്ട് പുരുഷന്മാര്‍ക്ക് ഉണ്ടാകുന്ന ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹം. ഒരു അന്താരാഷ്ട്ര മാധ്യമത്തിലാണ് ഇക്കാര്യത്തെക്കുറിച്ചുളള വിവരങ്ങളുള്ളത്.

നടുവിന്റെ വേദന

നടുവേദന ഉണ്ടാകുമ്പോള്‍ ' ഓ പ്രായത്തിന്റെയാണ്' എന്നാണ് പലരും പറയുന്നത്. പ്രായംകൂടുന്നതുകൊണ്ടാണ് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നതെന്ന് കരുതി രോഗ ലക്ഷണങ്ങളെ തള്ളിക്കളയുന്നവരാണ് അധികവും. നടുവേദന സാധാരണമാണെങ്കിലും നീണ്ടുനില്‍ക്കുന്നതും സ്ഥിരമായുള്ളതും ആഴത്തിലുള്ളതുമായ പുറം വേദനയും ഇടുപ്പ് വേദനയും ശ്രദ്ധിക്കേണ്ടകാര്യങ്ങളാണെന്ന് ഡോ. ജിരി കുബൈസ് പറയുന്നു.കാന്‍സറിന്റെ ലക്ഷണമായേക്കാവുന്ന നടുവേദന സാധാരണയായി മറ്റ് കാന്‍സര്‍ ലക്ഷണങ്ങള്‍ക്കൊപ്പമാണ് ഉണ്ടാകുന്നത്.

കാന്‍സറുമായി ബന്ധപ്പെട്ടുണ്ടാകുന്ന നടുവേദനയുടെ ലക്ഷണങ്ങള്‍

1 ചലിക്കുമ്പോള്‍ മാത്രമുണ്ടാകുന്ന വേദനയ്ക്ക് പകരം ചലനവുമായി ബന്ധമില്ലാത്തതോ, ചലനം കൂടുന്തോറും വഷളാകാത്തതോ ആയ വേദന

2 രാത്രിയിലോ അതിരാവിലെയോ ഉണ്ടാകുന്ന നടുവേദന. ഈ വേദന പകല്‍ സമയത്ത് ഭേദമാകുന്നതായി തോന്നും

3 മറ്റ് ചികിത്സകള്‍ക്ക് ശേഷവും നിലനില്‍ക്കുന്ന വേദന

4 മൂത്രത്തിലോ മലത്തിലോ രക്തം കാണുന്നത്

5 ശരീരഭാരം പെട്ടെന്ന് കുറയുന്നത്

6 കൈകളിലും കാലുകളിലും ഉണ്ടാകുന്ന ബലഹീനത, മരവിപ്പ്

ക്ഷീണം

ക്ഷീണമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ദീര്‍ഘകാലമായി ക്ഷീണം ഉണ്ടാകുന്നത് ഗുരുതരമായ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. ശരിയായ വിശ്രമത്തിന് ശേഷവും തുടരുന്ന ക്ഷീണം കാന്‍സറിന്റെയും സൂക്ഷ്മമായ അടയാളമായിരിക്കും. പ്രത്യേകിച്ച് മറ്റ് ലക്ഷണങ്ങളോടൊപ്പമാണെങ്കില്‍. കാന്‍സര്‍ കോശങ്ങള്‍ ' nutrient theft ' ന് കാരണമാകുന്നതുകൊണ്ടാണ് ക്ഷീണം ഉണ്ടാകുന്നത്. ക്ഷീണം രൂക്ഷമാവുകയും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ശരീരഭാരം കുറയല്‍, പനി എന്നീ ലക്ഷണങ്ങളും കാണപ്പെടുകയാണെങ്കില്‍ എത്രയും വേഗം പരിശോധനയ്ക്ക് വിധേയമാകണമെന്നും ഡോ ക്യൂബൈസ് പറയുന്നു.

പെട്ടെന്ന് ശരീരഭാരം കുറയുന്നു

ശരീരഭാരം കുറയാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. എന്നാല്‍ ഇതിനുവേണ്ടി ഒന്നും ചെയ്യാതെ തന്നെയാണ് ഭാരം കുറയുന്നതെങ്കില്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. സമ്മര്‍ദ്ദം പോലെയുള്ള അവസ്ഥകളുമായി ബന്ധപ്പെട്ടും ഭാരം കുറയുമെങ്കിലും കാന്‍സര്‍ പോലുളള ഗുരുതരമായ രോഗങ്ങളും ഇതിന് കാരണമാകാറുണ്ട്. പാന്‍ക്രിയാസ്, ആമാശയം, അന്നനാളം,ശ്വാസകോശം എന്നിവയിലെ കാന്‍സറുമായി ബന്ധപ്പെട്ട കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ ഊര്‍ജ്ജത്തിന്റെ വലിയൊരു ഭാഗം അപഹരിക്കുമ്പോഴാണ് ഇത്തരത്തില്‍ ഭാരം കുറയുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. എങ്കിലും വിശദീകരിക്കാനാവാത്ത രീതിയില്‍ ഭാരം കുറയുന്നതിന് മറ്റ് പല കാരണങ്ങളും ഉണ്ടാകാമെന്ന് ഓര്‍ക്കേണ്ടതുണ്ട്.

തുടര്‍ച്ചയായി ഉണ്ടാകുന്ന തൊണ്ടവേദന

തൊണ്ടവേദന പല കാരണങ്ങള്‍കൊണ്ട് ഉണ്ടാകാമെങ്കിലും നീണ്ടുനില്‍ക്കുന്ന തൊണ്ടവേദന ആശങ്കാജനകമാണെന്നുവേണം കരുതാന്‍. മൂന്ന് ആഴ്ചയില്‍ കൂടുതല്‍ തൊണ്ടവേദന നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. തൊണ്ടവേദനയ്‌ക്കൊപ്പം ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ടുകൂടി ഉണ്ടെങ്കില്‍ അത് തൊണ്ടയിലെ കാന്‍സറിന്റെ പ്രാരംഭ ലക്ഷണമാകാമെന്ന് ഡോ. ക്യൂബൈസ് ഓര്‍മിപ്പിക്കുന്നു. തൊണ്ടവേദനയ്‌ക്കൊപ്പം ശബ്ദത്തിലെ മാറ്റങ്ങള്‍, ചെവി വേദന, കഴുത്തില്‍ മുഴ, വിട്ടുമാറാത്ത ചുമ, ഭാരം കുറയല്‍ എന്നിവയാണ് ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങള്‍.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

Content Highlights :Dr. Jiri Kubais explains some of the subtle signs of cancer that men should pay attention to

To advertise here,contact us