'എവിഎം' അടക്കം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്, എല്ലുകളെല്ലാം നുറുങ്ങുന്ന വേദന; തുറന്നുപറഞ്ഞ് സൽമാൻ ഖാൻ

ട്രൈജമിനല്‍ ന്യൂറല്‍ജിയ, ബ്രയിന്‍ അന്യൂറിസം, ആര്‍ട്ടീരിയോവിനീല് മാല്‍ഫോര്‍മേഷന്‍ (എവിഎം) എന്നിവയുള്‍പ്പെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ താന്‍ വലയുകയാണെന്ന് നടന്‍ സല്‍മാന്‍ഖാന്‍ പറയയുന്നു

നെറ്റ്ഫ്‌ളിക്‌സിന്റെ ജനപ്രിയ പരിപാടിയായ ' ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ' യുടെ മൂന്നാം സീസണിന്റെ പ്രീമിയര്‍ ഷോയില്‍ അതിഥിയായി എത്തിയ നടന്‍ സല്‍മാന്‍ഖാന്‍ നടത്തിയ വെളിപ്പെടുത്തല്‍ ആരാധകരേയും സിനിമ ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. താന്‍ കുറച്ച് കാലമായി ബ്രയിന്‍ അന്യൂറിസത്തിനും ധമനികളിലെ തകരാറുകള്‍ക്കും ചികിത്സ തേടുന്നതായി ഷോയുടെ അവതാരകനായ കപില്‍ ശര്‍മ്മ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി 59 കാരനായ സല്‍മാന്‍ ഖാന്‍ പറയുകയായിരുന്നു.

' ഓരോ ദിവസവും കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. എന്റെ എല്ലുകളെല്ലാം നുറുങ്ങുന്ന വേദനയാണ്.വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. എനിക്ക് ട്രൈജമിനല്‍ ന്യൂറല്‍ജിയ ബാധിച്ചു. ഒപ്പം തലച്ചോറില്‍ അന്യൂറിസവും, ധമനികളിലെ തകരാറുകള്‍ക്കും ചികിത്സ തേടുകയാണ്. ഇത്തരം അനുഭവങ്ങള്‍ക്കിടയിലും ഞാന്‍ ജോലി ചെയ്യുകയാണ്' ,സല്‍മാന്‍ ഖാന്‍ പറഞ്ഞു.

2017ല്‍ ഒരു സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ചടങ്ങില്‍ ട്രൈജെമിനല്‍ ന്യൂറല്‍ജിയ രോഗത്തെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുയിരുന്നു. 2011ല്‍ ബോഡിഗാര്‍ഡ് സിനിമയുടെ റിലീസലിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സല്‍മാന്‍ഖാന്‍ യുഎസില്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു. ഈ രോഗത്തെത്തുടര്‍ന്ന് തന്റെ തലയിലും താടിയെല്ലിലും കവിളിലും വര്‍ഷങ്ങളായി കടുത്ത വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എന്താണ് സല്‍മാന്‍ ഖാനെ ബാധിച്ച 'എവിഎം'(ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍) രോഗം

രക്തക്കുഴലുകളുടെ അപൂര്‍വവും അസാധാരണവുമായ ഒരു കുരുക്കാണ് ആര്‍ട്ടീരിയോവീനസ് മാല്‍ഫോര്‍മേഷന്‍ (AVM). മയോ ക്ലിനിക്കും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌ട്രോക്കും [NINDS] പറയുന്നതനുസരിച്ച് ഇത് കോശങ്ങളിലെ സാധാരണ രക്തചംക്രമണത്തെയും ഓക്‌സിജന്‍ കൈമാറ്റത്തെയും തടസ്സപ്പെടുത്തുന്നു.തലച്ചോറിലും സുഷുമ്നാ നാഡിയിലുമാണ് ഈ അവസ്ഥ സാധാരണയായി കാണപ്പെടുന്നത്, എന്നാല്‍ AVM-കള്‍ ശരീരത്തിലെവിടെയും ഉണ്ടാകാം.

വിട്ടുമാറാത്തതും കഠിനമായതുമായ തലവേദന (ചിലപ്പോള്‍ മൈഗ്രെയ്ന്‍ പോലെ) കാഴ്ച പ്രശ്‌നങ്ങള്‍ (പ്രത്യേകിച്ച് AVM ഒപ്റ്റിക് പാതകള്‍ക്ക് , optic pathways സമീപമാണെങ്കില്‍) പേശി ബലഹീനത, മരവിപ്പ് അല്ലെങ്കില്‍ സംസാരിക്കുന്നതിനോ സംസാരം മനസ്സിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്, ഓര്‍മ്മ പ്രശ്‌നങ്ങള്‍, ആശയക്കുഴപ്പം, നടത്തം തകരാറിലാകുന്നു. ബോധക്ഷയം അല്ലെങ്കില്‍ തലകറക്കം ഇവയെല്ലാം ലക്ഷണങ്ങളാണ്.

കഠിനമായ കേസുകളില്‍, പ്രത്യേകിച്ച് ഒരു AVM പൊട്ടുമ്പോള്‍, അത് തലയോട്ടിയിലെ രക്തസ്രാവത്തിന് കാരണമാകും, ഇത് പക്ഷാഘാതം, ദീര്‍ഘകാല മസ്തിഷ്‌ക ക്ഷതം അല്ലെങ്കില്‍ മരണം എന്നിവയിലേക്ക് നയിച്ചേക്കാം. ശസ്ത്രക്രിയയിലൂടെയുള്ള നീക്കം ചെയ്യല്‍, എന്‍ഡോ വാസ്‌കുലര്‍ എംബോളൈസേഷന്‍, റേഡിയോ സര്‍ജറി എന്നിവയാണ് ഇതിനുളള ചികിത്സകള്‍.

Content Highlights :Actor Salman Khan says he is suffering from serious health issues including trigeminal neuralgia, brain aneurysm and arteriovenous malformation (AVM).

To advertise here,contact us