വേനല്‍ ചൂട് കടുക്കുകയാണ്. ഈ സമയത്ത് എല്ലാവരും ഒരുപോലെ പറയുന്ന കാര്യമാണ്. എന്തൊരു ചൂടാണ് പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നില്ല, കിടന്നാല്‍ ഉറങ്ങാന്‍ സാധിക്കുന്നില്ല എന്നൊക്കെ. ഇത് നമ്മുടെ കേരളത്തിലെ കാര്യമാണ്. എന്നാല്‍ ഭൂമിയിലെ തന്നെ ഏറ്റവും ചൂടുള്ള പ്രദേശം എവിടെയാണെന്നറിയാമോ?. അതാണ് കാലിഫോര്‍ണിയയിലെ ഡെത്ത് വാലി.
ശക്തമായ സൂര്യപ്രകാശം, കുറഞ്ഞ മഴ, വരണ്ട കാലാവസ്ഥ ഇവയൊക്കെ ഈ സ്ഥലത്തെ ചൂടുള്ളതാക്കുന്നു. ഇവിടുത്തെ ഏറ്റവും ചൂടേറിയ സ്ഥലം ഫര്‍ണസ് ക്രീക്ക് ആണ്. 1913 ജൂലൈ 10 ന് ഇവിടെ 56.7 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍വച്ച് ഏറ്റവും ഉയര്‍ന്ന താപനിലയായി ഇത് കണക്കാക്കപ്പെടുന്നു.
സമുദ്ര നിരപ്പില്‍നിന്ന് ഏകദേശം 86 മീറ്റര്‍ താഴെയാണ് ഡെത്ത് വാലി. അതിനാലാണ് ഇവിടെ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമെന്ന് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡില്‍ ഇടംനേടിയ സ്ഥലമാണ് ഇത്. കാലിഫോര്‍ണിയയിലെ വടക്കന്‍ മൊജാവേ മരുഭൂമിയിലെ കിഴക്കന്‍ ഭാഗത്തുള്ള ഈ മരുഭൂമി താഴ്വരയെ 'മരണ താഴ്വര' എന്നാണ് വിളിക്കുന്നത്. വേനല്‍ക്കാലത്ത് ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലമായി ഈ പ്രദേശത്തെ കണക്കാക്കപ്പെടുന്നു.
കെബിലി (ടുണീഷ്യ)
ഈ തെക്കന്‍ ടുണീഷ്യന്‍ നഗരം വേനല്‍ക്കാലത്ത് ചുട്ടുപൊളളും. പലപ്പോഴും താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്. കെബിലിയിലെ എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 55 ഡിഗ്രി സെല്‍ഷ്യസ് 1931 ജൂലൈ 7 ന് രേഖപ്പെടുത്തിയിരുന്നു.
അഹ്വാസ് (ഇറാന്)
ഇറാനിയന്‍ മരുഭൂമിയിലെയും, ലോകത്തിലെയും ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നായ അഹ്വാസ് 2017 ല്‍ 54 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
ടിറാത്ത് സ്വി
ഇസ്രായേല്‍-ജോര്‍ദാന്‍ അതിര്‍ത്തിക്ക് സമീപം ബെയ്റ്റ് ഷിയാന്‍ താഴ്വരയില് സ്ഥിതി ചെയ്യുന്ന ടിറാത്ത് സ്വി, സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിതാക്കന്മാരില് ഒരാളും ഹോവേവി സിയോണിന്റെ നേതാവുമായ റബ്ബി സ്വി ഹിര്‍ഷ് കാലിഷറിന്റെ പേരിലാണ് അറിയപ്പെടുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 220 മീറ്റര്‍ താഴെയാണ് ടിറാത്ത് സ്വി സ്ഥിതി ചെയ്യുന്നത് . 1942 ജൂണ്‍ 21 ന് ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന പകല്‍ താപനില (54 ഡിഗ്രി സെല്‍ഷ്യസ്, 129.2 ഡിഗ്രി സെല്‍ഷ്യസ്) ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.
ബസ്ര (ഇറാഖ്)
തെക്കന്‍ ഇറാഖിലെ ഈ തുറമുഖ നഗരം മിഡില്‍ ഈസ്റ്റിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ്. 2016 ജൂലൈ 21 ന് 53.9 ഡിഗ്രി സെല്‍ഷ്യസ് താപനില ഇവിടെ രേഖപ്പെടുത്തി. ഇത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന താപനിലയാണ്.
മിത്രിബ (കുവൈത്ത്)
വടക്കുപടിഞ്ഞാറന്‍ കുവൈറ്റിലെ ഒരു പ്രദേശമായ മിത്രിബയില്‍ 2016 ജൂലൈ 21 ന് 53.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഭൂമിയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വിശ്വസനീയമായി രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയര്‍ന്ന താപനിലയാണിത്.
ടര്‍ബത്ത് (പാകിസ്ഥാന്)
ക്വറ്റ കഴിഞ്ഞാല്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ രണ്ടാമത്തെ വലിയ നഗരമായ ടര്‍ബത്തില്‍ 2017 മെയ് 28 ന് 53.7 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
അല്‍ ജസീറ ബോര്‍ഡര്‍ ഗേറ്റ് (യുഎഇ)
വേനല്‍ക്കാലത്ത് പലപ്പോഴും താപനില 50 ഡിഗ്രിയില്‍ കൂടുന്ന വരണ്ട മരുഭൂമിയാണ് മിഡില്‍ ഈസ്റ്റ്. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) അല്‍ ജസീറ ബോര്‍ഡര്‍ ഗേറ്റില്‍ 2002 ജൂലൈയില്‍ 52.1 ഡിഗ്രി താപനില രേഖപ്പെടുത്തി.
മെക്സിക്കലി (മെക്സിക്കോ)
വടക്കന്‍ മെക്സിക്കോയില്‍, യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മെക്സിക്കലിയില് 1995 ജൂലൈ 28 ന് 52 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി.
ജിദ്ദ (സൗദി അറേബ്യ)
ഭൂമിയിലെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നാണ് മിഡില്‍ ഈസ്റ്റ്. സൗദി അറേബ്യയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. 2010 ജൂണ്‍ 22 ന് സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ എക്കാലത്തെയും ഉയര്‍ന്ന താപനിലയായ 52 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
Content Highlights : Some places are so hot that it is difficult to live there. Let's find out which are the hottest places on Earth.