'ഓപ്പറേഷൻ സിന്ദൂറിന്റെ രണ്ടാം പതിപ്പ് ഒട്ടും വിദൂരമല്ല, ഭീകരത നിർത്തിയില്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചു നീക്കും പാകിസ്താൻ എന്ന രാജ്യത്തെ'. '1965 ലെ യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ലാഹോറിൽ എത്തിയിട്ടുള്ളതാണ്. ഇന്ന് 2025 ൽ കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണെന്ന് പാകിസ്താൻ ഓർമ്മിക്കണം.' ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പാകിസ്താന് നൽകിയ ശക്തമായ മുന്നറിയിപ്പാണ് ഇത്. ഇന്ത്യ പാകിസ്താൻ സംഘർഷത്തിൻ്റെ അലയൊലികൾ അവസാനിക്കുന്നില്ല എന്ന സൂചനകൾ തന്നെയാണ് ഈ പ്രസ്താവനകൾ നൽകുന്നതും. 'ഓപ്പറേഷൻ സിന്ദൂരിൽ കണ്ട സംയമനം ഇത്തവണ ഇന്ത്യ പാലിക്കില്ല. ഭൂപടത്തിൽ പാകിസ്താൻ്റെ സ്ഥാനം നിലനിർത്തണോ വേണ്ടയോ എന്ന് തങ്ങൾ തീരുമാനിക്കും. സൈനികരോട് തയ്യാറായിരിക്കാനും ദൈവം അനുവദിച്ചാൽ, ഉടൻ തന്നെ തിരിച്ചടിക്ക് അവസരം ലഭിക്കുമെന്നുമായിരുന്നു രാജസ്ഥാനിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പ്രതികരിച്ചത്.
രാജ്നാഥ് സിംഗിന്റെ മുന്നറിയിപ്പിന് പിന്നാലെ കരസേനാ മേധാവിയുടെ മുന്നറിയിപ്പ് കൂടി വന്നതോടെ ഇന്ത്യ ചിലത് തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ടെന്ന വിലയിരുത്തലുകളുമുണ്ട്. അതിൽ എടുത്തു പറയേണ്ടതും ചർച്ചകളിൽ സജീവമാകുന്നതും 'സർ ക്രീക്ക് ' ആണ്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി ഇന്ത്യയും പാകിസ്താനും തമ്മിൽ ഉള്ള തർക്കത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് ഇവിടം. നിയമവിരുദ്ധമായി ഈ പ്രദേശം കൈവശപ്പെടുത്താനുള്ള നീക്കം പാകിസ്താൻ നടത്തിയാൽ ചരിത്രം തന്നെ മാറിമറിയാമെന്ന് രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിൽ സർ ക്രീക് എന്ന പ്രദേശത്തിന് തന്ത്രപരമായി അത്രയേറെ പ്രാധാന്യമുണ്ടെന്ന് വ്യക്തമാണ്. എന്താണ് സർക്രീക്കിൻ്റെ പ്രത്യേകത?
ഗുജറാത്തിലെ റാൻ ഓഫ് കച്ചിനും പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കും ഇടയിലുള്ള 96km നീളമുള്ള ഇടുങ്ങിയ ജലപാതയാണിത്. ജനവാസമില്ലാത്ത ചതുപ്പുനിലമെന്നു പറയാവുന്ന ഈ മേഖല ബാൻ ഗംഗ എന്നായിരുന്നു ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇന്ത്യ-പാക് അതിർത്തി തർക്കത്തിൽ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധിയുടെ പേര് ഈ പ്രദേശത്തിന് നൽകിയതോടെ അത് സർ ക്രീക്ക് ആയി. പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ പ്രദേശത്തിൻ്റെ പേരിലുള്ള തർക്കം. സർ ക്രീക്കിന്റെ പകുതിയും തങ്ങളുടേതാണെന്നാണ് ആണ് ഇന്ത്യ വാദിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി ക്രീക്കിന്റെ മധ്യത്തിലൂടെ പോകണമെന്ന് ഇന്ത്യയും ഇന്ത്യയോട് ചേർന്നുള്ള കിഴക്കൻ തീരത്തുകൂടി പോകണമെന്ന് പാകിസ്താനും ആവശ്യപ്പെട്ടിരുന്നു. ഇനി എന്തുകൊണ്ട് ആണ് ഈ മേഖലക്ക് ഇത്ര പ്രാധാന്യം ?
ഈ മേഖല കൈവശമുള്ള രാജ്യത്തിന് തന്ത്രപരമായ മേൽക്കൈ ലഭിക്കും. സർ ക്രീക്കിന് ചുറ്റുമുള്ള വെള്ളവും കടൽത്തീരവും എണ്ണ, പ്രകൃതി വാതക നിക്ഷേപങ്ങളാൽ സമ്പന്നമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹൈഡ്രോകാർബൺസ്, മൽസ്യബന്ധനം എന്നിവയാൽ സമ്പന്നവുമാണിവിടം. 2019 മുതൽ പാകിസ്താൻ ഇവിടെ സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. പുതിയ ക്രീക്ക് ബറ്റാലിയനുകൾ, തീരദേശ പ്രതിരോധ ബോട്ടുകൾ, മറൈൻ ആക്രമണ കപ്പലുകൾ, റഡാറുകൾ, മിസൈലുകൾ, നിരീക്ഷണ വിമാനങ്ങൾ എന്നിങ്ങനെ പാക് സൈനിക വിന്യാസം ഇവിടെ ശക്തമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ വ്യോമ പ്രതിരോധവും പാകിസ്താൻ കരുത്തുറ്റതാക്കിയിട്ടുണ്ട്. എന്നാൽ ഇതിന് പിന്നാലെ സർ ക്രീക്കിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. കറാച്ചി തുറമുഖത്തേക്ക് നേരിട്ട് സമുദ്രം വഴിയുള്ള പ്രവേശന മേഖല കൂടിയാണിത്. അതുകൊണ്ട് തന്നെയാണ് കറാച്ചിയിലേക്കുള്ള റോഡ് സർ ക്രീക്കിലൂടെയാണെന്ന് രാജ്നാഥ് സിംഗ് പാകിസ്താന് മുന്നറിയിപ്പ് നൽകിയതും.
