എന്താണ് ജെൻ സി പ്രതിഷേധത്തിൽ ലോകത്തെ വിറപ്പിക്കുന്ന ആ 'തലയോട്ടി കൊടി'?

നേപ്പാള്‍, മഡഗാസ്‌കര്‍, ഇന്തോനേഷ്യ, പെറു, ഫിലിപ്പീന്‍സ് തുടങ്ങി പല രാജ്യങ്ങളില്‍ വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാം ഉയരുന്നത് ഒരേ കൊടി

തലയോട്ടിയില്‍ മഞ്ഞ വൈക്കോല്‍ തൊപ്പിയുള്ള ആനിമേഷന്‍ രൂപം വരുന്ന ഒരു കൊടി. ലോകത്തെ പല രാജ്യങ്ങളിലെയും അധികാരികളെ വിറപ്പിക്കുകയാണ് ഈ കൊടി. കൊടുമ്പിരി കൊള്ളുന്ന ജെന്‍ സി പ്രതിഷേധങ്ങളില്‍ കാണുന്ന ഈ കടല്‍ക്കൊള്ളക്കാരുടെ പതാക (pirate flag) എന്താണ് ? ആരാണ് ?

ജപ്പാനിലെ വളരെ പ്രശസ്തമായ ആനിമേഷന്‍ സ്റ്റൈലാണ് മാങ്ക. ആ മാങ്കയിലെ ലോകമെമ്പാടും ആരാധകരുള്ള സീരിസാണ് വണ്‍ പീസ്. വണ്‍ പീസില്‍ ഒരു നായക കഥാപാത്രമുണ്ട് മങ്കി ഡി ലൂഫി. ആ കഥാപാത്രത്തെ പ്രതിനിധീകരിക്കുന്നതാണ് ഇപ്പോള്‍ ജെന്‍ സി പ്രതിഷേധങ്ങളില്‍ കാണുന്ന ഈ പ്രൈററ്റ് ഫ്ളാഗ്.

മങ്കി ഡി ലൂഫിയുടെ ക്യാരക്ടറിലെ പ്രത്യേകതകള്‍ കൊണ്ടാണ് ജെന്‍ സി പ്രതിഷേധത്തില്‍ ഈ കൊടി ഇങ്ങനെ ഉയര്‍ന്ന് പൊങ്ങുന്നത് എന്നാണ് നിരീക്ഷണങ്ങള്‍. മങ്കി ഡി ലൂഫി നിധി തേടി ഇറങ്ങുന്ന ഒരു രസമുള്ള നായകനാണ്. ലോകത്ത് നടക്കുന്ന അനീതികളോടും ജനങ്ങളെ പറ്റിക്കുന്ന ഭരണാധികാരികളോടും കലഹിക്കുന്ന ഒരാള്‍. നേരിട്ട് പോരാട്ടത്തിന് ഇറങ്ങാന്‍ ഒരു മടിയുമില്ലാത്തവന്‍.

മങ്കി ഡി ലൂഫി എന്ന ആ ചെറുപ്പക്കാരനും അവന്റെ സംഘത്തിലെ കൂട്ടുകാരും ഏത് കാലഘട്ടത്തിലെയും ന്യൂജനറേഷന് റിലേറ്റ് ചെയ്യാന്‍ കഴിയുന്നവരാണ്. അനീതിയെ ചോദ്യം ചെയ്യാനുള്ള ധൈര്യം കാണിക്കുന്നത് മാത്രമല്ല ജെന്‍ സിയ്ക്ക് മങ്കി ഡി ലൂഫിയോട് ഇത്രയും ഇഷ്ടം തോന്നാന്‍ കാരണം. ലൂഫി ഏത് സന്ദര്‍ഭത്തെയും കൂളായി നേരിടുന്ന, ഉള്ള് നിറയെ സന്തോഷവും സ്നേഹവുമുള്ള കഥാപാത്രമാണ്.

