പ്രേതമുണ്ടോ; പൂച്ചയ്ക്ക് പ്രേതത്തെ കാണാനാവുമോ? ശാസ്ത്രം പറയുന്നത് ഇതാണ്

പൂച്ചകളുടെ നോട്ടങ്ങള്‍ നിഗൂഡമാണോ? ആ നോട്ടങ്ങള്‍ക്ക് പിന്നില്‍ എന്താണ്

ചെവികള്‍ അനക്കി സൂക്ഷ്മമായി നോക്കിക്കൊണ്ട് ഒരു ഒഴിഞ്ഞ മൂലയിലേക്ക് ജാഗ്രതയോടെ നീങ്ങുന്ന പൂച്ചയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ രാത്രിസമയത്ത് ഇരുട്ടില്‍ എന്തിനേയോ പിടിക്കാന്‍ ചാടുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? എന്തിനെ ആയിരിക്കും അവ ലക്ഷ്യം വച്ചിട്ടുണ്ടാവുക. പൂച്ചകള്‍ക്കും നായകള്‍ക്കും പ്രേതത്തെ കാണാന്‍ കഴിയും എന്ന് പഴമക്കാര്‍ പറഞ്ഞുകേള്‍ക്കാറുണ്ട്. അതിന് പിന്നില്‍ എന്താണ്? യഥാര്‍ഥത്തില്‍ പൂച്ചകള്‍ക്ക് അത്തരത്തില്‍ ഒരു കഴിവുണ്ടോ?

'അപ്ലൈഡ് ആനിമല്‍ ബിഹേവിയറില്‍' പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ മനുഷ്യര്‍ക്ക് അദൃശ്യമായ ചലനങ്ങള്‍, ശബ്ദങ്ങള്‍, വൈബ്രേഷനുകള്‍ തുടങ്ങിയ പരിസ്ഥിതിയിലുള്ള ചില ഉത്തേജനങ്ങള്‍ പൂച്ചകള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഈ കഴിവായിരിക്കാം പൂച്ചകള്‍ പ്രേതങ്ങളെ കാണുന്നു എന്ന തോന്നലുണ്ടാക്കുന്നത്. എന്തായിരിക്കും പൂച്ചകള്‍ക്കുളള ആ പ്രത്യേക ഇന്ദ്രിയ കഴിവ്.

മനുഷ്യര്‍ക്ക് അപ്പുറമുളള ഇന്ദ്രിയ ശേഷികള്‍ പൂച്ചകള്‍ക്ക് ഉണ്ട്. ഈ പ്രത്യേകതയാണ് അവയെ നിഗൂഢത നിറഞ്ഞ മൃഗങ്ങളാക്കുന്നത്. രാത്രി സമയങ്ങളില്‍ പോലും പൂച്ചയ്ക്ക് വളരെ കുറഞ്ഞ വെളിച്ചത്തില്‍ കാഴ്ചകള്‍ കാണാന്‍ സാധിക്കും. അതായത് മനുഷ്യന് കഴിയുന്നതിനേക്കാള്‍ ആറ് മടങ്ങ് മങ്ങിയ വെളിച്ചവും സൂക്ഷ്മമായ ചലനങ്ങളും എല്ലാം അവയ്ക്ക് തിരിച്ചറിയാന്‍ കഴിയും. കേള്‍വിശക്തിയും അതുപോലെതന്നെയാണ്. മനുഷ്യന്റെ കേള്‍വിക്ക് അപ്പുറമുള്ള 48 Hz മുതല്‍ 85kHz വരെയുള്ള ശബ്ദങ്ങള്‍ പൂച്ചകള്‍ ശ്രവിക്കുന്നു.

ദൂരെയുള്ള ചെറു പ്രാണികള്‍, എലികള്‍ ഇവയുടെയൊക്കെ ശബ്ദങ്ങള്‍ക്കൊപ്പം ഉയര്‍ന്ന പിച്ചിലുള്ള ശബ്ദങ്ങളൊക്കെ ഇവയുടെ ശ്രദ്ധയില്‍പ്പെടുന്നു. അതുപോലെ പൂച്ചകളുടെ മീശയ്ക്ക് ചെറിയ വായൂ പ്രവാഹങ്ങള്‍ തിരിച്ചറിയാനും പ്രകൃതിയിലെ ചില രാസ പ്രവാഹങ്ങള്‍ തിരിച്ചറിയാനും സാധിക്കും.ഈ ഇന്ദ്രിയ കഴിവുകള്‍ കൊണ്ട് പൂച്ചകള്‍ പലപ്പോഴും മനുഷ്യന് അദ്യശ്യമായ പലതരം ഉത്തേജനങ്ങളോട് പ്രതികരിക്കാറുണ്ട്.

അതുകൊണ്ടുതന്നെ പൂച്ചകള്‍ പ്രേതങ്ങളെ കാണുന്നു എന്ന കാര്യം ആകര്‍ഷകമാണെങ്കിലും അതിന്റെ ശാസ്ത്രീയ വശങ്ങള്‍ മനസിലാക്കിത്തരുന്നത് അവയുടെ ഇന്ദ്രിയപരമായ കഴിവുകളെക്കുറിച്ചാണ്. അല്ലാതെ അമാനുഷികമായ കാര്യങ്ങളെക്കുറിച്ചല്ല. പൂച്ചകള്‍ക്ക് അസാധാരണമായ കൃത്യതയോടെ അതിന്റെ ചുറ്റുപാടുകളെ മനസിലാക്കാന്‍ കഴിവുണ്ട്.

Content Highlights :Can cats see ghosts? What does science say?

To advertise here,contact us