'ബ്രിട്ടനെ ലക്ഷ്യം വെച്ചെത്തിയ കപ്പല്.. എന്തിനു എത്തി, എപ്പോള് എത്തി എന്ന് ചോദിക്കുന്നില്ല, പക്ഷേ ആ കപ്പല് റഷ്യ അയച്ച ചാര കപ്പല് തന്നെയെന്ന് ഞങ്ങള്ക്ക് അറിയാം, അങ്ങേയറ്റം അപകടകരമായ നീക്കമാണ് റഷ്യ നടത്തിയിരിക്കുന്നത്.' സ്കോട്ട്ലന്ഡിനടുത്തുള്ള യുകെ ടെറിട്ടോറിയല് ജലാതിര്ത്തിക്ക് അടുത്തെത്തിയ റഷ്യയുടെ കപ്പലിനെ കുറിച്ച് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ് ഹേലി പറഞ്ഞ വാക്കുകള് ആണിത്. റഷ്യയുടെ യാന്തര് എന്ന് പേരിട്ടിരിക്കുന്ന ചാരക്കപ്പല് ബ്രിട്ടനില് എത്തിയത് രഹസ്യ വിവരങ്ങള് ശേഖരിക്കുന്നതിനും ബ്രിട്ടന്റെ അണ്ടര്സീ കേബിളുകള് മാപ്പ് ചെയ്യുന്നതിനും വേണ്ടിയാണ് എന്നാണ് പ്രതിരോധ സെക്രട്ടറിയുടെ വാദം. കപ്പല് ബ്രിട്ടീഷ് സമുദ്രാതിര്ത്തിയില് പ്രവേശിച്ച് ബ്രിട്ടീഷ് സൈനിക പൈലറ്റുമാര്ക്ക് നേരെ ലേസര് ആക്രമണം നടത്തത്തിയെന്ന് ആരോപിക്കുന്ന ബ്രിട്ടീഷ് പ്രതിരോധ മന്ത്രി റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന ആദ്യത്തെ ലേസര് ആക്രമണം ആണിതെന്നും പറയുകയായിരുന്നു.
ഉടന് തന്നെ ബ്രിട്ടന്റെ പ്രതിരോധ മന്ത്രിക്ക് മറുപടിയുമായി റഷ്യ രംഗത്തെത്തുകയും ചെയ്തു. 'അന്താരാഷ്ട്ര ജലാശയങ്ങളില് പ്രവര്ത്തിക്കുന്ന ഒരു സമുദ്രശാസ്ത്ര ഗവേഷണ കപ്പലാണ് യാന്തര്. ബ്രിട്ടന്റെ അണ്ടര്വാട്ടര് ആശയവിനിമയത്തെ ലക്ഷ്യം വച്ചുള്ളതോ സുരക്ഷയെ ദുര്ബലപ്പെടുത്തുന്നതോ ആയ ഒരു കാര്യവും റഷ്യ ചെയ്യുന്നില്ല' റഷ്യയുടെ എംബസിയും വ്യക്തമാക്കി.
യഥാര്ത്ഥത്തില് എന്താണ് യാന്തര് കപ്പലിന്റെ പ്രത്യേകത ? ബ്രിട്ടന് അവകാശപ്പെടുന്നതുപോലെ ഒരു ചാര കപ്പല് ആണോ യാന്തര്? റഷ്യന് പതാകയും പറത്തി സമുദ്രത്തില് കുതിച്ചോടുന്ന യാന്തര് - 'ഗവേഷണ കപ്പല്' എന്ന് ലേബല് ചെയ്തിരിക്കുന്ന ഒരു കപ്പല് ആണ്. റഷ്യയുടെ സായുധ സേനയുടെ രഹസ്യ വിഭാഗമായ മെയിന് ഡയറക്ടറേറ്റ് ഓഫ് ഡീപ്-സീ റിസര്ച്ചാണ് ഇത് പ്രവര്ത്തിപ്പിക്കുന്നത്. ഏകദേശം 112 അടി നീളമുള്ള ഈ കപ്പലില് വിവിധ ആന്റിനകളും മറ്റു ഉപകരണങ്ങളും ഉള്പ്പെടുത്തിയിട്ടുണ്ട്. സമുദ്രത്തിന്റെ ഉപരിതലത്തിനടിയിലെ ആഴത്തിലുള്ള പ്രദേശങ്ങള് പരിശോധിക്കാന് കഴിയുന്ന മിനി-സബ്മറൈനുകളുടെ മാതൃഷിപ്പായി പ്രവര്ത്തിക്കുന്നതിനായാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നതെന്ന് ആണ് പറയപ്പെടുന്നത്. യാന്തറില് സ്ഥാപിച്ചിരിക്കുന്ന രണ്ട് സബ്മെര്സിബിളുകള്ക്ക് 20,000 അടി ആഴത്തില് ഏകദേശം ടൈറ്റാനിക്ക് അവശിഷ്ടമുള്ള പ്രദേശത്തേക്കാള് ഇരട്ടി ആഴത്തിലേക്ക് സഞ്ചരിക്കാന് കഴിയുമെന്നാണ് പറയപ്പെടുന്നത്.
