നവംബർ17…. ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒരിക്കലും മറക്കാനിടയില്ലാത്ത തീയതി. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ഐസിടി) ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത് ഈ ദിവസമായത് കൊണ്ട് മാത്രല്ല, ഈ തീയതി ഹസീന മറക്കില്ലെന്ന് പറഞ്ഞത്, മറിച്ച് നവംബർ 17 ന് തന്നെയായിരുന്നു ഹസീനയുടെ വിവാഹവും നടന്നത് എന്നതുകൊണ്ടാണ്. കൃത്യം 58 വർഷം മുമ്പ് ഇതേ ദിവസമാണ് അവർ ബംഗ്ലാദേശിലെ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ എം എ വസീദ് മിയയെ വിവാഹം കഴിച്ചത്. ഹസീനക്ക് വധശിക്ഷ ഈ ദിവസം തന്നെ വിധിച്ചത് മനപൂർവം ആണെന്നുള്ള ആരോപണവുമായി ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ ഒരു ചർച്ച ആരംഭിച്ചിട്ടുണ്ട്.
ബംഗ്ലദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയ കേസിൽ ആണ് ദി ഇന്റർനാഷനൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ പ്രഖ്യാപിച്ചത്. ഒക്ടോബർ 23 ന് വിചാരണ പൂർത്തിയാക്കിയ ശേഷം കേസിലെ വിധിയും ശിക്ഷയും നവംബർ 14 ന് പ്രഖ്യാപിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. പിന്നീട്, നവംബർ 13 ന്, ഹസീനയ്ക്കും അവരുടെ രണ്ട് ഉന്നത സഹായികൾക്കുമെതിരായ കേസിൽ നവംബർ 17 എന്ന തീയതിയിലേ വിധി പറയൂ എന്ന് ഐസിടി പ്രഖ്യാപിച്ചെന്നാണ് റിപ്പോർട്ട്. "1967-ലെ വിവാഹ വാർഷികം മുതൽ 2025-ലെ വധശിക്ഷ വരെ…നവംബർ 17 എന്നത് ഹസീനയുടെ ജീവിതത്തിലെ ഒരു സുപ്രധാന തീയതി തന്നെ," ബംഗ്ലാദേശിലെ സെൻട്രിസ്റ്റ് നേഷൻ ടിവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
യഥാർത്ഥത്തിൽ നവംബർ 17 എന്ന തീയതി മുൻകൂട്ടി തീരുമാനിച്ചതാണോ?
ഈ തീയതി തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രമായ ദേശ് രൂപാന്തർ സമൂഹമാധ്യമങ്ങളില് കുറിച്ചിട്ടുണ്ട്. ചിലർ ഇത് യാദൃശ്ചികമാണെന്ന് പറയുന്നു, മറ്റു ചിലർ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയാണെന്നും പറയുന്നു. 'ബംഗ്ലാദേശിന്റെ ഇടക്കാല പ്രധാനമന്ത്രിയായ ഡോ. മുഹമ്മദ് യൂനസ് വളരെ ബുദ്ധിമാനാണ്. നവംബർ 17 എന്ന തീയതിക്ക് മുൻപ് വിധി വരേണ്ടതായിരുന്നു. എന്നാൽ ഹസീനയുടെ വിവാഹം നടന്ന ദിവസമായതിനാൽ മാത്രമാണ് നവംബർ 17 അദ്ദേഹം തിരഞ്ഞെടുത്തത്,' എന്നാണ് ഒരാള് ഫേസ്ബുക്കില് കുറിച്ചത്.
എങ്ങനെ ആയിരുന്നു ഷെയ്ഖ് ഹസീനയുടെ വിവാഹ ജീവിതം ?
