രാവിലെ ചുറു ചുറുക്കോടെ ജോലിക്ക് പോവാം; എനർജി ബൂസ്റ്ററായ അഞ്ച് ബ്രേക്ക്ഫാസ്റ്റുകള്‍ ഇതാ...

മടിയെല്ലാം മാറ്റി വെച്ച് ഒരേ സമയം ഹെല്‍ത്തിയായും ഈസിയായും തയാറാക്കാന്‍ കഴിയുന്ന ചില പ്രഭാത ഭക്ഷണങ്ങളെ പറ്റി അറിയാം

പ്രഭാത ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമെന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത് അല്ലേ… ഒരു നീണ്ട വിശ്രമ വേളയ്ക്ക് ശേഷം നമ്മള്‍ ആദ്യം കഴിക്കുന്ന ഭക്ഷണം തീര്‍ച്ചയായും വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായ പ്രഭാത ഭക്ഷണം ആ ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജ നിലയെയും മെറ്റബോളിസത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കും. എന്നാല്‍ രാവിലെ ജോലിക്കോ പഠനത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കും ഒക്കെ പോകുമ്പോള്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ മുടക്കുന്നതും അതേ പ്രഭാത ഭക്ഷണമാണ്. ഇതിന് പിന്നില്‍ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാനുള്ള മടിയും സമയക്കുറവും കാരണമാവാറുണ്ട്. എന്നാല്‍ ഇനി മടിയെല്ലാം മാറ്റി വെച്ച് ഒരേ സമയം ഹെല്‍ത്തിയായും ഈസിയായും തയാറാക്കാന്‍ കഴിയുന്ന ചില പ്രഭാത ഭക്ഷണങ്ങളെ പറ്റി അറിയാം.

ബദാം ചേര്‍ത്ത ഓവര്‍നൈറ്റ് ഓട്‌സ്

ഇപ്പോള്‍ ജെന്‍സി കിഡ്‌സിന്റെ ഉള്‍പ്പടെ ഇഷ്ട ബ്രേക്ക്ഫാസ്റ്റ് വിഭവത്തിൽ ഒന്നാണ് ഓവര്‍ നൈറ്റ് ഓട്‌സ്. വളരെ എളുപ്പത്തില്‍ രാത്രിയില്‍ തയാറാക്കി ഫ്രിഡ്ജില്‍ വെച്ചാല്‍ രാവിലെ ഈസിയും ടേസ്റ്റിയുമായ പ്രഭാത ഭക്ഷണം റെഡി.

തയ്യാറാക്കുന്ന വിതം

ഒരു ചെറിയ കപ്പ് റോള്‍ഡ് ഓട്‌സ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് പാലൊഴിച്ച് നന്നായി ഇളക്കുക. മിശ്രിതത്തിന് കൊഴുപ്പ് കുറവാണെന്ന് തോന്നിയാല്‍ ഗ്രീക്ക് യോഗര്‍ട്ടും ഇതില്‍ ഉള്‍പ്പെടുത്താം. ഇനി ബദാം ചെറിയ നുറുങ്ങ് കഷ്ണങ്ങളായി അരിഞ്ഞ് മിശ്രിതത്തിലേക്ക് ഇടുക. ഒരു ഫ്‌ലേവറിനായി കറുവപ്പട്ട ഇതിലേക്ക് ഇട്ട ശേഷം ഫ്രിഡ്ജില്‍ വെക്കുക. കറുവപ്പട്ടയുടെ സ്വാദ് ഇഷ്ടമല്ലാത്തവര്‍ക്ക് ഇത് ഒഴിവാക്കാവുന്നതാണ്. രാവിലെ വാഴപ്പഴം, സട്രോബറി, ആപ്പിള്‍ പോലെയുള്ള പഴങ്ങള്‍ ഇതിന് മുകളില്‍ വിതറിയ ശേഷം കഴിക്കാം. വിറ്റാമിന്‍ ഇ, മഗ്നീഷ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ബദാമില്‍ ഉണ്ട്. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്.

ബെറി ചിയ പുഡ്ഡിംഗ്

ചിയ വിത്തുകള്‍ ഉപയോഗിച്ച് വളരെ ആരോഗ്യകരമായി തയ്യാറാക്കാവുന്ന ഒന്നാണ് ബെറി ചിയ പുഡ്ഡിംഗ്. ഇത് നിങ്ങളുടെ പ്രഭാത ഭക്ഷണ രീതിക്ക് പുതുമ നല്‍കുന്നു.

തയ്യാറാക്കുന്ന വിതം

തേങ്ങാപ്പാലിലോ ബദാം പാലിലോ ചിയ വിത്തുകള്‍ ഇട്ട ശേഷം ഒരു നുള്ള് തേനും വാനിലാ എക്ര്‌സ്ടാറ്റും ചേര്‍ത്ത് ഇളക്കുക. ഇതിനെ ഒരു പാത്രത്തിലാക്കിയ ശേഷം ഫ്രിഡ്ജില്‍ തണ്ണുക്കാന്‍ വെക്കുക. രാവിലെ ആകുമ്പോഴേക്കും ചിയ വിത്ത് ദ്രാവകത്തെ ആകിരണം ചെയ്ത് പുഡ്ഡിംഗിന്റെ ഘടനയിലേക്ക് മാറിയിട്ടുണ്ടാവും. ഇതിലേക്ക് ബ്ലൂബെറി, റാസ്‌ബെറി, അല്ലെങ്കില്‍ അരിഞ്ഞ മാമ്പഴം എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ച് അലങ്കരിച്ച ശേഷം പ്രഭാത ഭക്ഷണമായി കഴിക്കാവുന്നതാണ്. ചിയ വിത്തുകള്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, നാരുകള്‍, സസ്യാധിഷ്ഠിത പ്രോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. ഇത് ഹൃദയാരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ്. കൂടാതെ ബെറികള്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

വെജി ഓംലെറ്റ് ഹോള്‍ ഗ്രെയിന്‍ ടോസ്റ്റ്

മുട്ട പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമായ ഒരു ഭക്ഷണമാണ്. എന്നാല്‍ മുട്ടയെ കൂടുതല്‍ രുചികരവും വ്യത്യസ്ഥമായും ഒന്ന് പരീക്ഷിച്ച് നോക്കാന്‍ തയ്യാറാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് ഈ വെജി ഓംലെറ്റ് ഹോള്‍ ഗ്രെയിന്‍ ടോസ്റ്റ് റെസിപ്പി.

