36 വർഷം ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തിൻ്റെ അനിഷേധ്യ മേധാവി; ഇസ്രയേലിനെ മുൾമുനയിൽ നിർത്തിയ ആയത്തുള്ള ഖമനയി

ഷാ ഭരണകൂടത്തിന്റെ അട്ടിമറിക്ക് പിന്നാലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി ഖമനയി മാറി

6 min read|01 Mar 2026, 02:46 pm

ഇസ്രയേൽ- അമേരിക്കൻ സംയുക്ത ആക്രമണത്തിൽ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെടുമ്പോൾ ഇറാന് നഷ്ടമാകുന്നത് മൂന്ന് പതിറ്റാണ്ടിലേറെയായി പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ പരമോന്നത നേതാവിനെയാണ്. 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള അലി ഖമനയി. എന്നാൽ അധികാരത്തിലേറുമ്പോൾ മുൻഗാമി ആയത്തൊള്ള റൂഹളള ഖൊമൈനിയുടെ വ്യക്തിപ്രഭാവമോ ആജ്ഞാശേഷിയോ ഖമനയിക്ക് ഇല്ലായെന്നായിരുന്നു പലരുടെയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്ന് ഖമനയി വളരെ വേഗം തെളിയിച്ചു. ഇറാനിലും പശ്ചിമേഷ്യയിലും അറബ് ദേശീയതയുടെ വൈകാരിക പ്രതിബിംബം എന്ന പ്രതീതി സൃഷ്ടിക്കുന്ന നിലയിലേയ്ക്ക് ഖമനേയിയുടെ ഇടപെടുകൾ മാറുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്.

ഷിയ മുസ്‌ലിം വിഭാഗത്തിൻ്റെ വിശുദ്ധ ദേവാലയം സ്ഥിതി ചെയ്യുന്ന പുരാതന നഗരമായ മഷാദിൽ 1939ലാണ് അയത്തുള്ള അലി ഖമനയി ജനിക്കുന്നത്. ന​ഗരത്തിലെ ഒരു പൗരോഹിത്യ കുടുംബമായിരുന്നു ഖമനയിയുടേത്. ഷാ ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരായ പോരാട്ടങ്ങളിലും പ്രക്ഷോഭങ്ങളിലും പങ്കെടുത്തും അവയെ നയിച്ചുമായിരുന്നു ഖമനയി എന്ന നേതാവിന്റെ വളർച്ച. ഷായ്‌ക്കെതിരായി 1979ൽ നടത്തിയ ഇസ്‌ലാമിക വിപ്ലവത്തെ മുന്നിൽ നിന്ന് നയിച്ച ആയത്തുള്ള റൂഹുള്ള ഖൊമൈനിയുടെ വിശ്വസ്തനായിരുന്നു ഖമനയി. ഈ കാലഘട്ടത്തിൽ പല തവണ ഷാ ഭരണകൂടത്തിന്റെ ശിക്ഷാനടപടികൾ ഖമനയിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

എന്നാൽ പിന്നീട് ഷാ ഭരണകൂടത്തിന്റെ അട്ടിമറിക്ക് പിന്നാലെ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി ഖമനയി മാറുന്ന കാഴ്ച്ചയാണ് ഇറാൻ കണ്ടത്. ഷാ ഭരണകൂടത്തിനെതിരെ ഖമനയി നടത്തിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ജനപ്രീതിയും പ്രശസ്തിയും വർധിപ്പിക്കാൻ അദ്ദേഹത്തെ സഹായിച്ചിരുന്നു. അക്കാലത്ത് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ പ്രധാനിയായി മാറിയെങ്കിലും ഭരണകൂടത്തിൽ ഉയർന്ന മതാടിസ്ഥാന പദവികളിൽ ഖമനയി ഉൾപ്പെട്ടിരുന്നില്ല. എന്നിട്ടും ഇറാൻ സൈന്യം, ജുഡീഷ്യറി, മാധ്യമങ്ങൾ തുടങ്ങിയവയുടെയെല്ലാം നിയന്ത്രണം ഏറ്റെടുക്കാൻ ഖമനയിക്ക് കഴിഞ്ഞിരുന്നു. പിന്നീട് 1981ലാണ് ഖമനയി ഇറാൻ്റെ മൂന്നാമത്തെ പ്രസിഡന്റായത്. റൂഹുള്ള ഖൊമൈനിയുടെ മരണത്തിന് പിന്നാലെ 1989ൽ ഇറാന്റെ പരമാധികാരിയായി പ്രസിഡന്റായിരിക്കെ തന്നെ ഖമനയി ചുമതലയേറ്റു. അവിടെ നിന്നിങ്ങോട്ട് തുടർച്ചയായ 36 വർഷങ്ങൾ ഇറാന്റെ പരമോന്നത നേതാവായി തന്നെ തുടരുകയായിരുന്നു ഖമനയി. പശ്ചിമേഷ്യയിൽ ഏറ്റവും അധികം കാലം ഭരണം നടത്തിയ രാഷ്ട്രത്തലവനാണ് ഖമനയി.