ബംഗ്ലാദേശിന്റെ സ്ഥാപക പിതാക്കന്മാരിൽ ഒരാളായ ഷെയ്ഖ് മുജിബുർ റഹ്മാന്റെ രണ്ടാമത്തെ മകളായ ഹസീന 1967 നവംബർ 17 ന് ആണ് വസീദ് മിയയെ വിവാഹം കഴിച്ചത്. ബംഗ്ലാദേശ് ആണവോർജ്ജ കമ്മീഷന്റെ ചെയർമാനായ വസീദ് മിയ രാഷ്ട്രീയത്തെ കുറിച്ച് നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്, അതിൽ മുജിബുർ റഹ്മാനെക്കുറിച്ചുള്ള ഒരു പുസ്തകവും ഉൾപ്പെട്ടിരുന്നു. 2009 ജനുവരി 6 ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന സത്യപ്രതിജ്ഞ ചെയ്ത് ഏതാനും മാസങ്ങൾക്ക് ശേഷം ആണ് ഭർത്താവ് വസീദ് മിയ അന്തരിക്കുന്നത്.
1963 ഏപ്രിലിൽ പാകിസ്താൻ ആറ്റോമിക് എനർജി കമ്മീഷനിൽ ചേർന്ന വസീദ് മിയ, തുടക്കത്തിൽ കറാച്ചിയിലെ ആറ്റോമിക് എനർജി റിസർച്ച് സെന്ററിൽ (എഇആർസി) ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഭരണത്തിൽ ഉണ്ടായിരുന്ന പാകിസ്താൻ സർക്കാർ വസീദിനെ ജോലിയിൽ നിന്നും പല കാരണങ്ങളാൽ പിരിച്ചു വിട്ടിരുന്നു. ശേഷം 1971 ലെ വിമോചന യുദ്ധത്തിന് മുമ്പ് വസീദ് മിയ ബംഗ്ലാദേശിലേക്ക്(അന്നത്തെ കിഴക്കൻ പാകിസ്താൻ) മടങ്ങുകയായിരുന്നു. ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയ ശേഷം, അദ്ദേഹം ബംഗ്ലാദേശ് ആറ്റോമിക് എനർജി കമ്മീഷനിൽ തന്റെ ജോലി പുനരാരംഭിച്ചു.
ബംഗ്ലാദേശിൻ്റെ പ്രിയപ്പെട്ട ബീഗം സ്വന്തം ജനതയുടെ ശത്രുവായത് എങ്ങനെ ആയിരുന്നു ?
1975-ൽ പ്രധാനമന്ത്രി ഷെയ്ഖ് മുജിബുർ റഹ്മാനും കുടുംബത്തിലെ മിക്കവരും കൊല്ലപ്പെട്ടപ്പോൾ, ഷെയ്ഖ് ഹസീന ഭർത്താവ് വസീദ് മിയയോടൊപ്പം യൂറോപ്പ് സന്ദർശനത്തിൽ ആയിരുന്നു. അന്ന് ബംഗ്ലാദേശിന്റെ സൈന്യം നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഹസീന പിന്നീട് പല തവണ വധശ്രമങ്ങളെ അതിജീവിച്ചു വന്ന പ്രധാന മന്ത്രി കൂടിയാണ്. സൈന്യം പിന്തുടർന്നെത്തുമെന്ന് ഉറപ്പായിരുന്ന കാലത്ത് രക്ഷകയായി ഒരാളെത്തി. ഉറ്റ സുഹൃത്തിൻ്റെ മകൾക്ക് രാഷ്ട്രീയ അഭയം പ്രഖ്യാപിച്ചത് മറ്റാരുമല്ല, അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. അടിയന്തരാവസ്ഥയും അതിന് ശേഷമുള്ള രാഷ്ട്രീയ കോലാഹലങ്ങളുമെല്ലാം അഭിമുഖീകരിച്ച ഇന്ത്യയിലെ ഡൽഹിയിലായിരുന്നു പിന്നീടുള്ള ആറ് വർഷക്കാലം ഹസീന താമസിച്ചിരുന്നത്.
