ഇന്ത്യന് ഭക്ഷണ ക്രമത്തില് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പരിപ്പും പച്ചക്കറിയും. ചോറിനും ചപ്പാത്തിക്കും ഒപ്പം പരിപ്പോ പച്ചക്കറിയോ ഇല്ലെങ്കില് ഭക്ഷണം കഴിക്കാന് തന്നെ മടുപ്പ് തോന്നുന്ന ആളുകളും നമുക്കിടയില് ഉണ്ട്. മിക്കവരും സമീകൃത ആഹാരമായി കണക്കാക്കുന്നതും പരിപ്പും പച്ചക്കറിയും തന്നെയാണ്.
പ്രോട്ടീന്, നാരുകള്, വിറ്റാമിനുകള്, ധാതുക്കള് എന്നിവയാല് സമ്പന്നമായ ഇവ അമിതമായി കഴിക്കുന്നതിനെതിരെ വിദഗ്ധര് ഇപ്പോള് മുന്നറിയിപ്പ് നല്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള് പോലും അമിതമായി കഴിക്കുമ്പോള് അത് നമ്മുടെ ശരീരത്തിലെ സന്തുലിതാവസ്ഥയെ ബാധിക്കും.'പിരമിഡും' 'ബിഎംസി'യും നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കി ഭക്ഷണക്രമത്തിലെ സന്തുലിതാവസ്ഥയെ എങ്ങനെ നിലനിര്ത്താം എന്ന് നോക്കാം.
പരിപ്പ് അമിതമായി കഴിച്ചാല്
ഇന്ത്യന് ഭക്ഷണക്രമത്തിലെ ഏറ്റവും പ്രധാനപ്പെട്ട സസ്യ പ്രോട്ടീന് സ്രോതസ്സുകളില് ഒന്നാണ് പരിപ്പ്. പല വിധത്തിലുള്ള സവിശേഷ പോഷകങ്ങള് പരിപ്പില് അടങ്ങിയിട്ടുണ്ട്. മെഡിറ്ററേനിയയന് ജനസംഖ്യയില് നടത്തിയ പിരമിഡ് പഠനത്തില് പയറുവര്ഗ്ഗങ്ങളുടെ ഉയര്ന്ന ഉപയോഗം കാന്സര് മരണ സാധ്യത 49 ശതമാനം കുറയ്ക്കുമ്പോള് അതേ ഉയര്ന്ന ഉപയോഗം ഹൃദയ സംബന്ധമായ അസുഖങ്ങള് മൂലമുളള മരണനിരക്ക് വര്ധിപ്പിക്കുമെന്ന് പഠനങ്ങള് കണ്ടെത്തിയിട്ടുണ്ട്.
പരിപ്പ് അമിതമായി കഴിച്ചാലുള്ള ദോഷങ്ങള്
ദഹനസംബന്ധമായ അസ്വസ്ഥതകള്
പയറുവര്ഗങ്ങളില് സ്വാഭാവികമായും നാരുകളും അന്നജവും കൂടുതലാണ്. ഇവ അമിതമായി കഴിക്കുന്നത് വയറു വീര്ക്കുന്നതിനോ, ഗ്യാസ് ഉണ്ടാക്കുന്നതിനോ, ദഹനക്കേടിനോ കാരണമാകും. പ്രത്യേകിച്ച് അവ ശരിയായി കുതിര്ക്കുകയോ പാകം ചെയ്യുകയോ ചെയ്തിട്ടില്ലെങ്കില്.
പോഷകാഹാര വിരുദ്ധ ഘടകങ്ങള്
രാജ്മ, ചന തുടങ്ങിയ ചില പരിപ്പുകളില് ഫൈറ്റേറ്റുകളും ലെക്റ്റിനുകളും അടങ്ങിയിട്ടുണ്ട്. വലിയ അളവിലായാല് ഇവ സിങ്ക്, ഇരുമ്പ്, കാല്സ്യം തുടങ്ങിയ ധാതുക്കളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും.
പ്രോട്ടീന് അസന്തുലിതാവസ്ഥ
പരിപ്പ് പ്രോട്ടീന് സമ്പുഷ്ടമാണെങ്കിലും, ധാന്യങ്ങളുമായോ മറ്റ് സ്രോതസ്സുകളുമായോ സംയോജിപ്പിക്കാതെ അതിനെ മാത്രം ആശ്രയിക്കുന്നത് അമിനോ ആസിഡുകളുടെ കുറവിന് കാരണമാകും.
അമിതമായി പച്ചക്കറി കഴിച്ചാല് എന്ത് സംഭവിക്കും
പച്ചക്കറികളില് കലോറി കുറവാണെന്നും ആന്റിഓക്സിഡന്റുകള്, വിറ്റാമിനുകള്, ധാതുക്കള് എന്നിവയാല് നിറഞ്ഞിരിക്കുന്നുവെന്നും സത്യമാണ്. എന്നാല് എല്ലാ ദിവസവും അവ അമിതമായി കഴിക്കുന്നത് ഗുണത്തേക്കാള് കൂടുതല് ദോഷം ചെയ്യും.
പച്ചക്കറികള് അമിതമായി കഴിക്കുന്നതിന്റെ അപകടസാധ്യതകള്
1 കുടലിന്റെ ആരോഗ്യത്തിന് നാരുകള് അത്യാവശ്യമാണ്, എന്നാല് ചീര, ബീന്സ്, കാരറ്റ് തുടങ്ങിയ പച്ചക്കറികളില് നിന്നുള്ള അധിക നാരുകള് വയറിളക്കം, വയറുവേദന, അല്ലെങ്കില് പോഷകങ്ങളുടെ ആഗിരണം മോശമാകല് എന്നിവയ്ക്ക് കാരണമാകും.
2 കാബേജ്, കോളിഫ്ളവര്, ബ്രോക്കോളി തുടങ്ങിയ ക്രൂസിഫറസ് പച്ചക്കറികളില് ഗോയിട്രോജന് അടങ്ങിയിട്ടുണ്ട്. വളരെ വലിയ അളവില് കഴിക്കുമ്പോള് അവ തൈറോയ്ഡ് പ്രവര്ത്തനത്തെ തടസ്സപ്പെടുത്തും. പ്രത്യേകിച്ച് തൈറോയ്ഡ് രോഗങ്ങളുള്ള വ്യക്തികളില്.
3 ധാതുക്കളുടെ അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. ചീര, ബീറ്റ്റൂട്ട് തുടങ്ങിയ ചില ഇലക്കറികളില് ഓക്സലേറ്റുകള് കൂടുതലാണ്. ഇത് അധികമാകുമ്പോള് വൃക്കയിലെ കല്ല് രൂപപ്പെടുന്നതിന് കാരണമാകും.
Content Highlights :Although nuts and vegetables are a storehouse of health, eating too much of them can be harmful to health