ടെംപ്ലേറ്റ് മാസ് സിനിമകളിലെ ആജാനബാഹു ശരീരമല്ല ലൂഫിയുടേത്. ഒരു സാധാരണ ചെറുപ്പക്കാരന്‍, ചെറിയ പയ്യന്‍. കൂട്ടുകാര്‍ക്കൊപ്പം രസിച്ചു നടക്കുന്ന എന്നാല്‍ പ്രശ്‌നങ്ങളില്‍ പെടുന്നവരോട് സഹാനുഭൂതിയോടെ ഇടപെടുന്ന ഒരാള്‍. സ്വാതന്ത്ര്യബോധമാണ് ലൂഫിയുടെ അടിസ്ഥാന സ്വഭാവം. ജീവിതത്തോടും ലോകത്തോടുമുള്ള ലൂഫിയുടെ നീതിബോധമുള്ള എന്നാല്‍ കൂളായ ആറ്റിറ്റിയൂഡ് ജെന്‍ സി പ്രതിഷേധക്കാരിലും കാണാം. കത്തിപ്പടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ കാണാത്ത പല രംഗങ്ങളും ജെന്‍ സി പ്രതിഷേധങ്ങളിലുണ്ടാകുന്നത് അതുകൊണ്ടാണ്. വ്ളോഗും, പ്രതിഷേധത്തിന് ശേഷമുള്ള ക്ലീനിങ്ങും ചില ഉദാഹരണങ്ങള്‍.

നേപ്പാള്‍, മഡഗാസ്‌കര്‍, ഇന്തോനേഷ്യ, പെറു, ഫിലിപ്പീന്‍സ് തുടങ്ങി പല രാജ്യങ്ങളില്‍ വ്യത്യസ്തമായ കാരണങ്ങള്‍കൊണ്ട് നടക്കുന്ന പ്രതിഷേധങ്ങളിലെല്ലാം ഒരുപോലെ ഈ വണ്‍ പീസിന്റെ കൊടി പാറികളിക്കാനുള്ള കാരണം സീരിസിന്റെ ജനപ്രിയത കൂടിയാണ്. വണ്‍ പീസാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞിട്ടുള്ള മാങ്ക സീരിസും കോമിക് സീരിസും.

എയ്ച്ചിരോ ഓഡ ആണ് വണ്‍ പീസിന്റെ രചയിതാവും ഇല്ലുസ്‌ട്രേറ്ററും. 1997 ല്‍ തുടങ്ങിയ ഈ കോമിക് സീരിസ് 112 വാല്യങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. 1999 ലാണ് കോമിക് ബുക്കില്‍ നിന്നും ആനിമേഷന്‍ സീരിസിലേക്ക് കൂടി വണ്‍ പീസ് ചുവടുവെച്ചത്. പുസ്തകത്തിനും സീരിസിനും ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. പുതിയ വാല്യത്തിനും എപ്പിസോഡിനുമായി കാത്തിരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

കോമിക് ലോകത്ത് വണ്‍ പീസ് സൃഷ്ടിച്ച റെക്കോര്‍ഡുകള്‍ ചെറുതല്ല. ഇപ്പോള്‍ ജനകീയ പ്രതിഷേധങ്ങളുടെ മുഖമായും ഈ ആനിമേഷന്‍ സീരിസ് മാറിയിരിക്കുന്നു. ഓരോ കാലഘട്ടത്തിലെയും ജനകീയ പ്രതിഷേധങ്ങളില്‍ ആ പോരാട്ടത്തിനിറങ്ങിയവരെ സ്വാധീനിച്ച ആര്‍ട്ട് വര്‍ക്കുകള്‍ ഉണ്ടായിട്ടുണ്ട്. അത് പാട്ടാകാം കഥയാകാം നാടകമാകാം സിനിമയാകാം ചിത്രങ്ങളാകാം അങ്ങനെ എന്തുമാകാം. പുതിയ തലമുറയക്ക് അത് വണ്‍ പീസാണ്, മങ്കി ഡി ലൂഫിയാണ്, ഈ കടല്‍ക്കൊള്ളക്കാരുടെ കൊടിയാണ്.

Content Highlights: What is the pirate flag in Gen Z protests mean

To advertise here,contact us