ബഹിരാകാശത്ത് എത്തുന്ന യാത്രികർക്ക് ആരോഗ്യദായകമായ ഭക്ഷണം നൽകുന്നതിനായി ചന്ദ്രനിൽ മത്സ്യകൃഷിയുടെ സാധ്യത തേടി ശാസ്ത്രജ്ഞർ. തെക്കൻ ഫ്രാൻസിൽ ഡോ. സിറിൽ പ്രസിബൈലയുടെ നേതൃത്വത്തിലാണ് ഇത് സംബന്ധിച്ച് ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. സീ ബാസ് മത്സ്യത്തിന്റെ മുട്ട വിരിയിച്ച് അതിനെ ചന്ദ്രനിൽ വളർത്താനുള്ള സാധ്യതകളെ കുറിച്ചാണ് ഗവേഷകര് പഠനം നടത്തുന്നത്.
ബഹിരാകാശ യാത്രികരെ ആരോഗ്യത്തോടെയും ശക്തരായും നിലനിർത്താൻ മത്സ്യം സഹായിക്കുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. പ്രോട്ടീൻ, ഒമേഗ-3 എന്നിവയ്ക്കൊപ്പം വിവിധ വിറ്റാമിനുകളും മത്സ്യത്തിൽ ധാരാളമായി ഉണ്ട്. സീ ബാസ് മത്സ്യം എളുപ്പത്തിൽ ദഹിക്കുകയും ചെയ്യും.
ഭൂമിയിൽ വെച്ച് സീ ബാസ് മത്സ്യത്തിന് ബീജസങ്കലനം നടത്തി, മുട്ടകൾ പിന്നീട് ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനാണ് പദ്ധതി. ചന്ദ്രനിലേക്കുള്ള യാത്ര സമയവും മീൻ മുട്ട വിരിയുന്ന സമയവും ഏകദേശം തുല്യമാണ്. ബഹിരാകാശ യാത്രക്കിടയോ ചന്ദ്രനിൽ ഇറങ്ങിയതിനു ശേഷമോ മീൻ മുട്ട വിരിയാനുള്ള സാധ്യതയുണ്ട്.
ഇവയെ ചന്ദ്രനിൽ പ്രത്യേകം തയ്യാറാക്കുന്ന ടാങ്കുകളിൽ നിറയ്ക്കുകയും പിന്നീട് ഇവയെ വളർത്താനും സാധിച്ചേക്കുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ഭൂമിയിൽ ഉപയോഗിക്കുന്ന അക്വാകൾച്ചർ സംവിധാനങ്ങൾക്ക് സമാനമായ രീതിയിലായിരിക്കും ചന്ദ്രനിൽ മത്സ്യത്തെ വളർത്താൻ ശ്രമിക്കുക.
ഇത്തരത്തിൽ മത്സ്യത്തെ വളർത്തുകയായണെങ്കിൽ ഏഴ് അംഗ സംഘത്തിന് ആഴ്ചയിൽ രണ്ട് തവണ മത്സ്യം ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്. 16 ആഴ്ച നീണ്ടുനിൽക്കുന്ന ദൗത്യത്തിന് 200 മത്സ്യങ്ങളായിരിക്കും വേണ്ടി വരിക.
1970-കളിൽ പരീക്ഷണത്തിനായി ഗപ്പിയടക്കമുള്ള മത്സ്യങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലേക്ക് അയച്ചിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. മത്സ്യമുട്ടകൾക്ക് ബഹിരാകാശ പേടകത്തിന്റെ വിക്ഷേപണ സമയത്ത് ഉണ്ടാവുന്ന വൈബ്രേഷൻസ് അടക്കം അതിജീവിക്കാൻ കഴിയുമോയെന്നും പരീക്ഷണം നടക്കുന്നുണ്ട്. റേഡിയേഷൻ, ഭാരമില്ലായ്മ, കുലുക്കം എന്നിവയെയും മത്സ്യമുട്ടയ്ക്ക് അതിജീവിക്കാൻ സാധിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
2034 ആയിരിക്കും മത്സ്യമുട്ടകൾ ബഹിരാകാശത്ത് എത്തിച്ച് പരീക്ഷണം നടത്തുക. പരീക്ഷണം വിജയിച്ചാൽ ബഹിരാകാശത്ത് പുതിയ ജീവൻ നിലനിർത്തുന്ന പരീക്ഷണങ്ങൾക്ക് പുതിയമാനം ലഭിക്കുമെന്ന് ലയിരുത്തുന്നത്.
Content Highlights: Scientists plan to provide astronauts with seafood grown on the moon