ചർമത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ചർമ സംരക്ഷണത്തിനായി എത്ര പണം മുടക്കാനും ബുദ്ധിമുട്ടില്ലാത്തവരാണ് നമ്മൾ. ചർമം കണ്ടാൽ പ്രായം തോന്നുമോ എന്നത് തന്നെ പ്രധാനപ്പെട്ട കാരണം. എപ്പോഴും ചെറുപ്പക്കാരായി കാണപ്പെടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിൽ ഒരു പ്രധാനഘടകം ചർമത്തിന്റെ ആരോഗ്യമാണ്. ഭക്ഷണക്രമവും, കൃത്യമായ ആരോഗ്യപരിപാലനവും ചർമത്തിന്റെ ഘടനയെയും സ്വാധീനിക്കുന്ന ഘടകങ്ങളാണ്. സിനിമയിൽ തിളങ്ങിയിരുന്ന കാലം മുതൽ ഇന്നു വരെ ആരാധകരുടെ ചോക്ലേറ്റ് ഹീറോ ആയിരുന്നു മാഡി എന്ന മാധവ്. അന്നത്തെ കാലത്തെ മിക്ക പെൺകുട്ടികളുടെയും ക്രഷ്. തന്റെ ചർമത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ ഉപയോഗിക്കുന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് മാഡി.
55-ാം വയസിലും ചർമത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് മാഡി. മിതമായ അളവിൽ സൂര്യപ്രകാശം ഏൽക്കുക, വിറ്റാമിൻ ഡിയുടെ അളവ് കുറയാതെ ശ്രദ്ധിക്കുക, മാനസികമായി സന്തോഷം കണ്ടെത്താൻ ശ്രമിക്കുക തുടങ്ങിയ കാര്യങ്ങളാണ് മാഡി പറയുന്നത്. ശരീരത്തിന് പ്രായമാകുന്നതിനനുസരിച്ച് ചർമത്തിൽ ചുളിവുകൾ ഇല്ലാതിരിക്കാൻ സൂര്യപ്രകാശം, തേങ്ങാവെള്ളം, സസ്യാഹാരങ്ങൾ എന്നിവയാണ് താൻ ചെറുപ്പം നിലനിർത്താൻ ഉപയോഗിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.
താൻ രാവിലെ വെയിലത്ത് ഗോൾഫ് കളിക്കാൻ പോകാറുണ്ടെന്നും, ഇത് തന്റെ ശരീരത്തിൽ ടാൻ വരാൻ കാരണമാകുന്നു എന്നുമാണ് മാഡി പറയുന്നത്. പക്ഷെ ഈ വെയിൽ ചർമത്തെ ചുളുങ്ങാതെയും പാടുകൾ വരാതെയും സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. മുഖം മിനുക്കാൻ ഫിൽട്ടറുകളോ, മറ്റെന്തെങ്കിലും കാര്യങ്ങളോ ചെയ്യാറില്ല. ആകെ ഉപയോഗിക്കുന്നത് തേങ്ങവെള്ളം, വെളിച്ചെണ്ണ, സൂര്യപ്രകാശം എന്നിവയാണ് എന്നും മാഡി കൂട്ടിച്ചേർത്തു.
മുടിയുടെ ആരോഗ്യം
കുട്ടിക്കാലം മുതൽ കൈമാറി വന്ന ഒരു ദിനചര്യയാണ് മുടിയുടെ ആരോഗ്യത്തിന് വേണ്ടി പിന്തുടരുന്നത്. ആഴ്ചയിൽ ഒരിക്കൽ എള്ളെണ്ണ തലയോട്ടിയിലും ശരീരത്തിലും മുഴുവൻ പുരട്ടി മസാജ് ചെയ്യാറുണ്ട്. മറ്റ് ദിവസങ്ങളിൽ വെളിച്ചെണ്ണയാണ് ഉപയോഗിക്കാറ്. രണ്ട് പതിറ്റാണ്ടായി ഇതാണ് പിന്തുടരുന്നത്, ഇത് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നുവെന്ന് മാഡി പറയുന്നു.
ഭക്ഷണശീലങ്ങൾ
ഭക്ഷണം ഫ്രഷ് ആയി കഴിക്കണമെന്നത് ഒരു നിർബന്ധമാണ്. ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം കുട്ടിക്കാലം മുതൽ ചെയ്യാറില്ല. അതു കൊണ്ട് തന്നെ ഡയറ്റിൽ സീസണൽ പഴങ്ങളും കൂടുതലായി ചേർക്കാറുണ്ട്. സംസ്കരിച്ച ഭക്ഷണങ്ങളും പായ്ക്ക് ലഘുഭക്ഷണങ്ങളും കഴിക്കാറില്ല. ഷൂട്ടിലാണെങ്കിൽ പോലും പാചകക്കാരനെ ഒപ്പം കൂട്ടാറുണ്ട്. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുകയാണ് പതിവ്.
ഭക്ഷണക്രമത്തെക്കാൾ ശരീരമാണ് പ്രധാനം
കർശന ഭക്ഷണക്രമങ്ങളെക്കാൾ വിശക്കുമ്പോൾ ഭക്ഷണം കഴിക്കുക എന്നതാണ് ശീലം. അരി ഭക്ഷണങ്ങളോട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ല, തൻറെ മുത്തശ്ശി മൂന്ന് നേരം ചോറ് കഴിച്ചിരുന്നുവെന്നും അവരുടെ ആരോഗ്യം മികച്ചതായിരുന്നുവെന്നും മാധവൻ പറയുന്നു. വറുത്ത ഭക്ഷണങ്ങളും മദ്യവും പൂർണമായി ഒഴിവാക്കി. മനസിനേയും ശരീരത്തെയും ഒരുപോലെ നിലനിർത്തുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് തിരഞ്ഞെടുക്കാറെന്നും അദ്ദേഹം പറയുന്നു.
Content Highlight; R Madhavan’s Wrinkle-Free Skin Secret: Just Coconut Oil