ഇറാനെ അനുകൂലിക്കുന്ന സംഘടനകളെ ഒപ്പം നിർത്തിക്കൊണ്ട് പശ്ചിമേഷ്യയിലുടനീളം പ്രാദേശിക 'പ്രോക്‌സി ശൃംഖലകൾ' കെട്ടിപ്പടുക്കുന്നതിൽ ഖമനയി പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലെബനനിലെ ഹിസ്ബുള്ളയ്ക്കും ഗാസയിലെ ഹമാസിനും യെമനിലെ ഹൂത്തിക്കും ഇറാഖിലെയും സിറിയയിലെയും വിവിധ സായുധ സംഘടനകൾക്കും സാമ്പത്തിക, ആയുധ സഹായങ്ങൾ നൽകാനുള്ള പദ്ധതികളുടെ സൂത്രധാരനും ഖമനയി ആയിരുന്നു. ഇറാന്റെ പരമോന്നത നേതാവിന്റെ ഈ പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ലോകം തന്നെ രണ്ട് ചേരികളായി തിരിഞ്ഞിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരായി ഉണ്ടായ ആക്രമണങ്ങളെയും വിമർശനങ്ങളെയുമൊന്നും ഖമനയി മുഖവിലയ്ക്കെടുത്തിരുന്നില്ല. ഇസ്രയേലിനെതിരെ ഉപയോഗിക്കാൻ ദിവസവും മൂർച്ച കൂട്ടുന്ന ആയുധമെന്ന നിലയ്ക്കായിരുന്നു ഈ സംഘടനകളെയെല്ലാം ഖനമയി കണ്ടിരുന്നത്. ഇത്തരത്തിൽ ഇസ്രായേലിനെതിരെ ഇറാൻ നടത്തിയിരുന്ന നിഴൽ യുദ്ധങ്ങളൊന്നും ഇക്കാലം ഇത്രയും വിനാശകരമായ നേരിട്ടുള്ള പോരാട്ടത്തിലേയ്ക്ക് എത്തിയിരുന്നില്ല.

നിലപാടിൽ ഉറച്ചുനിൽക്കുന്ന, തന്ത്രപരമായ പ്രായോഗിക തീരുമാനങ്ങളെടുക്കുന്ന ശൈലിയാണ് ഖമനയിക്കുള്ളതെന്നാണ് പൊതുവെയുള്ള അഭിപ്രായം. അമേരിക്കയുമായി പലവിധ കരാറുകളിൽ ഏർപ്പെടുമ്പോളും അവരെ പൂർണമായും വിശ്വസിക്കാൻ ഇറാൻ തയ്യാറായിരുന്നില്ല. അതേസമയം തന്നെ ഇറാന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അമേരിക്കയ്ക്ക് വിധേയപ്പെടാനും ഇറാൻ തയ്യാറായിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇറാഖ് യുദ്ധത്തിന് ശേഷമുണ്ടായ വെടിനിർത്തലും പിന്നീട് അമേരിക്കയുൾപ്പെടെയുള്ള ആറ് രാജ്യങ്ങളുമായി ചേർന്നുണ്ടാക്കിയ ആണവ കരാറും.