ബംഗ്ലാദേശ്, സൈന്യത്തിന്റെ കൈയിൽ ആയിരുന്ന കാലത്ത് തന്റെ രാജ്യത്തേക്ക് തിരികെ പോകാനും രാഷ്ട്രീയ പ്രവർത്തനം തുടരാനും ഹസീന അപ്പോഴും ശ്രമം നടത്തിയിരുന്നു. മുജീബുർ റഹ്മാനെ കൊലപ്പെടുത്തി ബംഗ്ലാദേശിൽ അധികാരം പിടിച്ച സിയാവുർ റഹ്മാൻന്റെ മരണത്തിനു ശേഷമായിരുന്നു ഹസീന, ബംഗ്ലാദേശ് തന്റെ കൈപ്പിടിയിൽ ആകണമെന്നുള്ള ഉറച്ച തീരുമാനത്തിൽ എത്തിയത്. സിയാവുർ റഹ്മാൻ സ്ഥാപിച്ച ബിഎൻപി (ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി) എന്ന പാർട്ടിയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ബീഗം ഖാലിദ സിയുമായി ചേർന്ന് 1981-ൽ ബംഗ്ലാദേശിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനായി ഹസീനയുടെ പിന്നീടുള്ള ശ്രമം. അങ്ങനെ പല ശ്രമങ്ങളിലൂടെ വിജയം കണ്ട് ലോകനേതാക്കൾക്കിടയിൽ ധീരതയുടെ പര്യായമായി വാഴ്ത്തപ്പെട്ട ഹസീന ജനാധിപത്യത്തിൻ്റെ മുഖമായി മാറി. പിന്നീട് 1996 ലെ തെരെഞ്ഞെടുപ്പിൽ ഖാലിദ സിയയെ പരാജയപ്പെടുത്തി ഹസീന അധികാരത്തിലേറുകയും ചെയ്തു. അങ്ങനെ പല ജയ-പരാജയങ്ങൾക്കും ശേഷം ലോകത്ത് തന്നെ ഏറ്റവും കൂടുതല് കാലം തുടർച്ചയായി പ്രധാനമന്ത്രി പദം കൈയ്യാളിയ വനിതാ ഭരണാധികാരിയും ഹസീനയായി.
പക്ഷേ..നാളുകൾക്കിപ്പുറം രാജ്യത്തെ പല കാര്യങ്ങളും ഹസീനയുടെ കൈവിട്ടു പോകാൻ തുടങ്ങിയിരുന്നു. പ്രതിപക്ഷത്തെ നിസാരമായി കണ്ട്, ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും മറികടക്കുന്ന തന്ത്രം പ്രയോഗിച്ച ഹസീനക്ക്, സംവരണ വിഷയത്തിൽ താളപ്പിഴയുണ്ടായി. വിദ്യാർത്ഥി പ്രതിഷേധത്തിൽ നിന്ന് രാജ്യം സ്തംഭിക്കുന്ന തുടർ സംഘർഷത്തിലേക്ക് അത് പിന്നീട് മാറുകയായിരുന്നു.
ഇന്നിപ്പോൾ, അധികാരം ഉപയോഗിച്ച് മാനവികതയ്ക്കു മേല് ആക്രമണം നടത്തിയതായി വിലയിരുത്തി കോടതി ഹസീനക്കെതിരെ വധശിക്ഷ വിധിക്കുമ്പോൾ, പണ്ട് 'ബംഗ്ലാദേശിൻ്റെ പ്രിയപ്പെട്ട ബീഗം' എന്നറിയപ്പെട്ടിരുന്ന വനിത, സംഘർഷങ്ങൾ നടന്ന് ഒരു വർഷമായിട്ടും ജനതയുടെ ശത്രുവായി തന്നെ തുടരുകയാണ്. എന്നിരുന്നാലും, 19 തവണ വധശ്രമങ്ങളെ അതിജീവിച്ച ഹസീന, ഇന്ത്യയിൽ കഴിയുന്ന കാലത്തോളം ഈ വധശിക്ഷാ വിധിയിൽ ഭയപ്പെടുന്നില്ലായിരിക്കാം.
Content Highlights : Hasina given death penalty on marriage anniversary date. Is it a conspiracy or a coincidence?