പാകിസ്താനെ സംബന്ധിച്ചിടത്തോളം സർ ക്രീക്ക് കൈപ്പിടിയിൽ അയാൾ സൈനീക നീക്കത്തിലും തന്ത്രപരമായ മേൽക്കൈ ലഭിക്കും. ഒരു യുദ്ധസമാന സാഹചര്യത്തിൽ ഇന്ത്യൻ അതിർത്തികളിലേയ്ക്ക് പെട്ടെന്ന് എത്തിച്ചേരാനുള്ള വഴിയാകും ഇത്. കൂടാതെ ഈ പ്രദേശത്ത് യുദ്ധക്കപ്പലുകൾ വിന്യസിച്ചാൽ ഗുജറാത്ത് തീരത്തിന് സമീപമുള്ള സമുദ്ര പാതകളിൽ സുരക്ഷയും സ്വാധീനവും വർധിപ്പിക്കാനും പാകിസ്താന് സാധിക്കും. മാത്രമല്ല റാൻ ഓഫ് കച്ചിനെ രാജ്യത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട പുനരുപയോഗിക്കാവുന്ന ഊർജ്ജോത്പാദന മേഖലയാക്കി മാറ്റാനുള്ള ശ്രമം നടന്ന് വരികയാണ്. അദാനി അംബാനി ഗ്രൂപ്പുകൾ ഇവിടെ കോടിക്കണക്കിന് രൂപയാണ് മുതൽ മുടക്കിയിരിക്കുന്നത്. 2070 ഓടെ നെറ്റ്-സീറോ കാർബൺ ബഹിർഗമനം എന്ന ലക്ഷ്യം കൈവരിക്കുക, 2030 ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം നേടുക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള രാജ്യത്തിൻ്റെ നീക്കത്തിന് കച്ചിൻ്റെ പ്രധാന്യം അതിനാൽ തന്നെ വളരെ വലുതാണ്. സർ ക്രീക്കിൽ പാകിസതാൻ ഏകപക്ഷീയമായി ആധിപത്യം സ്ഥാപിച്ച് മുന്നോട്ട് പോയാൽ പുനരുപയോഗിക്കാവുന്ന ഊർജ്ജോത്പാദനവുമായി ബന്ധപ്പെട്ട ഇന്ത്യൻ പദ്ധതികൾക്കും അത് വെല്ലുവിളിയായേക്കാം.
മറ്റൊരു കാര്യം, സർ ക്രീക്കിനെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ പാക് സൈന്യവുമായി മാത്രം ബന്ധപ്പെട്ടതല്ല എന്നുള്ളതാണ്. ഭീകര നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്ക് ഈ മേഖല ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നും ഇന്ത്യ സംശയിക്കുന്നുണ്ട്. 2018 - 2019 വർഷങ്ങളിൽ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും നടത്തുന്നു എന്ന് സംശയിക്കുന്ന ബോട്ടുകൾ ഇന്ത്യ ഈ പ്രദേശത്ത് തടഞ്ഞിട്ടുമുണ്ട്. പാകിസ്താൻ ആസ്ഥാനമായുള്ള സംഘടനയായ ജെയ്ഷെ മുഹമ്മദ് കടലിനടിയിലൂടെയും അക്രമണങ്ങൾ നടത്തുന്നു എന്ന് അവകാശപ്പെട്ട് അന്നത്തെ നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ് മറ്റ് ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
പതിറ്റാണ്ടുകളായി നിരവധി തവണ ഉഭയകക്ഷി ചർച്ചകൾ നടന്നിട്ടും, സർ ക്രീക്ക് പ്രശ്നം പരിഹരിക്കപ്പെടാതെ ഇന്നും തുടരുകയാണ്. ഈ വിഷയത്തിൽ അറബിക്കടലിലെ സമുദ്രാതിർത്തി നിർണ്ണയിക്കുന്നതിനാണ് ഇന്ത്യ ആദ്യം മുൻഗണന നൽകുന്നത്. അതിനാൽ പാകിസ്താന്റെ ഏതൊരു നീക്കവും ശ്രദ്ധയോടെ ഇന്ത്യ വീക്ഷിക്കുമെന്ന് ഉറപ്പുമാണ്. ഈ കാര്യങ്ങൾ എല്ലാം ചേർത്ത് വായിക്കുമ്പോൾ സർ ക്രീക്കിനു തന്ത്ര പ്രധാനമായ ഒരു സ്ഥാനം ഇന്ത്യ പാക് അതിർത്തി തർക്കത്തിൽ ഉണ്ടെന്ന് തന്നെയാണ് മനസിലാക്കേണ്ടത്.
Content Highlights: India-Pak border dispute and the significance of Sir creek.