2018ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിൽ നിന്നും ട്രംപ് ഏകപക്ഷീയമായി പിന്മാറിയിരുന്നു, ആണവപദ്ധതിക്ക് മേൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചു കൊണ്ടായിരുന്നു പിന്നീട് ഇതിനോടുള്ള ഇറാന്റെ പ്രതികരണം. പിന്നീട് യുറേനിയം സമ്പുഷ്ടീകരണം വർധിപ്പിച്ച ഇറാൻ 2020ൽ കരാറിൽ നിന്ന് പിന്മാറി. എങ്കിലും ഈ കഴിഞ്ഞ മാർച്ച് മുതൽ ആണവകരാർ പുനരാരംഭിക്കാനുള്ള ശ്രമങ്ങളുമായി ട്രംപ് രം​ഗത്തെത്തി. അനിശ്ചിതത്വങ്ങൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ ഏപ്രിൽ ആദ്യ വാരത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ മസ്കറ്റിൽ വച്ച് നടന്നിരുന്നു. എന്നാൽ അടുത്ത ഘട്ട ചർച്ചകൾ നടക്കുന്നതിന് മുൻപായി ഇറാനെ ഇസ്രയേൽ ആക്രമിച്ചു. ഇതോടെ ഇറാൻ- അമേരിക്ക ആണവ കരാർ പുനരാരംഭിക്കാനുള്ള ചർച്ചകൾ വഴിമുട്ടുകയായിരുന്നു. മറ്റ് വഴികളൊന്നും മുന്നിൽ തെളിയാതെ വന്നതോടെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടിയുണ്ടാകുമെന്ന് അമേരിക്ക ഈ ഘട്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇറാനും ഖമനയിയും നിരുപാധികം കീഴടങ്ങണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാൽ ഇതിനോടുള്ള ഖമനയിയുടെ പ്രതികരണം വളരെ രൂക്ഷഭാഷയിലായിരുന്നു. ട്രംപിന്റെ ആവശ്യം പാടെ നിഷേധിച്ച ഖമനയി ഇറാനിയൻ ജനത ഒരിക്കലും കീഴടങ്ങില്ലെന്നും അത് ചരിത്രം പരിശോധിച്ചാൽ മനസിലാകുമെന്നും മറുപടി നൽകി. ഇതിന്റെ പേരിൽ അമേരിക്ക് എന്തെങ്കിലും സൈനിക നടപടികൾ സ്വീകരിച്ചാൽ വലിയ തിരിച്ചടി നൽകുമെന്നായിരുന്നു ഖമനയി നൽകിയ മുന്നറിയിപ്പ്. എന്നാൽ ഇതിനെ കൂസാക്കാത്ത ട്രംപ് ഓൾ ദി ബെസ്റ്റ് എന്ന് പറഞ്ഞ് അവ​ഗണിച്ചു.

