ഷവര്‍മ, ഷവായ, ചിക്കന്‍ ഫ്രൈ, ചിക്കന്‍ കറി, ബിരിയാണി… അങ്ങനെ ചിക്കന്‍ വിഭവങ്ങള്‍ക്ക് മലയാളികളുടെ ഭക്ഷണശീലത്തില്‍ പ്രത്യേക സ്ഥാനമുണ്ട്. പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ വ്യായാമം ചെയ്യുന്നവരും പേശികളുടെ വളര്‍ച്ച ആഗ്രഹിക്കുന്നവരും ഭക്ഷണത്തില്‍ ചിക്കന്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ദിവസവും ചിക്കന്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ചിക്കന്‍ കഴിക്കുന്നതുകൊണ്ടു മാത്രം ആരോഗ്യപ്രശ്നങ്ങളുണ്ടാകണമെന്നില്ല. എത്രത്തോളം കഴിക്കുന്നു, എങ്ങനെ പാകം ചെയ്യുന്നു, ഭക്ഷണത്തില്‍ മറ്റ് പോഷകങ്ങള്‍ ഉള്‍പ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പ്രധാനമാണ്.
ചിക്കന്റെ തൊലിയില്‍ കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തൊലി നീക്കിയ ചിക്കന്‍ തിരഞ്ഞെടുക്കുന്നത് നല്ലൊരു ശീലമാണ്. പതിവായി കൂടുതല്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൊത്തം കലോറി ഉപഭോഗം വര്ധിപ്പിക്കാനിടയാക്കിയേക്കാം.
ചിക്കന്‍ പാകം ചെയ്യുന്ന രീതി അതിന്റെ പോഷകമൂല്യത്തെയും കലോറിയെയും സ്വാധീനിക്കും. ധാരാളം എണ്ണയില്‍ പൊരിച്ചെടുക്കുന്ന ചിക്കനിലും ബട്ടറും ക്രീമും കൂടുതലായി ചേര്‍ത്ത വിഭവങ്ങളിലും കൊഴുപ്പും കലോറിയും കൂടുതലായിരിക്കാന്‍ സാധ്യതയുണ്ട്. എണ്ണ കുറച്ച് തയ്യാറാക്കുന്ന ചിക്കന്‍ കറി, ഗ്രില്‍ ചെയ്ത ചിക്കന്‍, ബേക്ക് ചെയ്ത ചിക്കന്‍ എന്നിവ നല്ല തിരഞ്ഞെടുപ്പുകളാണ്. ഉപ്പിന്റെ അളവും ശ്രദ്ധിക്കണം. ചിക്കനൊപ്പം പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തുന്നത് സമീകൃതാഹാരത്തിന് സഹായിക്കും.
ചിക്കന്റെ കരളില്‍ ഇരുമ്പ്, വിറ്റാമിന്‍ ബി12, വിറ്റാമിന്‍ എ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ വിറ്റാമിന്‍ എയുടെ അളവ് കൂടുതലായതിനാല്‍ ലിവര്‍ ദിവസവും വലിയ അളവില്‍ കഴിക്കുന്നത് നല്ലതല്ല. ഗര്‍ഭിണികള്‍ ലിവര്‍ കഴിക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
ചിക്കന്റെ കരള്‍, ഹൃദയം, കുടല് തുടങ്ങിയവ ഉപയോഗിച്ച് തയ്യാറാക്കുന്ന കറി പലര്‍ക്കും പ്രിയപ്പെട്ട വിഭവമാണ്. ഇവയില്‍ ചില പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ശുചിത്വവും പാചകരീതിയും പ്രധാനമാണ്. ആന്തരിക അവയവങ്ങള്‍ കൃത്യമായി വൃത്തിയാക്കി പൂര്‍ണമായി വേവിച്ചെടുക്കണം. കൊളസ്ട്രോളിന്റെ അളവ് ശ്രദ്ധിക്കേണ്ടവര്‍ ഇത്തരം വിഭവങ്ങളുടെ അളവ് നിയന്ത്രിക്കുന്നത് നന്നായിരിക്കും.
പച്ച ചിക്കന്‍ പൈപ്പ് വെള്ളത്തില്‍ കഴുകുമ്പോള്‍ വെള്ളത്തുള്ളികളിലൂടെ ബാക്ടീരിയകള്‍ അടുക്കളയിലെ മറ്റു ഭാഗങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശ്രദ്ധിച്ചുവേണം അവ വൃത്തിയാക്കാന്‍. പച്ച ചിക്കന്‍ കൈകാര്യം ചെയ്ത ശേഷം കൈകള്‍, കത്തി, കട്ടിങ് ബോര്‍ഡ്, പാത്രങ്ങള്‍ എന്നിവ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. പച്ച ചിക്കന്‍ വെച്ചിരുന്ന പാത്രത്തില്‍ വേവിച്ച ചിക്കന്‍ വീണ്ടും വയ്ക്കരുത്.
ശരിയായി വേവിക്കാത്ത ചിക്കനില്‍ സാല്‍മൊണെല്ല, കാംപിലോബാക്റ്റര്‍ തുടങ്ങിയ രോഗാണുക്കള്‍ ഉണ്ടാകാം. ഇവ ഭക്ഷ്യവിഷബാധയ്ക്കും വയറിളക്കം, ഛര്‍ദി, പനി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകാം. അതിനാല്‍ ചിക്കന്‍ പൂര്‍ണമായി വേവിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ നിര്‍ദേശപ്രകാരം ചിക്കന്റെ ഉള്ളിലെ താപനില കുറഞ്ഞത് 74 ഡിഗ്രി സെല്‍ഷ്യസ് എത്തുന്നതുവരെ വേവിക്കണമെന്നാണ് പറയുന്നത്.
എല്ലാ ദിവസവും ചിക്കന്‍ തന്നെ പ്രോട്ടീന്റെ പ്രധാന സ്രോതസ്സാക്കുന്നതിനുപകരം മുട്ട, മത്സ്യം, പയര്‍വര്‍ഗങ്ങള്‍, കടല തുടങ്ങിയ ഭക്ഷണങ്ങളും മാറിമാറി ഉള്‍പ്പെടുത്താം. പ്രായം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ആരോഗ്യസ്ഥിതി, ശരീരത്തിന്റെ പോഷകാവശ്യങ്ങള്‍ എന്നിവ അനുസരിച്ച് അനുയോജ്യമായ അളവ് വ്യത്യാസപ്പെടും. ചിക്കന്‍ ആരോഗ്യകരമായി കഴിക്കണമെന്നാണ് പ്രധാനം. അതായത് ശരിയായ അളവ്, കുറഞ്ഞ എണ്ണയിലുള്ള പാചകരീതി, പൂര്‍ണമായ വേവിക്കല്, എന്നിവ ശ്രദ്ധിച്ചാല്‍ ചിക്കനെ സമീകൃതാഹാരത്തിന്റെ ഭാഗമാക്കാം.
Content Highlights :Chicken is a good source of protein. However, when consuming it daily, one should be mindful of the portion size and the method of preparation. Is eating chicken every day good for your health? What precautions should be taken when consuming chicken parts, including the liver?