കഴിഞ്ഞ 20 വര്ഷത്തിനിടയില് ചൂടുമൂലം ഇന്ത്യയില് മരിച്ചത് 20,000 പേരെന്ന് പഠനം. മരിച്ചവരില് കൂടുതലും പുരുഷന്മാരാണെന്നും പഠനത്തില് പറയുന്നുണ്ട്. അതിനേക്കാള് ഞെട്ടിപ്പിക്കുന്ന മറ്റൊന്ന് ഉയര്ന്ന സമുദായങ്ങളില് നിന്നുള്ളവരേക്കാള് പാര്ശ്വവല്ക്കരിക്കപ്പെട്ട സമൂഹങ്ങളില് നിന്നുള്ളവരാണ് ഉഷ്ണതരംഗത്തില് മരണത്തിന് കീഴടങ്ങിയിട്ടുള്ളത് എന്ന പരാമര്ശമാണ്. ഇതിനെ താപ അനീതി എന്ന് ഗവേഷകര് വിശേഷിപ്പിക്കുന്നു.
പിന്നാക്കജാതി വിഭാഗങ്ങളില് പെട്ടവര് തങ്ങളുടെ ജോലി സമയത്തിന്റെ കൂടുതല് സമയവും പുറത്തുചെലവഴിക്കുന്നതായാണ് പഠനത്തില് കണ്ടെത്തിയത്. പട്ടിക വര്ഗ സമുദായത്തില്പ്പെട്ടവര് 43-49 ശതമാനം സമയം പുറത്താണ് ചെലവഴിക്കുന്നത്. പട്ടികജാതി വിഭാഗത്തില് പെട്ടവര് 75 ശതമാനത്തിലധികവും. അതേസമയം മുന്നാക്ക വിഭാഗത്തിലുള്ളവര് 27-28 ശതമാനം സമയം മാത്രമാണ് പുറത്ത് ചെലവഴിക്കുന്നത്.
ഹരിയാണയിലെ സോണിപത്, ഒപി ജിന്ഡാല് ഗ്ലോബല് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് രാജ്യത്തെ ഉഷ്ണതരംഗത്തെ കുറിച്ചുള്ള പഠനം നടത്തിയത്. പഠനത്തില് മരണപ്പെട്ടവരുടെ പ്രായം, ലിംഗം, സാമൂഹിക തുല്യത എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. കാലാവസ്ഥാ വകുപ്പ്, നാഷനല് ക്രൈം റെക്കോര്ഡ്സ് ബ്യൂറോയില് നിന്നുള്ള മരണനിരക്ക് തുടങ്ങിയവ വിശകലനം ചെയ്താണ് പഠന റിപ്പോര്ട്ട് തയ്യാറാക്കിയിരിക്കുന്നത്.
2001 മുതല് 2019 വരെയുള്ള വിവരങ്ങളാണ് വിശകലനം ചെയ്തിരിക്കുന്നത്. ഇതിനിടയില് ചൂടുമൂലം 19693 പേരും തണുപ്പുമൂലം 15,197പേരും മരിച്ചു. മരിച്ചവരില് ഭൂരിഭാഗവും 45-60 വയസ്സിനിടയിലുള്ളവരാണ്.
Content Highlights: Thermal Injustice: Caste Plays Crucial Role in Heatwave Deaths