നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ചൂടോടെ കഴിക്കാൻ കഴിഞ്ഞാൽ അതിൽ പരം സന്തോഷം വേറെയില്ല. നല്ല ചൂട് ചോറും സാമ്പാറും പരിപ്പും പപ്പടവും ചേർത്ത് ഒരു അടിപൊളി ഊണുകഴിച്ചാൽ അന്നത്തെ ദിവസം ആ രുചി നാവിൽ നിന്നും പോകില്ല. ഊണ് മാത്രമല്ല... ബിരിയാണിയായാലും ഇതു തന്നെയാകും അനുഭവം. എന്നാൽ ചില സമയങ്ങളിലെങ്കിലും നമ്മൾ ബാക്കിവന്ന ചില ഭക്ഷണങ്ങൾ രാത്രിയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിറ്റേന്ന് ഉപയോഗിച്ചാൽ രുചി അൽപം കൂടിയില്ലേയെന്ന് തോന്നില്ലേ? അതിന് പിന്നിൽ ചില കാരണങ്ങളുമുണ്ടെന്നാണ് പറയുന്നത്. ഫുഡ് ഹിസ്റ്ററി വിദഗ്ധനായ അലോക് സിങാണ് ഇതിനെ കുറിച്ച് വിശദീകരിക്കുന്നത്.
ഇന്ത്യയിലും ലോകത്തുടനീളവുമുള്ള പാചക രീതികളുടെ പ്രത്യേകതയാണ് ബാക്കി വന്ന ഭക്ഷണങ്ങൾ തൊട്ടടുത്ത ദിവസം കൂടുതൽ രുചികരമായി തോന്നാൽ കാരണമെന്നാണ് അലോക് പറയുന്നത്. കറികൾ, ബിരിയാണികൾ തുടങ്ങി പതിയെ പാചകം ചെയ്തെടുക്കുന്ന സ്റ്റ്യൂ, ഗ്രേവി, മാരിനൈഡുകൾ ഇവയിലെല്ലാം രാത്രികാലങ്ങളിൽ സൂക്ഷിച്ചുവയ്ക്കുമ്പോൾ അതിന്റെ ചേരുവകളെല്ലാം നന്നായി കൂടി ചേർന്ന് കൂടുതൽ രുചികരമാകുന്നുവെന്ന് അലോക് വിശദീകരിക്കുന്നു.
ചൂടോടെ തയ്യാറാകുന്ന വിഭവം, തണുത്ത് കഴിഞ്ഞ് അതിന്റെ ബാക്കി ഭാഗം നാളത്തേയ്ക്കായി മാറ്റിവയ്ക്കുമ്പോൾ, അതിലെ ചേരുവകൾ വീണ്ടും തമ്മിൽ സമ്പർക്കമുണ്ടാകും. പച്ചക്കറികളൾ, മാംസം എന്നിവയിൽ നിന്നുള്ള നീര്, കറിയിൽ ചേർത്തിരിക്കുന്ന മസാല, രുചിക്കൂട്ടുകൾ, എണ്ണ എന്നിവ കൂടുതൽ ആ വിഭവത്തിൽ പരന്നുപിടിക്കും. മാത്രമല്ല, വീണ്ടും ഇവ ചൂടാക്കുമ്പോൾ ഇതിലുള്ള ഇഞ്ചി, വെളുത്തുള്ളി, സവാള, മസാല എന്നിവയിൽ നിന്നുള്ള സുഗന്ധവും മറ്റ് പോഷകങ്ങളും വീണ്ടും അതിലേക്ക് പുറംത്തള്ളും ഇതോടെ മികച്ച മണവും രുചിയും അതേഭക്ഷണത്തിന് അനുഭവപ്പെടും. ഗ്രേവികളിലും മറ്റും പലചേരുവകളുണ്ടെങ്കിലും രുചികൾ വ്യത്യസ്തമായി നിൽക്കാതെ ചേർന്ന് നിൽക്കുമെന്നാരു പ്രത്യേകതയുമുണ്ടെന്ന് അലോക് പറയുന്നു.
ഇന്ത്യൻ കറികൾ, മസാലകളും മുളകും ചേർത്ത വിഭവങ്ങൾ, മാംസാഹാരങ്ങൾ എന്നിവയ്ക്കാണ് ഇത്തരത്തിൽ രുചിയേറുന്നതായി തോന്നുന്നത്. പയറുവർഗങ്ങൾ അടങ്ങിയ വിഭവങ്ങൾ ആണെങ്കിൽ ഇവ മസാല ചേർത്ത വെള്ളം പിടിച്ചെടുക്കുകയും ഗ്രേവി കൂടുതൽ രുചികരമായി തോന്നുകയും ചെയ്യും. ബിരിയാണിയിൽ അത് തയ്യാറാക്കുന്ന വിധം അനുസരിച്ചാകും പിറ്റേ ദിവസം കഴിക്കുന്ന രുചി. എല്ലാ ഭക്ഷണ സാധനങ്ങളും അടുത്ത ദിവസം കഴിക്കുമ്പോൾ കൂടുതൽ രുചികരമായി തോന്നണമെന്നില്ല. പൊരിച്ച ഭക്ഷണങ്ങൾ തണുത്ത കഴിഞ്ഞാൽ തന്നെ ക്രിസ്പ്നെസ് നഷ്ടമാകും. പച്ചക്കറികളിൽ ചിലതിന് അതിന്റെ ഫ്രഷ്നസ് നഷ്ടമായതായി തോന്നാം. ചില ഒന്നുകൂടി ചൂടാക്കിയാൽ ചീത്തയായി പോകാനും മതി. ബാക്കിവയ്ക്കുന്ന ഭക്ഷണം ചൂടാക്കുമ്പോൾ അതിനുള്ളിൽ നിന്നും മനസിനിഷ്ടപ്പെടുന്ന തരത്തിലുള്ള സുഗന്ധം ഉണ്ടാകും, ഒരു വിഭവം കൂടുതൽ ഇഷ്ടപ്പെടുന്നതും, നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അതിലൂടെ ലഭിക്കുന്ന അനുഭവവും ഭക്ഷണത്തിൽ ഉണ്ടാകുന്ന ചില മാറ്റങ്ങളുമാണ് രുചി കൂടിയതായി തോന്നുന്നതെന്നും പൊതുവേ കണക്കാക്കപ്പെടുന്നുണ്ട്.
(ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് മാത്രമുള്ളതാണ്. ഇത് വിദഗ്ധോപദേശത്തിന് പകരമാവില്ല. ഇതിലെ അവകാശവാദങ്ങൾ റിപ്പോർട്ടർ ടിവി സ്വതന്ത്രമായി പരിശോധിച്ചിട്ടില്ല, മാത്രമല്ല അവയെ അംഗീകരിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല)
Content Highlights: Some leftover dishes taste better the next day because flavours from spices, herbs and other ingredients have more time to blend. Moisture redistribution can also improve the texture of certain foods. However, the effect depends on the dish and storage conditions. Leftovers should be refrigerated promptly and reheated safely before consumption.