ഇസ്രയേലിനെയും അമേരിക്കയെയും ഭയപ്പെടുത്തിയത് ഇറാൻ്റെ ആണവ പദ്ധതികൾ

ആർക്കും തന്നെ ചോദ്യം ചെയ്യാൻ അധികാരമോ അവകാശമോ ഇല്ല എന്ന നിലയ്ക്കായിരുന്നു പരമോന്നത നേതാവ് എന്ന സ്ഥാനത്ത് ഖമനയി നിലകൊണ്ടിരുന്നത്. രാജ്യത്തെ പ്രസിഡന്റുമാരെ, സൈന്യത്തെ, എന്തിന് നിയമസംവിധാനങ്ങളെ പോലും ഖമനയി അടക്കിഭരിച്ചു. ഇത് കൂടാതെ ആണവ സാങ്കേതിക വിദ്യ കൂടി പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയതോടെ അയൽരാജ്യങ്ങളും അസ്വസ്ഥരായി. എന്നാൽ 2023 ഒക്ടോബർ 7ന് ഇറാൻ പിന്തുണയ്ക്കുന്ന ഹമാസ് ഇസ്രയേലിനെ ആക്രമിച്ചതു മുതലാണ് ഇറാനെതിരായ അമേരിക്കൻ- ഇസ്രയേൽ നീക്കം ശക്തമായത്. ഗാസയിലെ ഹമാസ്, ലെബനനിലെ ഹിസ്ബുള്ള, യെമനിലെ ഹൂത്തി, ഇറാഖിലെ സായുധസംഘങ്ങൾ തുടങ്ങിയ ഇറാനിയൻ നിഴൽ സംഘടനകൾക്കെതിരെ ഇസ്രയേൽ ശക്തമായ ആക്രമണങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി നടത്തി. ഒരു കാലത്ത് ഇസ്രയേലിനെ വിറപ്പിച്ച ഹിസ്ബുള്ളയുടെ സൈനികശേഷി ദുർബലപ്പെടുത്തിയ ഇസ്രയേൽ അവരുടെ പ്രധാന നേതാക്കളെയെല്ലാം തന്നെ കൊലപ്പെടുത്തി. ഹമാസിൻ്റെ കാര്യവും വിഭിന്നമായിരുന്നില്ല. ഇസ്രയേലിനോട് ചെറുത്ത് നിൽക്കാനുള്ള ഈ സം​ഘടനകളുടെ കഴിവ് നഷ്ടപ്പെട്ട് വരുന്നതിനനുസരിച്ച് ഖമനയിയുടെ പശ്ചിമേഷ്യയിലെ പ്രാദേശിക സ്വാധീനവും കുറഞ്ഞു. കൂടാതെ ഇറാന്റെ അടുത്ത സഖ്യകക്ഷിയായ സിറിയൻ പ്രസിഡന്റ് ബഷാര്‌ അൽ അസ്സാദ് പുറത്താക്കപ്പെട്ടതും ഖമനയിക്ക് തിരിച്ചടിയായി. പക്ഷെ ഇതോടെ ഇസ്രയേലിന്റെയും നെതന്യാഹുവിന്റെയും ആത്മവിശ്വാസം വർധിച്ചു.

ഹമാസുമായുള്ള പേരാട്ടത്തിൻ്റെ ഘട്ടത്തിൽ ഇറാൻ്റെ ആണവായുധ കേന്ദ്രങ്ങളെ അമേരിക്കയും ഇസ്രയേലും ആക്രമിച്ചത് യുദ്ധ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഖമനയിയെ അന്ന് തന്നെ ഇസ്രയേൽ ലക്ഷ്യം വെച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 12 ദിവസം നീണ്ട് നിന്ന അന്നത്തെ പേരാട്ടത്തിൽ ഖമനയിയെ വധിക്കാൻ പദ്ധതിയുണ്ടായിരുന്നെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. 'ഖമേനിയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. പക്ഷെ അതിനുളള ഒരു അവസരമുണ്ടായിരുന്നില്ല. തന്നെ വധിക്കാന്‍ ശ്രമം നടക്കുമെന്ന് ഖമേനിക്ക് അറിയാമായിരുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നേതാക്കള്‍ക്ക് പകരമായി നിയമിച്ച കമാന്‍ഡര്‍മാരുമായുളള ബന്ധം വിച്ഛേദിച്ച് അദ്ദേഹം ഒളിവില്‍ പോവുകയായിരുന്നു' എന്നായിരുന്നു കാറ്റ്‌സിൻ്റെ പ്രതികരണം. എന്തായാലും അന്ന് ഇസ്രയേൽ ലക്ഷ്യമിട്ടത് ഇത്തവണ ഇസ്രയേൽ നടത്തിയെടുത്തിയിരിക്കുകയാണ്. ഇത്തവണ ആക്രമണം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ ഖമനേയിയെ ലക്ഷ്യം വെച്ച് ഇസ്രയേൽ ആക്രമണം നടത്തി. ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ ശനിയാഴ്ച പുലർച്ചെ ഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

Content Highlight; Supreme Leader of Iran and Key Figure in Middle East Politics; Who Is Ayatollah Ali Khamenei?

To advertise here,contact us