യുകെ അടക്കം പല പ്രതിരോധ മേഖലകളും ഈ കപ്പലിനെ റഷ്യയുടെ ചാരക്കപ്പല് ആയാണ് കണക്കാക്കുന്നത്. കപ്പലിന്റെ പെരുമാറ്റരീതികൊണ്ടും സമുദ്രങ്ങളില് ചുറ്റിത്തിരിയുന്നത് ശ്രദ്ധയില് പെട്ടതുകൊണ്ടും ആണ് ഈ ലേബല് കപ്പലിന് ലഭിച്ചത്. പടിഞ്ഞാറന് രാജ്യങ്ങളിലെ കടലിനടിയിലെ കേബിളുകള് രഹസ്യമായി മാപ്പ് ചെയ്യുന്നതിനായി റഷ്യ സമീപ വര്ഷങ്ങളില് ഒരുപാട് പഠനം നടത്തിയിട്ടുണ്ടെന്നും അതിന്റെ ഭാഗമാണ് ഈ കപ്പലിന്റെ വരവെന്നുമാണ് യുകെ അടക്കം പറയുന്നത്. അതിനാല് തന്നെ യുകെയുടെ കടലിനടിയിലെ കേബിളുകള് സംരക്ഷിക്കുന്നതില് സര്ക്കാര് നിരന്തര പ്രവര്ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നുമാണ് റിപ്പോര്ട്ടുള്ളത്.
ഇത് ആദ്യമായല്ല, റഷ്യയുടെ ഒരു ചാരനെ മറ്റു രാജ്യാതിര്ത്തിക്കുള്ളില് കണ്ടെത്തുന്നത്. മനുഷ്യരെ ഉപയോഗിച്ചുള്ള ചാരപ്രവര്ത്തനത്തിന് പിന്നാലെ മൃഗങ്ങളെ ഉപയോഗിക്കുന്നുവെന്ന നിരീക്ഷണം റഷ്യയ്ക്കെതിരെ ഉയരാന് ബെലുഗ ഇനത്തില്പ്പെട്ട ഒരു തിമിംഗലം കാരണമായിരുന്നു. ആര്ട്ടിക് മേഖലയോട് ചേര്ന്ന് കാണപ്പെട്ട ഈ തിമിംഗലം റഷ്യന് പ്രസിഡന്റ് വ്ലാദിമിര് പുടിന്റെ ചാരന് ആണെന്ന് തന്നെയാണ് കണക്കാക്കിയിരുന്നത്. പിന്നീട് ആ കുപ്രസിദ്ധനെ നോര്വീജിയന് തീരത്തിന് സമീപത്തായി ചത്ത നിലയില് കണ്ടെത്തിയിരുന്നു. ഈ തിമിംഗലത്തെ പോലെ തന്നെ സൈനിക ആവശ്യങ്ങള്ക്കായി ഡോള്ഫിനുകളെ റഷ്യ ഉപയോഗിക്കുന്നതായി നേരത്തെ റഷ്യക്കെതിരെ ആരോപണം ഉയര്ന്നിരുന്നതുമാണ്.
എന്തായാലും, ചാരനെ വിട്ടതുകൊണ്ട് കാര്യമില്ല, റഷ്യക്ക് മുന്നില് ബ്രിട്ടന് അടിയറവു പറയില്ല, യുക്രൈനെ പിന്തുണക്കുന്നതില് നിന്ന് ബ്രിട്ടന് പിന്തിരിയില്ലെന്നും ഉറച്ചു പറഞ്ഞിരിക്കുകയാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി. വര്ധിച്ചു വന്ന റഷ്യയുടെ ആക്രമണ രീതികള് മുന്നില് കണ്ടതുകൊണ്ട് ശക്തമായ തീരുമാനം തന്നെയാണ് ബ്രിട്ടനും മറ്റു യൂറോപ്യന് രാജ്യങ്ങളും റഷ്യക്ക് എതിരെ എടുത്തിരിക്കുന്നത്. സമീപ മാസങ്ങളില്, റഷ്യയില് നിന്ന് നാറ്റോയുടെ വ്യോമാതിര്ത്തിയിലേക്ക് ഡ്രോണുകള് ആവര്ത്തിച്ച് കടന്നിട്ടുണ്ട്, സമാനമായ മറ്റ് ആക്രമണങ്ങളും നടന്നിട്ടുണ്ട്. ഈ ആഴ്ച, പോളണ്ടില് നിന്ന് യുക്രൈനിലേക്കുള്ള ഒരു പ്രധാന റെയില് ട്രാക്കില് ഉണ്ടായ സ്ഫോടനത്തിന് പോളിഷ് ഉദ്യോഗസ്ഥര് റഷ്യയെ ആണ് പഴിച്ചത്. അക്രമണങ്ങള്ക്ക് ഒട്ടും കുറവ് ഇല്ലാതെ മുന്നോട്ട് പോകുന്ന റഷ്യയെയും പ്രസിഡന്റ് വ്ലാദിമിര് പുടിനെയും നിലക്ക് നിര്ത്താനുള്ള വഴികള് നോക്കുകയാണ് നാറ്റോ.
Content Highlights : Russian spy ship enters British waters and aimed lasers at military pilots.