പാലിലും ഡിറ്റര്‍ജെന്റോ? പാലില്‍ മായം ഉണ്ടോ എന്ന് കണ്ടെത്താനുള്ള മാര്‍ഗ്ഗങ്ങള്‍

മായം കലര്‍ന്ന പാല്‍ ധാരാളം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

ഭഷണസാധനങ്ങളില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്തകള്‍ പലപ്പോഴായി നമ്മള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ പാലില്‍ മായം കലര്‍ന്നുണ്ടെന്ന് കേട്ടിട്ടുണ്ടോ? അതും ഡിറ്റര്‍ജെന്റ് പോലുള്ള വസ്തുക്കള്‍. അടുത്തിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ 1,400 ലിറ്റര്‍ വ്യാജപാലും അതുപോലെ തന്നെ ആഗ്രയില്‍ 450 ലിറ്റല്‍ വ്യാജ പാലും പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത പാലില്‍ ഡിറ്റര്‍ജെന്റ്, യൂറിയ, സ്റ്റാര്‍ച്ച് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ടെന്നായിരുന്നു കണ്ടെത്തല്‍.

മായം ചേര്‍ത്ത ഭക്ഷണങ്ങള്‍ ശരീരത്തിന് ദോഷം വരുത്തുന്നത് എങ്ങനെ

മായം ചേര്‍ന്ന ഭക്ഷണവസ്തുക്കള്‍ കരള്‍, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.ഇവ പ്രായമായവരിലും കുട്ടികള്‍ക്കും ഒരുപോലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

പാലില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം

പാല്‍ വാങ്ങുമ്പോള്‍ അതിന്റെ നിറം, മണം എന്നിവ പരിശോധിക്കേണ്ടതാണ്. നന്നായി വെളുത്തതോ നുരയുന്നതോ ആയ പാലില്‍ മായം കലര്‍ന്നിട്ടുണ്ടാകും. വില കുറച്ച് ലഭിക്കുന്നതോ, വൃത്തിഹീനമായ സ്ഥലങ്ങളില്‍നിന്ന് ലഭിക്കുന്നതോ ആയ പാല്‍ വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. വിശ്വസനീയമായി ഡയറിയില്‍നിന്നോ ഏതെങ്കിലും നല്ല കമ്പനിയുടെ പാക്ക് ചെയ്ത പാലോ വാങ്ങാന്‍ ശ്രമിക്കുക.

പാലില്‍ വെള്ളം ഉണ്ടോ?

ഒരു തുള്ളി പാല്‍ മിനുസമാര്‍ന്ന ഒരു പ്രതലത്തിലേക്ക് ഒഴിക്കുക. തുള്ളി പതുക്കെ താഴുകയും ഒരു വെളുത്ത പത അവശേഷിക്കുകയോ ചെയ്താല്‍ ആ പാല്‍ ശുദ്ധമായിരിക്കും. പാലിന്റെ തുള്ളി പ്രതലത്തിലൂടെ ഒഴുകി പോയാല്‍ അതില്‍ വെളളം കലര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാം.

ഡിറ്റര്‍ജെന്റ് കലര്‍ന്നിട്ടുണ്ടോ?

കുപ്പിയിലേക്ക് കുറച്ച് പാല് ഒഴിച്ച് ശക്തിയായി കുലുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ധാരാളം നുര രൂപപ്പെടുകയും ആ നുര ദീര്‍ഘനേരം നിലനില്‍ക്കുകയും ചെയ്താല്‍ അതില്‍ ഡിറ്റര്‍ജെന്റ് അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്.

അന്നജം അടങ്ങിയിട്ടുണ്ടോ?

പാല്‍ അല്‍പ്പം തണുപ്പിച്ച ശേഷം അതിലേക്ക് അല്‍പ്പം അയോഡിന്‍ ചേര്‍ക്കുക. പാലിന്റെ നിറം നീലയായി മാറിയാല്‍ അതില്‍ അന്നജം കലര്‍ന്നിരിക്കാം.

സിന്തറ്റിക് പാല്‍ തിരിച്ചറിയാന്‍?

സിന്തറ്റിക് പാലിന് അല്‍പ്പം കയ്‌പ്പോ സോപ്പിന്റേതായ രുചിയോ ഉണ്ടാകും. അല്‍പ്പം പാല്‍ എടുത്ത് കൈവിരലുകള്‍ക്കുള്ളില്‍വച്ച് തിരുമ്മുകയാണെങ്കില്‍ എണ്ണമയമുള്ളതായി തോന്നാം. അല്ലെങ്കില്‍ ചൂടാക്കുമ്പോള്‍ ഇളം മഞ്ഞനിറം ഉണ്ടാകും.

യൂറിയ അടങ്ങിയിട്ടുണ്ടോ?

സോയാബീന്‍ അല്ലെങ്കില്‍ തുവരപ്പരിപ്പിന്റെ പൊടി അല്‍പ്പം പാലില്‍ കലര്‍ത്തി 5 മിനിറ്റ് വയ്ക്കുക. തുടര്‍ന്ന് അതില്‍ ഒരു ലിറ്റ്മസ് പേപ്പര്‍ ഇടുക. ഈ പേപ്പര്‍ നീലനിറമായി മാറുകയാണെങ്കില്‍ അതില്‍ യൂറിയ അടങ്ങിയിരിക്കും.

പാല് വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം

  • എപ്പോഴും വിശ്വസനീയമായ ഒരു ബ്രാന്‍ഡില്‍നിന്ന് പാല്‍ വാങ്ങുക.
  • പാക്കറ്റിലെ കാലഹരണതീയതി പരിശോധിക്കുക
  • പാല്‍ തിളപ്പിക്കുന്നതിന് മുന്‍പ് അതിന്റെ നിറവും ഗുണവും പരിശോധിക്കുക.
  • വെളുത്തതും തിളക്കമുള്ളതുമായ പാലാണോ എന്ന് നോക്കുക
  • കുട്ടികള്‍ക്ക് തിളപ്പിച്ചാറ്റിയ പാല്‍ കൊടുക്കുക. പച്ച പാല്‍ കൊടുക്കരുത്.

Content Highlights : Ways to detect adulteration in milk. Adulterated milk can cause many health problems.

To advertise here,contact us