ബോളിവുഡ് നടിയും മോഡലുമായ 42 കാരി ഷെഫാലി ജരിവാല ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ച വിവരം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. ഷെഫാലിയുടെ അകാല മരണത്തെത്തുടര്‍ന്ന് അവര്‍ മുന്‍പ് നല്കിയ ഒരു അഭിമുഖം ഇപ്പോള്‍ ശ്രദ്ധനേടുകയാണ്. അപസ്മാരവുമായുള്ള തന്റെ നീണ്ടകാലത്തെ പോരാട്ടത്തെക്കുറിച്ചും അത് തന്റെ കരിയറിനെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും ഒരു പഴയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തുകയുണ്ടായി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ ഒരു അഭിമുഖത്തിലാണ് ഷെഫാലി 15 വയസുള്ളപ്പോള്‍ തനിക്ക് അപസ്മാരം ബാധിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞത്.
'എനിക്ക് 15 വയസുള്ളപ്പോള്‍ അപസ്മാരം പിടിപെട്ടു. നന്നായി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പഠനസമയത്തും വലിയ സമ്മര്‍ദ്ദമുണ്ടായി. സമ്മര്‍ദ്ദവും ഉത്കണ്ഠയും അപസ്മാരത്തിലേക്ക് നയിച്ചേക്കാം. ഇത് പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, വിഷാദം മൂലവും നിങ്ങള്‍ക്ക് അപസ്മാരം വരാം' അവര്‍ പറഞ്ഞു.
രോഗാവസ്ഥ തന്റെ ആത്മവിശ്വാസത്തെയും ദൈനംദിന ജീവിതത്തെയും എങ്ങനെ ബാധിച്ചുവെന്നും ഷെഫാലി തുറന്നു പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി തന്റെ പ്രൊഫഷണല്‍ ജീവിതത്തെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചും ഷെഫാലി പറഞ്ഞു. 'കാംടാ ലഗാ ചെയ്തതിന് ശേഷം പലരും എന്നോട് ചോദിച്ചിരുന്നു എന്താണ് കൂടുതല്‍ പ്രോജക്ടുകള്‍ ചെയ്യാത്തതെന്ന് അതിനുത്തരം അപസ്മാരം മൂലമാണ് അതിന് കഴിയാതിരുന്നതെന്നാണ്. 15 വര്‍ഷമായി താന്‍ ഈ രോഗാവസ്ഥയോട് പൊരുതുകയാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഒന്‍പത് വര്‍ഷമായി തനിക്ക് അപസ്മാരത്തില്‍നിന്ന് മുക്തിയുണ്ടെന്നും പ്രകൃതിദത്തമായ രോഗശാന്തി രീതികളും കുടുംബത്തിന്റെ ശക്തമായ പിന്തുണ സംവിധാനവുമാണ് തനിക്ക് സുഖം പ്രാപിക്കാന്‍ സഹായകമായതെന്ന് ഷെഫാലി പങ്കുവച്ചു. ' എന്റെ വിഷാദവും, പരിഭ്രാന്തിയും, ഉത്കണ്ഠയും ഒക്കെ സ്വയം കൈകാര്യം ചെയ്യാനായതിനാല്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനമുണ്ട്' എന്നായിരുന്നു അഭിമുഖത്തില്‍ ഷെഫാലി പറഞ്ഞത്.
Content Highlights :Shefali Jariwala had said in an interview that stress and anxiety can lead to epilepsy