തയ്യാറാക്കുന്ന വിതം

ഒരു സ്പൂൺ പാലില്‍ രണ്ട് മുട്ട അടിക്കുക. ശേഷം ഉപ്പും കുരുമുളകും ചേര്‍ക്കുക. പിന്നാലെ മിശ്രിതം ഒരു ചൂടായ നോണ്‍-സ്റ്റിക്ക് പാനിലേക്ക് ഒഴിക്കുക. ഇതിന് മുകളിലേക്ക് ചീര, ഉള്ളി, തക്കാളി, കുരുമുളക് തുടങ്ങിയ സീസണല്‍ പച്ചക്കറികള്‍ അരിഞ്ഞത് ചേര്‍ക്കുക.

മുട്ട പാകമാകുന്നതുവരെയും പച്ചക്കറികള്‍ മൃദുവാകുന്നതുവരെയും ഇത് വേവിക്കാന്‍ അനുവദിക്കുക. ആവശ്യമെങ്കിൽ ഇതിന് മുകളിലേക്ക് മള്‍ട്ടിഗ്രെയിന്‍സ് ചേർക്കാം. ഉയര്‍ന്ന നിലവാരമുള്ള പ്രോട്ടീന്‍, അവശ്യ അമിനോ ആസിഡുകള്‍, നിരവധി പ്രധാന വിറ്റാമിനുകള്‍ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. നാരുകള്‍ അടങ്ങിയ പച്ചക്കറികളും ടോസ്റ്റും ചേര്‍ത്ത് കഴിക്കുന്ന ഈ പ്രഭാതഭക്ഷണം നിങ്ങളെ വയറു നിറയ്ക്കുകയും പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ബദാം ഓട്‌സ് സ്മൂത്തി ബൗള്‍

സ്മൂത്തികള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുള്ള ഒരു മികച്ച റെസിപ്പിയാണ് ബദാം ഓട്‌സ് സ്മൂത്തി ബൗള്‍. കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്ന ഈ സ്മൂത്തി ബൗള്‍ ഊര്‍ജ്ജം പകരാന്‍ മികച്ചതാണ്.

തയ്യാറാക്കുന്ന വിതം

റോള്‍ഡ് ഓട്സ്, പാല്‍, ഒരു ഫ്രോസണ്‍ വാഴപ്പഴം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കു. ശേഷം മിശ്രിതം ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഗ്രാനോള, ചിയ വിത്തുകള്‍, കാലിഫോര്‍ണിയ ബദാം, കിവി, ബെറികള്‍ അല്ലെങ്കില്‍ മാതളനാരങ്ങ വിത്തുകള്‍ പോലുള്ള വര്‍ണ്ണാഭമായ പഴങ്ങള്‍ എന്നിവ മുകളില്‍ വിതറുക. ശേഷം മിശ്രിതത്തിലേക്ക് ചിയ വിത്തുകള്‍, ബദാം, കിവി, ബെറീസ് എന്നിവ ചേര്‍ത്ത കഴിക്കാം.

കീൻവാ സൂപ്പർ ബൗള്‍

സൂപ്പര്‍ ഫൂഡെന്ന് അറിയപ്പെടുന്ന കീന്‍വയാണ് ഇതിലെ പ്രധാന ചേരുവ. ഗ്യൂട്ടണ്‍ ഫ്രീയായ ഒരു ധാന്യമാണ് കീന്‍വാ.

തയ്യാറാക്കുന്ന വിതം

സ്വാദിഷ്ടമായ പ്രഭാതഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ക്ക്, ഈ കീന്‍വാ ബൗള്‍ തൃപ്തികരവും ആരോഗ്യകരവുമാണ്. കീന്‍വാ മൃദുവാകുന്നതുവരെ വേവിക്കുക. ഒരു പാനില്‍, ചീര, തക്കാളി, കുരുമുളക്, ഉള്ളി തുടങ്ങിയ പച്ചക്കറികള്‍ ഒലിവ് ഓയില്‍ വഴറ്റുക. ശേഷം പച്ചക്കറികള്‍ കീന്‍വയിൽ കലര്‍ത്തി, അതിനു മുകളില്‍ മൃദുവായ വേവിച്ച പൊടിച്ച് മുട്ട വിതറുക. ക്രഞ്ചിനും അധിക പോഷകങ്ങള്‍ക്കും വേണ്ടി ഒരു പിടി ബദാം അല്ലെങ്കില്‍ മത്തങ്ങ വിത്തുകള്‍ ചേര്‍ത്ത ശേഷം കഴിക്കാം. കീന്‍വാ എന്നും കെനോവ എന്നും ഇതിനെ ഉച്ചരിക്കാം. പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിനുകള്‍ ധാതുക്കള്‍ ഇവയെല്ലാം കീന്‍വയിലുണ്ട്. ഇത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിക്കും.

Content Highlights- Here are five energy-boosting breakfasts to help you get ready for work in the morning

To advertise here,contact us