ഏഷ്യയിൽ പണ്ട് കാലത്ത് വേട്ടയാടി ജീവിച്ച മനുഷ്യർ അവരുടെ മൃതശരീരങ്ങൾ മമ്മിയാക്കി സൂക്ഷിച്ചിരുന്നതിന്റെ തെളിവുകൾ ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. 14000 വർഷങ്ങൾക്ക് മുമ്പാണ് ഇത്തരത്തിൽ ശവശരീരങ്ങൾ മമ്മിഫൈ ചെയ്ത് സൂക്ഷിച്ചിരുന്നതെന്ന് ഗവേഷകർ വ്യക്തമാക്കുമ്പോൾ, അതിനർത്ഥം ഇത്തരം രീതികളിലെ ഏറ്റവും പഴക്കം ചെന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത് എന്നതും കൂടിയാണ്. സാങ്കേതികവിദ്യകളെ കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് മൃതദേഹങ്ങൾ അവർ സൂക്ഷിച്ചിരുന്നതെന്ന് കൂടി അറിഞ്ഞിരിക്കണം.
ലോകത്തെമ്പാടുമുള്ള ആളുകൾ ഇത്തരത്തിൽ ശവശരീരങ്ങൾ സൂക്ഷിക്കാറുണ്ട്. ചിലർ ചൂട്, പുക, ഉപ്പ്, തണുപ്പ്, എമ്പാം എന്നിങ്ങനെ പല രീതികളും പരീക്ഷിച്ചിട്ടുണ്ട്. ശരീരത്തിലെ മൃദുലമായ ടിഷ്യുവിൽ നിന്നും ഈർപ്പം നീക്കം ചെയ്ത് അഴുകുന്നത് തടയുന്ന രീതികളാണ് ഇതിലെല്ലാം പ്രയോഗിക്കുന്നത്. ചൈന, വിയറ്റ്നാം. ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നാണ് മമ്മിഫൈ ചെയ്ത മൃതശരീരാവശിഷ്ടങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഈ അസ്ഥിക്കൂടങ്ങൾ ഭാഗകമായി കത്തിച്ചു പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ മനസിലാവുന്നത് ദീർഘകാലം ചെറിയ ചൂടേൽപ്പിച്ചാണ് പുക അടിപ്പിച്ചാണ് ഇവ ഉണക്കിയെടുത്തതെന്നാണ്. നിലത്ത് കുത്തിയിരിക്കുന്ന രീതിയിലാണ് ഈ ശരീരങ്ങൾ അടക്കം ചെയ്തിരുന്നത്.
ചെറിയ ചൂടിലുള്ള പുക ഉപയോഗിച്ച് ശവശരീരങ്ങൾ ഇങ്ങനെ സൂക്ഷിക്കുന്ന രീതി ഓസ്ട്രേലിയയിൽ നിന്നുള്ള ചില മനുഷ്യർ ഉപയോഗിച്ച് വന്നിരുന്നു. നിലവിൽ പാപ്പുവ ന്യുഗിനിയയിലെ ആളുകൾ ഈ രീതി തുടർന്ന് വരുന്നുണ്ട്. വടക്കൻ ചിലിയിലെ ചിൻചോരോ സംസ്കാരത്തിൽ ഏഴായിരം വർഷങ്ങൾക്ക് മുമ്പും ഈജിപ്തിൽ നാലായിരത്തി അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പും ഇത്തരം മമ്മിഫിക്കേഷനുകൾ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ പുതിയ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത് അതിനും കുറേ വർഷങ്ങൾക്ക് മുമ്പ് തന്നെ തെക്ക് കിഴക്കൻ ഏഷ്യയിൽ ഈ രീതി ഉപയോഗിച്ചിരുന്നു എന്നതാണ്.
പ്രിയപ്പെട്ടവർ മരിച്ചാലും ഏത് രൂപത്തിലായാലും ഒപ്പമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ കണ്ടെത്തിയ രീതിയാകാം ഇതെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. മരിച്ചു കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ച് അന്ന് വേട്ടയാടി ജീവിച്ചവർക്ക് അത്രയും പ്രാകൃതമല്ലാത്ത ചിന്ത ഉണ്ടായിരുന്നിട്ടുണ്ടാവാമെന്നും കരുതപ്പെടുന്നു. 54ഓളം കുഴിമാടങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അതും പതിനൊന്നോളം ആർക്കിയോളജിക്കൽ സൈറ്റുകളിൽ. 2017നും 2025നും ഇടയിലാണ് പഠനങ്ങൾ നടത്തിയത്. ഇതിൽ തെക്കൻ ചൈന, വടക്കൻ വിയറ്റ്നാം, ഇന്തോനേഷ്യയിലെ സുമാത്രൻ ദ്വീപ് എന്നിവിടങ്ങളിൽ നിന്നും ഇത്തരത്തിൽ സംസ്കരിച്ച അസ്ഥികൂടങ്ങൾക്ക് പുറമേ കിഴക്കൻ മലേഷ്യയിലെ സാരാവാക്കിലും, ഫിലിപ്പൈൻസിലെ പാലവാനിലും ഇത്തരം കുഴിമാടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇവ പഠനത്തിന് വിധേയമാക്കിയിട്ടില്ല.
ദക്ഷിണ ചൈനയിലും തെക്ക് കിഴക്കൻ ഏഷ്യയിലും കണ്ടെത്തിയ ഇത്തരം കുഴിമാടങ്ങൾ ഗുഹകളിലും പാറകൾക്ക് അടിയിലും മറ്റുമാണ് കണ്ടെത്തിയിരിക്കുന്നത്. അനാട്ടമിക്കലി ഒരിക്കലും നടക്കാത്ത തരത്തിലുള്ള രീതിയിലാണ് ഈ മൃതദേഹങ്ങൾ സംസ്കരിച്ചിരിക്കുന്നത്. അതിനാൽ ഇവ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടാവാം എന്നും ഗവേഷകർ പറയുന്നു. മൃതദേഹങ്ങൾ ഒടിച്ച് മടക്കപ്പെട്ടിട്ടുണ്ട് മാത്രമല്ല പല അസ്ഥികളും കത്തിച്ച നിലയിലുമാണ്.Content Highlights: Oldest known human mummification found in Asia